ഇന്ത്യയിലേക്കെത്താന്‍ ദാവൂദ് ഇബ്രാഹീം കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തിയെന്ന് രാജ് താക്കറെ

  • ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഉദ്ഘാടനംചെയ്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
  • സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ ഉയര്‍ന്നുവരുന്നത് ബിജെപി വിരുദ്ധ തരംഗമാണ്.
  • അവസാന ദിവസങ്ങള്‍ ഇന്ത്യയില്‍ കഴിയണമെന്നാണ് ദാവൂദിന്റെ ആഗ്രഹം.
Posted on: September 21, 2017 9:31 pm | Last updated: September 22, 2017 at 11:45 am

മുംബൈ: ഇന്ത്യയിലേക്ക് തിരിച്ചെത്താന്‍ കുപ്രസിദ്ധ അധോലോക നേതാവ് ദാവൂദ് ഇബ്രാഹീം കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തിയെന്ന ആരോപണവുമായി മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെ.
തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഉദ്ഘാടനംചെയ്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അവസാന ദിവസങ്ങള്‍ ഇന്ത്യയില്‍ കഴിയണമെന്നാണ് ദാവൂദിന്റെ ആഗ്രഹം. ദാവൂദ് ഇബ്രാഹീം കീഴടങ്ങുകയാണെങ്കില്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും അത് തങ്ങളുടെ നേട്ടമായി ഉയര്‍ത്തിക്കാണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദാവൂദ് ഇബ്രാഹീമിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. ഇന്ത്യയിലേക്ക് വരാനാണ് ദാവൂദ് ഇപ്പോള്‍ ആഗ്രഹിക്കുന്നത്. അതിനായി കേന്ദ്രസര്‍ക്കാറുമായി ചര്‍ച്ചകള്‍ നടത്തുകയാണ്. താന്‍ തമാശ പറയുകയല്ല ഇതാണ് സത്യമെന്നും താക്കറെ വ്യക്തമാക്കി.

സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ ഉയര്‍ന്നുവരുന്നത് ബിജെപി വിരുദ്ധ തരംഗമാണെന്നും വിദേശത്തുള്ള കള്ളപ്പണം രാജ്യത്തേക്ക് തിരികെ കൊണ്ടുവരുമെന്നുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം യാഥാര്‍ത്ഥ്യമാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ലെന്നും രാജ് താക്കറെ ചൂണ്ടിക്കാട്ടി.