താനൊരു അഭിനേതാവാണ്, തന്നേക്കാള്‍ മികച്ച നടനാണ് നരേന്ദ്ര മോദിയെന്ന് നടന്‍ പ്രകാശ്‌രാജ്

Posted on: October 2, 2017 6:26 pm | Last updated: October 3, 2017 at 9:47 am

ബെംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധത്തില്‍ മൗനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ പ്രകാശ് രാജ്. താനൊരു അഭിനേതാവാണ്, തന്നേക്കാള്‍ മികച്ച നടനാണ് നരേന്ദ്രമോദിയെന്നും അതിനാല്‍ തനിക്ക് ലഭിച്ച അഞ്ച് ദേശീയ അവാര്‍ഡുകള്‍ അദ്ദേഹത്തിന് നല്‍കണമെന്നും പ്രകാശ് രാജ് പറഞ്ഞു.

ഡിവൈഎഫ്‌ഐയുടെ 11ാം സംസ്ഥാന സമ്മേളനം ബെംഗളൂരൂവില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘ഗൗരി ലങ്കേഷിനെ കൊന്നവരെ പിടിക്കുകയോ പിടിക്കാതിരിക്കുകയോ ചെയ്യാം. എന്നാല്‍, അതിനേക്കാള്‍ അസ്വസ്ഥത സൃഷ്ടിക്കുന്നത് ആ മരണം സോഷ്യല്‍മീഡിയയില്‍ ആഘോഷിക്കുന്നതു കാണുമ്പോഴാണ്. ആഘോഷിക്കുന്നവരെ നമുക്കറിയാം. ഇവരില്‍ ചിലര്‍ നമ്മുടെ പ്രധാനമന്ത്രിയെ പിന്തുടരുന്നവരാണ്. എന്നാല്‍ ഇതിനോടെല്ലാം പ്രധാനമന്ത്രി ഇപ്പോഴും കണ്ണടയ്ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സോഷ്യല്‍ മീഡിയയില്‍ തീവ്ര വലതുപക്ഷം ഗൗരിയുടെ കൊലപാതകം ആഘോഷിക്കുകയാണ്. ഗൗരിയുടെ ഘാതകരെ ഇതുവരെ പിടികൂടാനായിട്ടില്ലെന്നും പ്രകാശ് രാജ് തുറന്നടിച്ചു.

ഗൗരിയുടെ പിതാവ് ലങ്കേഷ് തനിക്ക് ഗുരുതുല്യനായിരുന്നുവെന്നും ഗൗരിയെ 35 വര്‍ഷമായി അടുത്തറിയാമായിരുന്നുവെന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു.