Connect with us

Articles

ഈ മാന്ദ്യം സാങ്കേതികമല്ല

Published

|

Last Updated

ഒടുവില്‍ ആ സത്യം അതിന്റെ ഉടുപുടവ നീക്കി പുറത്തുവന്നിരിക്കുന്നു. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഗവേഷണ സ്ഥാപനങ്ങള്‍ക്കും പുറമെ ഇന്ത്യയുടെ സാമ്പത്തിക ഉപദേഷ്ടാവും ആ യാഥാര്‍ഥ്യം ഏറ്റു പറഞ്ഞിരിക്കുന്നു. എന്തൊക്കെയാണ് നമ്മുടെ സമ്പദ്ഘടനക്കു സംഭവിച്ചത്? എന്തൊക്കെയാണ് ഭരണകൂടത്തിന്റെ നയവൈകല്യങ്ങള്‍? ഇന്ത്യയുടെ പശ്ചാത്തല ചിത്രം മനസ്സിലാക്കി വേണം നമുക്ക് ഈ പ്രശ്‌നങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്താന്‍.
ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ സങ്കീര്‍ണ സ്വഭാവമാണ് ആദ്യം മനസ്സിലാക്കേണ്ടത്. നൂറ്റി മുപ്പത് കോടി ജനങ്ങളുമായി ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഭൂവിസ്തൃതിയില്‍ ഏഴാം സ്ഥാനം. വിഭിന്നങ്ങളായ ദേശീയബോധവും ഭാഷാ വൈവിധ്യങ്ങളും സാംസ്‌കാരിക വ്യതിരിക്തതകളും പ്രാദേശികതകളും നിലനില്‍ക്കുന്ന അതിസങ്കീര്‍ണമായ ഒരു രാഷ്ട്രമാണ് ഇത്. ഒരു വശത്ത് ദിനം പ്രതി ദശകോടികള്‍ സമ്പാദിക്കുന്ന കോടീശ്വരന്മാരും മറുവശത്ത് ഒരു തൊഴില്‍ പോലും ലഭിക്കാതെ അരപ്പട്ടിണിയിലും മുഴുപ്പട്ടിണിയിലുമായി തെരുവോരങ്ങളില്‍ ജീവിക്കുന്ന കോടിക്കണക്കിനു മനുഷ്യരും. ഈയൊരു പശ്ചാത്തലത്തെ ഉള്‍ക്കൊള്ളാതെ ഏകശിലാത്മകമായ ഒരു രാഷ്ട്രമായി ഇന്ത്യയെ പരിഗണിച്ചതാണ് ഈ സര്‍ക്കാര്‍ ചെയ്ത ഒന്നാമത്തെ തെറ്റ്.
ഭരണനിര്‍വഹണത്തിലെ വികേന്ദ്രീകരണ സ്വഭാവം മാറ്റിമറിച്ച് കൂടുതല്‍ക്കൂടുതല്‍ കേന്ദ്രീകൃത സ്വഭാവത്തിലേക്ക് പരിവര്‍ത്തിപ്പിച്ചതാണ് രണ്ടാമത്തെ തെറ്റ്. എന്നു മുതലാണ് രാജ്യത്ത് ഇപ്പോഴുണ്ടായ സാമ്പത്തിക മാന്ദ്യം തുടങ്ങിയത് എന്നു ചോദിച്ചാല്‍ 2014 മുതല്‍ എന്ന് ഉത്തരം നല്‍കാന്‍ സാധിക്കും. അതായത് മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍. അന്ന് സെന്‍സെക്‌സ് സൂചിക ഇരുപതിനായിരത്തിനടുത്ത് ഉണ്ടായിരുന്നത് മോദിയുടെ സ്ഥാനാരോഹണത്തോടെ മുപ്പതിനായിരത്തിനു തൊട്ടു താഴെ വരെ എത്തിയിരുന്നു. ആ കുതിച്ചുചാട്ടം വെറും മനഃശാസ്ത്രപരമായിരുന്നു എന്നതാണ് സത്യം. കാരണം അഴിമതിയില്‍ മുങ്ങിക്കുളിച്ച രണ്ടാം യു പി എ ഭരണത്തിന് അറുതി വരുത്തി പുതിയൊരു സര്‍ക്കാര്‍ നിലവില്‍ വന്നതും ആ രാഷ്ട്രീയ സംഘത്തിന്റെ സാമ്പത്തിക നിലപാടുകള്‍ കൂടുതല്‍ കോര്‍പ്പറേറ്റ്‌വത്കൃതമായതും മാധ്യമങ്ങള്‍ ഊതിപ്പെരുപ്പിച്ച മോദിയുടെ വികസന ഇമേജുമൊക്കെയാണ് ആ ഓഹരി സൂചികാ മുന്നേറ്റത്തിന്റെ കാരണങ്ങള്‍. പിന്നീടു വന്ന, കമ്പനികളുടെ സാമ്പത്തിക പാദവാര്‍ഷിക റിപ്പോര്‍ട്ടുകളില്‍ കമ്പനികള്‍ മികവു പുലര്‍ത്തിയതിനു കാരണമാകട്ടെ, അതിനു മുന്നേ മന്‍മോഹന്‍ സര്‍ക്കാര്‍ കൈക്കൊണ്ട സാമ്പത്തിക നയങ്ങളുടെയും റിസര്‍വ് ബേങ്കിന്റെ ഇടപെടലുകളുടെയും ഫലമായിരുന്നു. സാന്ദര്‍ഭികമായി പറയട്ടെ, രഘുറാം രാജന്‍ എന്ന റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ ഇന്ത്യന്‍ സമ്പദ്ഘടനക്കു പകര്‍ന്നു നല്‍കിയ കരുത്ത് ചില്ലറയല്ല. (ഈയിടെ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ “ഐ ഡു വാട്ട് ഐ ഡു” എന്ന പുസ്തകം റിസര്‍വ് ബേങ്കിന്റെ ദീര്‍ഘവീക്ഷണങ്ങളും അദ്ദേഹത്തിന്റ സുചിന്തിത നിലപാടുകളും വ്യക്തമാക്കുന്നുണ്ട്).
അധികാരമേറ്റയുടന്‍ മോദി സര്‍ക്കാര്‍ നടത്തിയ സാമ്പത്തിക പരിഷ്‌കാരം പ്ലാനിംഗ് കമ്മീഷന്‍ പിരിച്ചുവിടുക എന്നതായിരുന്നു. ലോകപ്രസിദ്ധമായ ഇന്ത്യയുടെ പഞ്ചവത്സര പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നത് പ്ലാനിംഗ് കമ്മീഷന്‍ ആയിരുന്നു. ആ പ്ലാനിംഗുകള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ ആ ഭരണഘടനാപരമായ സംവിധാനത്തിന് സാധിച്ചിരുന്നു. പ്ലാനിംഗ് കമ്മീഷനു ബദലായി മോദി അവതരിപ്പിച്ചത് “നിതി ആയോഗ്” എന്ന ഒരു തിങ്ക്ടാങ്ക് ആണ്. തിങ്ക്ടാങ്കിനെ നാം മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്താല്‍ ആലോചനാ സംവിധാനം എന്നു പറയാം. അതായത് സര്‍ക്കാര്‍ നടപ്പിലാക്കേണ്ട സാമ്പത്തിക നയങ്ങള്‍ ആലോചന നടത്തി സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തുക എന്നതു മാത്രമാണ് നിതി ആയോഗിന്റെ നിയോഗം. ആ ടാങ്കിനകത്തു നടക്കുന്ന പുകച്ചിലുകളുടെ ഫലമാണ് ചെയര്‍മാന്‍ സ്ഥാനത്തിരുന്ന അരവിന്ദ് പനഗരിയ സ്ഥാനമൊഴിഞ്ഞത്.
സര്‍ക്കാറിനു മുമ്പില്‍ പദ്ധതികള്‍ അവതരിപ്പിക്കുക എന്നതു മാത്രമാണ് നിതി ആയോഗിന്റെ ദൗത്യം എന്നതാണ് അതിന്റെ ഏറ്റവും വലിയ ന്യൂനത. വെറുമൊരു പ്രസന്റേറ്റര്‍. നടേ പറഞ്ഞ അതിസങ്കീര്‍ണതകള്‍ക്കിടയില്‍ നാമമാത്രമായ ഉത്തരവാദിത്വങ്ങളുള്ള ഒരു സര്‍ക്കാര്‍ സ്ഥാപനം യഥാര്‍ഥത്തില്‍ പരാജയമായിരിക്കും. ആ പരാജയം തന്നെയാണ് ഇപ്പോള്‍ വെളിപ്പെട്ട മാന്ദ്യത്തിന്റെ ഒന്നാം കാരണം.
