മൂന്ന് വര്‍ഷം തടവ് പൂര്‍ത്തിയായ മലയാളികളെ മോചിപ്പിക്കും: ഷാര്‍ജ ഭരണാധികാരി

Posted on: September 26, 2017 12:20 pm | Last updated: September 26, 2017 at 10:13 pm

തിരുവനന്തപുരം: ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളൊഴികെയുളള കേസുകളില്‍പെട്ട് ഷാര്‍ജ ജയിലുകളില്‍ കഴിയുന്ന മുഴുവന്‍ കേരളീയരെയും മോചിപ്പിക്കുമെന്ന് ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ മുഹമ്മദ് ബിന്‍ ഖാസിമി പ്രഖ്യാപിച്ചു.ചെക്ക് കേസുകളിലും സിവില്‍ കേസുകളിലുംപെട്ട് മൂന്ന് വര്‍ഷത്തിലേറെയായി ഷാര്‍ജയിലെ ജയിലുകളില്‍ കഴിയുന്നവരെ മോചിപ്പിക്കണമെന്ന് ഇന്ന് രാവിലെ ക്ലിഫ് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ ഷാര്‍ജ ഭരണാധികാരിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചിരുന്നു.

ഈ അഭ്യര്‍ഥന പ്രകാരമാണ് ജയിലുകളില്‍ കഴിയുന്നവര്‍ക്ക് മാപ്പ് നല്‍കാന്‍ ശൈഖ് സുല്‍ത്താന്‍ തീരുമാനിച്ചത്. കേരളീയര്‍ മാത്രമല്ല ഗുരുതര ക്രിമിനല്‍ കേസുകളില്‍ പെടാത്ത മുഴുവന്‍ വിദേശീയരേയും ജയിലുകളില്‍നിന്ന് മോചിപ്പിക്കുകയാണെന്ന് അദ്ദേഹം കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഡിലിറ്റ് ബിരുദം സ്വീകരിച്ചുകൊണ്ട് രാജ്ഭവനില്‍ നടത്തിയ പ്രഭാഷണത്തില്‍ പ്രഖ്യാപിച്ചു. ജയിലുകളില്‍ കഴിയുന്നവരെ മോചിപ്പിക്കാന്‍ ഷാര്‍ജ ഭരണാധികാരി സമ്മതിച്ച കാര്യം മുഖ്യമന്ത്രി തന്നെയാണ് ബിരുദദാന ചടങ്ങില്‍ ആദ്യം പരാമര്‍ശിച്ചത്. ജയിലുകളിലുള്ളവരെ നാട്ടിലേക്ക് തിരിച്ചയക്കണമെന്നാണ് ഞാന്‍ അഭ്യര്‍ഥിച്ചത്, ‘എന്നാല്‍ എന്തിന് അവര്‍ നാട്ടില്‍ പോകണം അവര്‍ ഇവിടെ തന്നെ നില്‍ക്കട്ടെ അവര്‍ക്ക് ഷാര്‍ജ നല്ല ജോലി നല്‍കും’. എന്നാണ് ശൈഖ് സുല്‍ത്താന്‍ എന്നോട് പറഞ്ഞത് എന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇക്കാര്യം പിന്നീട് തന്റെ മറുപടി പ്രസംഗത്തില്‍ ശൈഖ് സുല്‍ത്താനും സ്ഥിരീകരിച്ചു.

ചെറിയ തര്‍ക്കങ്ങളിലും ബിസിനസ് സംബന്ധമായ കേസുകളിലും പെട്ട് ഷാര്‍ജ ജയിലുകളില്‍ കഴിയുന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ ഇടപെടല്‍ വലിയ ആശ്വാസമാകും. യു എ ഇ യിലെ മറ്റു എമിറേറ്റ്‌സുകളിലും ഇതര ഗള്‍ഫ് രാജ്യങ്ങളിലും ജയിലുകളില്‍ പെട്ടുപോയ മലയാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വലിയ പ്രതീക്ഷ നല്‍കുന്നതാണ് ഈ തീരുമാനം.