സ്‌കൂള്‍ കലോത്സവം അടിമുടി മാറുന്നു; ഘോഷയാത്രയില്ല

Posted on: October 6, 2017 11:59 pm | Last updated: October 6, 2017 at 11:59 pm

തിരുവനന്തപുരം: സ്‌കൂള്‍ കലോത്സവ മാന്വല്‍ പരിഷ്‌കരിച്ച് സര്‍ക്കാര്‍ ഉത്തരവായി. പുതിയ പരിഷ്‌കരണമനുസരിച്ച് ഇനി മുതല്‍ ഘോഷയാത്രയുണ്ടാകില്ല. നാടോടി നൃത്തത്തിന് ആഡംബരമധികമായാല്‍ മാര്‍ക്ക് കുറക്കുന്നതടക്കമുള്ള ശിപാര്‍ശകള്‍ ഡി പി ഐ അംഗീകരിച്ചു. പുതിയ പരിഷ്‌കാരങ്ങള്‍ തൃശൂര്‍ മേള മുതല്‍ നടപ്പാക്കും.

ഘോഷയാത്ര ഒഴിവാക്കി പകരം ഉദ്ഘാടന വേദിക്ക് സമീപം സാംസ്‌കാരിക ദൃശ്യവിരുന്നൊരുക്കും. വിദ്യാര്‍ഥികളെ വെയിലത്ത് നടത്തരുതെന്ന ബാലാവകാശ കമ്മീഷന്റെ ശിപാര്‍ശ കണക്കിലെടുത്താണ് ഘോഷയാത്ര ഒഴിവാക്കിയത്. ഇനി മുതല്‍ മിമിക്രിയില്‍ ആണ്‍ പെണ്‍ വ്യത്യാസമില്ല. കഥകളി സിംഗിളും ഗ്രൂപ്പും കഥാപ്രസംഗവും സംഘഗാനവും പൊതു മത്സരങ്ങളാകും. എ ഗ്രേഡ് ലഭിക്കുന്നവര്‍ക്ക് ഒറ്റത്തവണ സാംസ്‌കാരിക സ്‌കോളര്‍ഷിപ്പ് അനുവദിക്കും. ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങളില്ല. എ ബി സി ഗ്രേഡുകള്‍ നിലനിര്‍ത്താന്‍ തീരുമാനിച്ചു.

സംഗീത-നൃത്ത മത്സരങ്ങള്‍ക്ക് ശേഷം വൈവാ മാതൃകയില്‍ വിധികര്‍ത്താക്കളുടെ ചോദ്യങ്ങളും വേണം. ഓരോ ഇനങ്ങളിലുമുള്ള മത്സരാര്‍ഥികളുടെ അറിവും കൂടി ചേര്‍ത്ത് വേണം ഗ്രേഡ് നിശ്ചയിക്കാന്‍. ആടയാഭരണങ്ങള്‍ അമിതമായാല്‍ മൈനസ് മാര്‍ക്കിടും. ഇതടക്കം എല്ലാ ഇനങ്ങളുടെയും നിയമാവലി പരിഷ്‌കരിക്കാന്‍ ശിപാര്‍ശയുണ്ട്. ഡി പി ഐയുടെ നേതൃത്വത്തിലുള്ള 11 അംഗ സമിതിയുടെ ശിപാര്‍ശയില്‍ സര്‍ക്കാറിന്റെ അന്തിമ തീരുമാനം നിര്‍ണായകമാണ്.

ഈ ശിപാര്‍ശ നടപ്പായാല്‍ അഴിമതിയില്‍ മുങ്ങിയ സ്‌കൂള്‍ യുവജനോത്സവത്തെ രക്ഷപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പണക്കൊഴുപ്പില്‍ പലരും മത്സര വേദിയില്‍ തമ്മിലടിക്കുമ്പോള്‍ ഈ നിര്‍ദേശങ്ങള്‍ നടപ്പായാല്‍ പാവപ്പെട്ട വീടുകളിലെ കലാകാരന്മാര്‍ക്കും അവസരം ഒരുങ്ങും. എസ് എസ് എല്‍ സി പരീക്ഷക്ക് ലഭിക്കുന്ന ഗ്രേസ് മാര്‍ക്കും കലാതിലക, കലാപ്രതിഭ പട്ടങ്ങളുമാണ് രക്ഷിതാക്കളെയും കുട്ടികളെയും കൂടുതലായും ഇതിലേക്ക് ആകര്‍ഷിക്കുന്നത്. ഇതിനൊക്കെ ഒരു പരിധി വരെ തടയിടാന്‍ ഈ നിര്‍ദേശങ്ങള്‍ക്കാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഈ വര്‍ഷം മുതല്‍ പരിഷ്‌കരിച്ച മാന്വല്‍ പ്രകാരമായിരിക്കും മത്സരങ്ങള്‍ സംഘടിപ്പിക്കുകയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.