കൊച്ചുകുട്ടികള്‍ക്കു പോലുമറിയുന്ന മറ്റൊരു കാരണം നോട്ടു നിരോധനമാണ്. പൊടുന്നനെ ഒരു രാത്രിയില്‍ അന്നുവരെ നിലവിലുണ്ടായിരുന്ന 80 ശതമാനത്തോളം മൂല്യം മതിക്കുന്ന നോട്ടുകള്‍ സര്‍ക്കാര്‍ നിരോധിച്ചു. പിന്‍വലിക്കപ്പെട്ട തുകക്കു സമാന മൂല്യമുള്ള പുതിയ നോട്ടുകള്‍ വിതരണത്തിനായി തയ്യാറായിട്ടുണ്ടാകും എന്നായിരുന്നു ആദ്യ നാളുകളില്‍ എല്ലാവരും കരുതിയത്. എന്നാല്‍ ബേങ്കുകള്‍ക്കു മുമ്പിലെ വരിനില്‍ക്കല്‍ അനന്തമായി നീളുകയും ഒരു ദിവസം മാറ്റിയെടുക്കാന്‍ സാധിക്കുന്ന തുക നാലായിരമായി പരിമിതപ്പെടുത്തുകയും ചെയ്തപ്പോള്‍ ആ പ്രഖ്യാപനം വെറും ഉറക്കപ്പേച്ചായിരുന്നു എന്ന് പൊതുജനത്തിനു ബോധ്യമായി. നോട്ടു നിരോധനം എത്ര ഭീകരമായി പരാജയപ്പെട്ടു എന്ന് ഇനി വിശദീകരിക്കേണ്ട ആവശ്യമില്ല. എങ്കിലും ഒരുനാള്‍ ഇന്ത്യയിലെ കള്ളപ്പണമെല്ലാം തിരിച്ചുപിടിക്കാനും ഭീകരവാദം അമര്‍ച്ച ചെയ്യാനും കള്ളനോട്ടടി ഇല്ലാതാക്കാനുമൊക്കെ അതിനു സാധിക്കും എന്ന് നമ്മള്‍ ആശിച്ചു. ഒടുവില്‍ നോട്ടുനിരോധന പ്രഖ്യാപനം കഴിഞ്ഞ് ഒരു വര്‍ഷമാകാറായിട്ടും തിരിച്ചു വന്ന നോട്ടുകള്‍ പോലും എണ്ണിത്തീര്‍ന്നിട്ടില്ല എന്നറിയുന്നിടത്താണ് അതിന്റെ മുന്നൊരുക്കങ്ങള്‍ എത്രമാത്രമായിരുന്നെന്നും നാം എത്ര ഭീകരമായാണ് കബളിപ്പിക്കപ്പെട്ടതെന്നും മനസ്സിലാകുന്നത്. നിരോധിത നോട്ടുകളുടെ 99 ശതമാനവും തിരിച്ചെത്തി എന്ന് റിസര്‍വ് ബേങ്ക് തന്നെ പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ വാക്കുകളെല്ലാം തന്നെ വെറും വങ്കത്തമായി ജനങ്ങള്‍ വിലയിരുത്തി.
നോട്ടുനിരോധനം ആഭ്യന്തര മൊത്തോല്‍പാദനത്തില്‍ രണ്ട് ശതമാനം കുറവുണ്ടാക്കി. കച്ചവടം പൂട്ടിയും തൊഴില്‍ നഷ്ടപ്പെട്ടും കോടിക്കണക്കിനു കുടുംബങ്ങള്‍ വഴിയാധാരമായി. ക്യൂ നില്‍ക്കാനായി മാറ്റിവെച്ച തോഴില്‍ ദിനങ്ങള്‍ നഷ്ടങ്ങളുടെ ആക്കം പിന്നെയും വര്‍ധിപ്പിച്ചു. ഈയവസരത്തില്‍, കള്ളപ്പണം പിടിക്കുന്നതിനെ കുറിച്ച് രഘുറാം രാജന്‍ തന്റെ പുസ്തകത്തില്‍ പറഞ്ഞ ഒരു വാചകം ശ്രദ്ധേയമാണ്: കള്ളപ്പണം ഉണ്ടാക്കാന്‍ പഠിച്ചവര്‍ക്ക് അത് സൂക്ഷിക്കാനും അറിയാം.
