റോഹിംഗ്യകള്‍ അനധികൃത കുടിയേറ്റക്കാര്‍; തിരിച്ചയക്കുന്നതില്‍ മനുഷ്യാവകാശ ലംഘനമില്ല: രാജ്‌നാഥ് സിംഗ്

Posted on: September 21, 2017 1:40 pm | Last updated: September 21, 2017 at 9:34 pm

ന്യൂഡല്‍ഹി: റോഹിംഗ്യകളെ ഇന്ത്യയില്‍നിന്ന് മടക്കി അയക്കുന്നതില്‍ മനുഷ്യാവകാശ ലംഘനമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. റോഹിംഗ്യകള്‍ അഭയാര്‍ഥികളല്ല, അനധികൃത കുടിയേറ്റക്കാരാണ്. ഇവരെ തിരിച്ചെടുക്കാന്‍ മ്യാന്‍മാര്‍ സര്‍ക്കാര്‍ തയാറാണ്. അതിനാല്‍ ഇവരെ തിരിച്ച് അയക്കുന്നതില്‍ രാജ്യാന്തര നിയമങ്ങളുടെ ലംഘനമല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

രോഹിംഗ്യന്‍ അഭയാര്‍ഥികള്‍ ഭീഷണിയാണെന്നും രാജ്യത്തുനിന്ന് ഒഴിപ്പിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് ഐഎസ്, ഐഎസ്‌ഐ തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്നും ഇവര്‍ ബംഗാള്‍, ത്രിപുര, മ്യാന്‍മാര്‍ എന്നിവിടങ്ങള്‍ കേന്ദ്രികരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

അതിനിടെ, റോഹിംഗ്യന്‍ അഭയാര്‍ഥി പ്രശ്‌നം പരിഹരിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് മ്യാന്മര്‍ യുഎന്‍ പൊതുസഭയില്‍ നിലപാട് അറിയിച്ചു. വൈസ് പ്രസിഡന്റ് ഹെന്റി വാന്‍ ഥോയാണ് നിലപാട് അറിയിച്ചത്. റോഹിംഗ്യകള്‍ മാത്രമല്ല. മറ്റ് സമുദായക്കാരും അഭയാര്‍ഥികളായിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം സൈന്യം നടത്തുന്ന അതിക്രമങ്ങളെക്കുറിച്ച് പ്രതികരിച്ചില്ല.