മോദി, പ്രസംഗിച്ച് ജനങ്ങളെ പറ്റിക്കുകയാണ്: രാജ് താക്കറെ

Posted on: October 5, 2017 9:08 pm | Last updated: October 6, 2017 at 12:39 pm

മുംബൈ: പ്രസംഗിച്ചു ജനങ്ങളെ പറ്റിക്കുന്ന പ്രധാനമന്ത്രിയാണ് മോദിയെന്ന് രാജ് താക്കറെ. ഇങ്ങനെ ജനങ്ങളെ സംസാരിച്ചു പറ്റിച്ച് മോദിക്ക് എത്ര കാലം വരെ മുന്നോട്ടു പോകാനാകുമെന്ന് താക്കറെ ചോദിച്ചു. ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു തുടങ്ങി. ഭരണത്തിന്റെ തുടക്കക്കാലത്ത് മോദിയില്‍ വിശ്വാസമുണ്ടായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ വഞ്ചിക്കപ്പെട്ട തോന്നലാണെന്നും രാജ് പറഞ്ഞു.

എല്‍ഫിന്‍സ്റ്റണ്‍ റെയില്‍വേസ്‌റ്റേഷനില്‍ കാല്‍നടപ്പാതയിലെ തിരക്കില്‍പ്പെട്ട് 23 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി സംഘടിപ്പിച്ച പ്രകടനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗത്ത് മുംബൈയിലെ ചര്‍ച്ച്‌ഗേറ്റ് റെയില്‍വേസ്‌റ്റേഷനു മുന്നിലേക്കായിരുന്നു പ്രകടനം.

2014ല്‍ മോദിയെ പ്രധാനമന്ത്രിസ്ഥാനത്തേക്കു നിര്‍ദേശിച്ചപ്പോള്‍ പിന്തുണ പ്രഖ്യാപിച്ച നേതാവായിരുന്നു രാജ് താക്കറെ. പക്ഷേ കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ട് രാജ്യത്ത് വികസനം നാമമാത്രമായതാണ് തന്നെ ദേഷ്യപ്പെടുത്തുന്നതെന്നും രാജ് താക്കറെ പറഞ്ഞു.