ഈയടുത്ത് ഏറെ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ മറ്റൊരു സാമ്പത്തിക പരിഷ്‌കരണമാണ് ജി എസ് ടി. വിശാലാര്‍ഥത്തില്‍ നോക്കിയാല്‍ ഒരുപക്ഷേ, ജി എസ് ടി രാജ്യത്തിനു ഗുണകരമാണെന്നു കാണാം. പക്ഷേ, അതു നടപ്പാക്കാന്‍ സര്‍ക്കാര്‍ കാണിച്ച തിടുക്കവും വേണ്ടത്ര സജ്ജീകരിക്കപ്പെട്ടിട്ടില്ലാത്ത മുന്നൊരുക്കവുമാണ് സാമ്പത്തിക മാന്ദ്യത്തിന് ഇടയാക്കിയത്. കൂടാതെ സാധാരണക്കാരായ കച്ചവടക്കാരില്‍ അത് പകര്‍ന്നിട്ടുള്ള ആശങ്കകള്‍ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല എന്നു നാം മനസ്സിലാക്കണം. സാധാരണക്കാര്‍ക്കു മാത്രമല്ല, നടപ്പാക്കിയ കേന്ദ്ര സര്‍ക്കാറിനോ കൂട്ടുനിന്ന സംസ്ഥാനസര്‍ക്കാറുകള്‍ക്കോ ജി എസ് ടിയുടെ കാര്യത്തില്‍ ഇനിയും പൂര്‍ണമായ വ്യക്തത കൈവന്നിട്ടില്ല. സാധനങ്ങളുടെ വില കുറയും എന്ന പ്രഘോഷണം ഒരിക്കലും യാഥാര്‍ഥ്യമായില്ല. എന്നല്ല, നിലവിലുള്ള എം ആര്‍ പിക്കും മീതെ ജി എസ് ടി കൂടി ചേര്‍ത്തു വെച്ച് കച്ചവടം നടത്തുകയാണ് കച്ചവടക്കാര്‍ ചെയ്തത്. നാണയപ്പെരുപ്പത്തിലെ ചാഞ്ചാട്ടത്തിന് ഇത് വഴിവെച്ചു.
ഈ കൂട്ടത്തില്‍ തന്നെ പറയേണ്ട മറ്റൊന്നാണ് ബേങ്കുകളില്‍ പെരുകി വരുന്ന നിഷ്‌ക്രിയ ആസ്തി. പേരൊക്കെ ഉഷാറാണെങ്കിലും അതിന്റെ പച്ചമലയാളം കിട്ടാക്കടം എന്നാണ്. അതായത് തിരിച്ചടക്കാന്‍ ഒരു സാധ്യതയുമില്ലാത്ത വായ്പകള്‍. ഇത് ക്രമാതീതമായി പെരുകുന്നത് ബേങ്കിംഗ് സേവനങ്ങളെ ചിലവേറിയതാക്കി. മിനിമം ബാലന്‍സ് ഇല്ലാത്ത അക്കൗണ്ടുകളില്‍ നിന്ന് പിഴ ഊറ്റുന്നതും അതുമിതും പറഞ്ഞ് ഫീസ് ഈടാക്കുന്നതും ബാങ്കുകള്‍ പതിവാക്കി. യഥാര്‍ഥത്തില്‍ 55 ശതമാനം നിഷ്‌ക്രിയ ആസ്തികളും രൂപപ്പെട്ടത് വന്‍ ബിസിനസുകളില്‍ നിന്നാണ്. (വിജയ് മല്യ സംഭവം ഓര്‍ക്കുക). പക്ഷേ അതിന്റെ ഭാരം മുഴുവന്‍ ചുമത്തപ്പെട്ടത് മിനിമം ബാലന്‍സ് പോലും സൂക്ഷിക്കാനില്ലാത്ത പാവപ്പെട്ടവന്റെ തലയിലും. നിഷ്‌ക്രിയ ആസ്തി പ്രശ്‌നം ബാധിച്ചത് വേറൊരു രീതിയിലും കൂടിയാണ്. ചെറുകിട കച്ചവടക്കാര്‍ക്കും കര്‍ഷകര്‍ക്കും വായ്പ നല്‍കുന്നതില്‍ നിന്ന് ബേങ്കുകളെ അത് നിരുത്സാഹപ്പെടുത്തി. ഈ നിരുത്സാഹം ഉത്പാദന രംഗത്തും പ്രകടമായി. സാമ്പത്തിക മാന്ദ്യത്തിന് ഇങ്ങനെയൊരു കാരണം കൂടിയുണ്ട്.
