റിയാസ് മൗലവി വധക്കേസ് വിചാരണ അടുത്ത മാസം

Posted on: September 22, 2017 12:41 am | Last updated: September 22, 2017 at 12:41 am
റിയാസ് മൗലവി

കാസര്‍കോട്: കാസര്‍കോട്ടെ മദ്‌റസാ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ അടുത്തമാസം ആരംഭിക്കും. ഇതിന് മുന്നോടിയായി പ്രതികള്‍ക്ക് ഒക്ടോബര്‍ 17ന് കുറ്റപത്രം വായിച്ചുകേള്‍പ്പിക്കും.

2017 മാര്‍ച്ച് 21ന് രാത്രിയാണ് റിയാസ് മൗലവിയെ പള്ളിയോട് ചേര്‍ന്നുള്ള മുറിയില്‍ കയറിയ സംഘം കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ആര്‍ എസ് എസ് പ്രവര്‍ത്തകരായ അജേഷ്, നിതിന്‍, അഖിലേഷ് എന്നിവരെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. റിയാസ് മൗലവിയെ കൊല ചെയ്ത് കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രതികളെല്ലാം അറസ്റ്റിലാവുകയും ചെയ്തു. വര്‍ഗീയകലാപം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്ത കൊലപാതകമാണെന്നാണ് പ്രോസിക്യൂഷന്‍ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്. അതേസമയം, ഈ കേസില്‍ പ്രതികള്‍ക്കെതിരെ യു എ പി എ ചുമത്താത്ത അന്വേഷണ ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ വിമര്‍ശനമുയരാന്‍ കാരണമായിട്ടുണ്ട്.

കാസര്‍കോട്ടെ മുഹമ്മദ് സിനാന്‍ വധക്കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കിയതിന് കാരണം അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണെന്ന വിമര്‍ശം ശക്തമാണ്. 2013ല്‍ റിഷാദ് കൊലക്കേസിലെ പ്രതികളേയും വെറുതെ വിട്ടിരുന്നു. എന്നാല്‍, റിയാസ് മൗലവി കേസില്‍ ഇതേ സ്ഥിതി ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതികള്‍ക്കെതിരെ യു എ പി എ ചുമത്തണമെന്നാണ് കുടുംബത്തിന്റെയും വിവിധ സാമുദായിക സംഘടനകളുടെയും ആവശ്യം.
റിയാസ് മൗലവിയുടെ ബന്ധുക്കളും മസ്ജിദ് കമ്മിറ്റി അംഗങ്ങളും കൊലപാതകത്തിന് ശേഷം മുഖ്യമന്ത്രിക്ക് ഈ ആവശ്യമുന്നയിച്ച് നിവേദനം നല്‍കിയെങ്കിലും അംഗീകരിക്കപ്പെട്ടിട്ടില്ല.