ഗൗരി ലങ്കേഷ് വധം: പ്രധാനമന്ത്രിയുടെ മൗനത്തില്‍ പ്രതിഷേധമുയര്‍ത്തി സഹോദരി

Posted on: October 7, 2017 9:33 am | Last updated: October 7, 2017 at 9:33 am

ബെംഗളുരു: മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം തുടരുന്നതിനെതിരെ പ്രതിഷേധമുയര്‍ത്തി സഹോദരി കവിതാ ലങ്കേഷ്. ഇത്തരം കൊലപാതകങ്ങളെ രാഷ്ട്രീയം നോക്കാതെ അപലപിക്കണമെന്നും പ്രധാനമന്ത്രി അടക്കമുള്ളവരാണ് മരണം ആഘോഷിക്കുന്നവരുടെ പിന്‍ബലമെന്നും കവിത തുറന്നടിച്ചു.
പുരോഗമന ആശയങ്ങളെ എതിര്‍ക്കുന്ന തീവ്രവാദ സ്വാഭാവമുള്ളവരാണ് ഗൗരിയുടെ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് പറഞ്ഞ കവിത കര്‍ണാടക പോലീസിന്റെ അന്വേഷണത്തില്‍ തൃപ്തി രേഖപ്പെടുത്തി. ഗൗരിയുടെ കുടുംബത്തിന് കേരളത്തിലെ ജനങ്ങള്‍ നല്‍കുന്ന മാനസിക പിന്തുണ വളരെ വലുതാണ്. ഗൗരിയുടെ ഘാതകരെ കണ്ടെത്തി ശിക്ഷിക്കുന്നത് രാജ്യത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിര്‍ഭയരായി പ്രവര്‍ത്തിക്കാന്‍ മനോവീര്യം നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഗൗരി ലങ്കേഷിന്റെ വധത്തില്‍ പ്രധാനമന്ത്രി മൗനം പാലിക്കുന്നതിനെ ചോദ്യം ചെയ്ത് നടന്‍ പ്രകാശ് രാജും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഡി വൈ എഫ് ഐ കര്‍ണാടക സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടനവേദിയിലായിരുന്നു കടുത്ത പരാമര്‍ശങ്ങള്‍.
അതിനിടെ, ഗൗരി ലങ്കേഷിനെക്കുറിച്ച് ചലച്ചിത്രം നിര്‍മിക്കുന്നതിനെതിരെയും കുടുംബം രംഗത്തെത്തിയിട്ടുണ്ട്. ഉദ്യമത്തില്‍ നിന്ന് പിന്തിരിയണമെന്ന് ഗൗരിയുടെ മാതാവ് ഇന്ദിരാ ലങ്കേഷ് സംവിധായകന്‍ എം ആര്‍ രമേഷിനോട് ആവശ്യപ്പെട്ടു. രാജീവ് ഗാന്ധി വധം, അയോധ്യാ കലാപം, വീരപ്പന്‍ വേട്ട എന്നിവയെക്കുറിച്ച് ചലച്ചിത്രങ്ങള്‍ നിര്‍മിച്ച സംവിധായകനാണ് എം ആര്‍ രമേഷ്.