അടുത്തതായി വരാനിരിക്കുന്ന സാമ്പത്തിക പരിഷ്‌കരണം യൂനിയന്‍ ബജറ്റും റെയില്‍ ബജറ്റും സമന്വയിപ്പിക്കുന്നു എന്നതാണ്. പാര്‍ലമെന്റില്‍ പല അനാവശ്യ വാഗ്വാദങ്ങളും ഒഴിവാക്കി ഭരണ നിര്‍വഹണത്തിന് വേഗം കൂട്ടാം എന്ന പേരിലാണിത് നടപ്പാക്കുന്നത്. യഥാര്‍ഥത്തില്‍ ഇതൊരു ചതിയാണ്. സംസ്ഥാനങ്ങളുടെ അധികാരങ്ങളുടെയും അവകാശങ്ങളുടെയും മേലുള്ള കടന്നു കയറ്റം. റെയില്‍ ബജറ്റവതരണ വേളയില്‍ സംസ്ഥാനങ്ങളുടെ വികസന കാര്യത്തിനായി ഒരു ചര്‍ച്ചയും ഇനി നടക്കില്ല. എല്ലാം കേന്ദ്രം തീരുമാനിക്കും പ്രകാരം മാത്രം. അതുമാത്രമല്ല, യൂനിയന്‍ ബജറ്റിനു മേല്‍ നടക്കുന്ന ചര്‍ച്ചകളും കുറയും. ചുരുക്കത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ എന്തു തീരുമാനവും പ്രാദേശിക വ്യതിയാനങ്ങള്‍ക്കൊക്കെ അതീതമായി ഏകശിലാത്മകമായി നടപ്പാക്കപ്പെടും.
ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പാടിപ്പറയുന്നത് ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍സ് വര്‍ധിപ്പിക്കാനാണ്. ഡിജിറ്റല്‍ ഇക്കോണമി രൂപവത്കരിക്കുകയാണ് ലക്ഷ്യം. നേരത്തേ പറഞ്ഞ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ ഇക്കോണമി സ്ഥാപിച്ചെടുക്കാന്‍ എത്ര കാലം വേണ്ടി വരുമെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. ഇനിയും വൈദ്യുതി പോലും എത്തിയിട്ടില്ലാത്ത ആയിരക്കണക്കിന് ഗ്രാമങ്ങളുള്ള ഇന്ത്യയെ വളരെ ചുരുങ്ങിയ സമയം കൊണ്ട് ഡിജിറ്റല്‍ ഇക്കോണമിയിലേക്ക് തള്ളി വിട്ടാല്‍ അത് മാസം തികയാത്ത പ്രസവമായി അവശേഷിക്കും. അതിന്റെയും പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടത് സാധാരണക്കാരും പാവപ്പെട്ടവരുമാണ്.
സാമ്പത്തിക നയങ്ങള്‍ നടപ്പാക്കുന്നതിലെ ഈ തിരക്കു കൂട്ടല്‍ മാന്ദ്യത്തിന് ഒരു പ്രധാന കാരണമാണ്. ഓരോ സംവിധാനവും വളര്‍ന്ന് പടര്‍ന്ന് പന്തലിച്ച് കായ്ക്കുന്നതിനു പകരം ഇഞ്ചക്ഷനടിച്ച് കായ്ഫലമുണ്ടാക്കാന്‍ നോക്കുമ്പോള്‍ ചെടിയുണങ്ങിപ്പോകുന്ന പ്രതിഭാസം മാത്രമാണ് ഇപ്പോള്‍ സംഭവിച്ചിട്ടുള്ളത്. ചായ വില്‍പ്പനക്കാരനു പോലും പ്രധാനമന്ത്രിയാകാന്‍ സാധിക്കുന്ന മഹത്തായ ജനാധിപത്യ ഭരണ സംവിധാനമുള്ള ഇന്ത്യയില്‍, പക്ഷേ അത്തരക്കാര്‍ക്ക് ദിശാബോധവും കാര്യപ്രാപ്തിയും നല്‍കാന്‍ കഴിവുള്ള വിവരമുള്ള ഉദ്യോഗസ്ഥരും മണ്ണടിഞ്ഞു തൂര്‍ന്നോ എന്നു സംശയിക്കാന്‍ വരട്ടെ. ആ മഹാനായ ഭരണാധികാരിയുടെ കോപത്തിനിരയാകാതിരിക്കാന്‍ മൗനവ്രതത്തിലാണവര്‍. എത്ര കോടി രൂപയുടെ പാക്കേജുകള്‍ കൊണ്ട് നമുക്കിതെല്ലാം നികത്താനാകും?

 

Latest