ഭീകരതയെ അനുകൂലിക്കുന്നത് പാക്കിസ്ഥാന്‍ നിര്‍ത്തിയില്ലെങ്കില്‍ ശക്തമായ നടപടിയെന്ന് അമേരിക്ക

Posted on: October 5, 2017 7:01 pm | Last updated: October 5, 2017 at 8:30 pm

വാഷിങ്ടന്‍: ഭീകരതയെ അനുകൂലിക്കുന്ന ശൈലി മാറ്റിയില്ലെങ്കില്‍ പാക്കിസ്ഥാനെതിരെ കടുത്ത നടപടികള്‍ എടുക്കുമെന്ന മുന്നറിയിപ്പുമായി യുഎസ്. യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസാണ് പാക്കിസ്ഥാനെതിരെയുള്ള യുഎസ് നിലപാട് വ്യക്തമാക്കിയത് പറഞ്ഞത്. അടുത്തിടെ ഇന്ത്യ സന്ദര്‍ശിച്ച ജിം മാറ്റിസ്, കഴിഞ്ഞ ദിവസം പാക്ക് – ചൈന സാമ്പത്തിക ഇടനാഴിക്കെതിരെയും നിലപാടെടുത്തിരുന്നു.

ഇന്ത്യയില്‍ നിന്നു ഭീഷണിയുണ്ടെന്ന ഒഴികഴിവു പറഞ്ഞു പാക്കിസ്ഥാന്‍ ഭീകരര്‍ക്കു താവളമൊരുക്കുന്നതു തുടരുകയാണെന്നും ഉപരോധം അടക്കമുള്ള കര്‍ശന നടപടികളുണ്ടാകുമെന്നും യുഎസ് മുന്‍പും പറഞ്ഞിട്ടുണ്ട്. നയതന്ത്രതലത്തില്‍ ഒറ്റപ്പെടുത്തിയും അമേരിക്കയുമായുള്ള നാറ്റോ ഇതര സഖ്യകക്ഷിയെന്ന സ്ഥാനം ഇല്ലാതാക്കിയും പാക്കിസ്ഥാനെ പ്രയാസത്തിലാക്കുമെന്നാണ് കഴിഞ്ഞദിവസം ജിം മാറ്റിസ് ശക്തിയുക്തം ആവര്‍ത്തിച്ചത്.