ഗുജറാത്തില്‍ ഗാര്‍ബയില്‍ പങ്കെടുത്ത ദളിത് യുവാവിനെ മേല്‍ജാതിക്കാര്‍ മര്‍ദിച്ചുകൊന്നു

Posted on: October 2, 2017 1:40 pm | Last updated: October 2, 2017 at 6:40 pm

അഹ്മദാബാദ്: ഗുജറാത്തില്‍ നവരാത്രി പരിപാടികളുടെ ഭാഗമായുള്ള ഗാര്‍ബ ആഘോഷത്തില്‍ പങ്കെടുത്ത ദളിത് യുവാവിനെ മേല്‍ജാതിക്കാര്‍ മര്‍ദിച്ചുകൊന്നു. ആനന്ദ ജില്ലയിലെ ഭദ്രാനിയ ഗ്രാമത്തില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. 21 വയസ്സുകാരനായ ജയേഷ് സോളങ്കിയെയാണ് മേല്‍ജാതിക്കാരായ പട്ടേല്‍ സമുദായക്കാര്‍ കൊലപ്പെടുത്തിയത്.

ജയേഷ് സോളങ്കിയും ബന്ധുവായ പ്രകാശ് സോളങ്കിയും സുഹൃത്തുക്കള്‍ക്കൊപ്പം ഗാര്‍ബ നടക്കുന്ന ക്ഷേത്രത്തിന് സമീപം ഇരിക്കവെ പട്ടേല്‍ സമുദായത്തില്‍ പെട്ട ഒരാള്‍ ഇവരെ ജാതീയമായി അധിക്ഷേപിക്കുകയും ഗാര്‍ബ കാണാന്‍ ഇവര്‍ക്ക് അവകാശമില്ലെന്ന് പറഞ്ഞ് അപമാനിക്കുകയും ചെയ്തു. ഇതിന് പിന്നാലെ കൂടുതല്‍ പേരെ വിളിച്ചുകൂട്ടി ദളിത് യുവാക്കളെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനിടെ തല മതിലില്‍ ഇടിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ ജയേഷ് സോളങ്കിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവവുമായി ബന്ധപ്പെട്ട് പട്ടേല്‍ സമുദായ അംഗങ്ങളായ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തില്‍ ദളിതര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ ഒടുവിലത്തെതാണ് യുവാവിന്റെ മരണം. കഴിഞ്ഞ ദിവസം, മീശ വെച്ചതിന് ദളിത് യുവാവിന് മര്‍ദനമേറ്റിരുന്നു.