റാണെ ബിജെപിയോട് അടുക്കുന്നു; പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു

Posted on: October 1, 2017 2:49 pm | Last updated: October 2, 2017 at 9:12 am

മുംബൈ : ബിജെപിയോട് അടുക്കുന്നുവെന്ന സൂചനകള്‍ക്ക് ശക്തിപകര്‍ന്ന്, കോണ്‍ഗ്രസ് വിട്ട മഹാരാഷ്ട്രയിലെ കരുത്തനായ നേതാവ് നാരായണ്‍ റാണെ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. ‘മഹാരാഷ്ട്ര സ്വാഭിമാന്‍ പാര്‍ട്ടി’ (എംഎസ്പി) എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. മുംബൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് റാണെ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസിലെത്തുന്നതിനു മുന്‍പ് തന്റെ തട്ടകമായിരുന്ന ശിവസേനയെയും അധ്യക്ഷന്‍ ഉദ്ധവ് താക്കറെയെയും കടന്നാക്രമിച്ചുകൊണ്ടാണ് റാണെ പുതിയ പാര്‍ട്ടിയുമായി രംഗത്തെത്തിയത്.

മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനമുള്ള നേതാവാണ് നാരായണ്‍ റാണെ. കോണ്‍ഗ്രസില്‍നിന്ന് പുറത്തുവന്നതു മുതല്‍ റാണെയെ എന്‍ഡിഎ പാളയത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ശിവസേനയുമായി തെറ്റിപ്പിരിഞ്ഞു കോണ്‍ഗ്രസിലെത്തി, ഏതാനും ദിവസം മുന്‍പു കോണ്‍ഗ്രസ് ബാന്ധവവും അവസാനിപ്പിച്ചു പുറത്തെത്തിയ നാരായണ്‍ റാണെയെ ദേവേന്ദ്ര ഫഡ്‌നാവിസ് മന്ത്രിസഭയില്‍ അംഗമാക്കാനാണ് ആലോചന. ഇതിനു മുന്നോടിയായാണ് പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം.

ബിജെപിയുമായി ഇടഞ്ഞുനില്‍ക്കുന്ന ശിവസേനയെ മെരുക്കാനും മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിനെ തളര്‍ത്താനും ഈ നടപടിയിലൂടെ സാധിക്കുമെന്ന വിശ്വാസത്തിലാണ് ബിജെപി.