ഷാര്‍ജ ഭരണാധികാരിക്ക് രാജകീയ വരവേല്‍പ്പ്

Posted on: September 24, 2017 11:50 pm | Last updated: September 25, 2017 at 1:07 pm
ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയെ മുഖ്യമന്ത്രി പിണറായി വിജയൻ, കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ എന്നിവർ ചേർന്ന് സ്വീകരിക്കുന്നു

 

തിരുവനന്തപുരം: അഞ്ച് ദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയ ഷാര്‍ജ ഭരണാധികാരിയും യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്ക് തലസ്ഥാനത്ത് ഉജ്ജ്വല വരവേല്‍പ്പ്. യു എ ഇയുടെ പ്രത്യേക വിമാനത്തിലെത്തിയ സുല്‍ത്താനെയും സംഘത്തെയും തിരുവനന്തപുരം വ്യോമസേന താവളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് കോവളം ഹോട്ടല്‍ ലീല റാവിസിലേക്ക് പോയ ഭരണാധികാരിയും സംഘവും അവിടെയാണ് തങ്ങുന്നത്. കേരളത്തിന്റെ പരമ്പരാഗത രീതിയിലായിരുന്നു സ്വീകരണം. കുടുംബസമേതമാണ് സുല്‍ത്താനും സംഘവുമെത്തിയിരിക്കുന്നത്.

വൈകുന്നേരം 3.15ഓടെയാണ് ശൈഖ് സുല്‍ത്താനെയും വഹിച്ചുള്ള വിമാനം തിരുവനന്തപുരത്തെത്തിയത്. വ്യോമസേന താവളത്തിന്റെ ടെക്‌നിക്കല്‍ ഏരിയയില്‍ കേരളാപോലീസിന്റെ പുതിയ വനിതാ ബറ്റാലിയന്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. യു എ ഇയിലെ ഇന്ത്യന്‍ അംബാസിഡര്‍ നവ്ദീപ് സിംഗ് സൂരി, ഇന്ത്യയിലെ യു എ ഇ അമ്പാസഡര്‍ ഡോ. അഹമ്മദ് അല്‍ ബന്ന, തിരുവനന്തപുരത്തെ യു എ ഇ കോണ്‍സുല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സാബി, ഷാര്‍ജ മീഡിയ കൗണ്‍സില്‍ ചെയര്‍മാന്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ ഖാസിമി, ഷാര്‍ജ ഭരണാധികാരി ഓഫീസ് ചെയര്‍മാന്‍ ശൈഖ് സലീം ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ ഖാസിമി, ഗവ. റിലേഷന്‍സ് വകുപ്പ് ചെയര്‍മാന്‍ ശൈഖ് ഫഹീം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി, കള്‍ചറല്‍ വകുപ്പ് ചെയര്‍മാന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഒവൈസ്, പ്രോട്ടോക്കോള്‍ഹോസ്പിറ്റാലിറ്റി വകുപ്പ് ചെയര്‍
മാന്‍ ഉബൈദ് സലീം അല്‍ സാബി, ഷാര്‍ജ മീഡിയ കോര്‍പറേഷന്‍ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ഹുസൈന്‍ ഖലാഫ്, മീഡിയ കണ്ടിജന്റ് മാനേജ്‌മെന്റ് ഡയറക്ടര്‍ അഹമ്മദ് സലീം അല്‍ ബൈറാഖ് എന്നിവരും സംഘത്തിനൊപ്പമുണ്ട്.

മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, ഡോ. കെ ടി ജലീല്‍, മേയര്‍ വി കെ പ്രശാന്ത്, അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, വ്യവസായ പ്രമുഖന്‍ എം എ യൂസുഫലി, ചീഫ് സെക്രട്ടറി ഡോ. കെ എം എബ്രഹാം, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ, സെക്രട്ടറി എം ശിവശങ്കര്‍, മുഖ്യമന്ത്രിയുടെ െ്രെപവറ്റ് സെക്രട്ടറി എം വി ജയരാജന്‍, പൊതുഭരണ വകുപ്പ് സെക്രട്ടറി വിശ്വനാഥ് സിന്‍ഹ, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ഇന്റലിജന്‍സ് മേധാവി മുഹമ്മദ് യാസീന്‍, ജില്ലാ കലക്ടര്‍ ഡോ. കെ വാസുകി, സിറ്റി പോലീസ് കമ്മീഷണര്‍ പി പ്രകാശ്, മര്‍ക്കസ് ഡയറക്ടര്‍ ഡോ. എ പി അബ്ദുല്‍ഹകീം അസ്ഹരി, ശാന്തിഗിരി മഠം ഓര്‍ഗനൈസിംഗ് സെക്രട്ടറി ഗുരുരത്‌നം ജ്ഞാന തപസ്വി തുടങ്ങിയവരും സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു.