Connect with us

ആത്മായനം

വിശ്വാസിയും ഭൂമിയും

നിശ്ചയിക്കപ്പെട്ട നാൾവരെ ഭൗമസംരക്ഷണം നടത്തേണ്ട ബാധ്യത നമുക്കോരോരുത്തർക്കുമുണ്ട് . അതിന്റെ നിർവഹണത്തിൽ വീഴ്ച വരുത്തരുത്. മണ്ണും വായുവും ജലവും മറ്റ് ദാതുക്കളും പ്രകൃതിവിഭവങ്ങളും നാശത്തിന് വിട്ടുകൊടുക്കാൻ ശ്രമിക്കരുത്.

Published

|

Last Updated

ചുട്ടുപൊള്ളുന്നു. ചൂട് അസഹനീയമാവുകയാണല്ലോ. ജില്ലകളിൽ യെല്ലോ അലേർട്ടുകൾ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും വടക്കു കിഴക്കൻ കാറ്റിന്റെ നിർജലാവസ്ഥയും ഹരിത ഗൃഹവാതകത്തിന്റെ ബാഹുല്യവും വനനശീകരണവും തുടങ്ങി താപം കൂടാനുള്ള കാരണങ്ങൾ പലതാണ്. ഏപ്രിൽ 22 ഭൗമ ദിനമായി ലോകം ആചരിക്കുന്നു.

കേവലം ദിനാചരണങ്ങളും സെമിനാറുകളും പേപ്പർ പ്രസന്റേഷനുകളും ചർച്ചകളുമായി പറഞ്ഞു പിരിയേണ്ടതല്ല വിശ്വാസിയുടെ ഭൂമിയോടുള്ള സമീപനം. ഭൂമിയെ സംരക്ഷിക്കേണ്ട ബാധ്യത ഏറ്റെടുത്തവനാണവൻ.കാരണം, ഭൂമിയുടെ സൃഷ്ടിപ്പു തന്നെ മനുഷ്യനു വേണ്ടിയാണ്. അല്ലാഹു ഭൂമിയിലുള്ള സർവതും നിങ്ങൾക്കു വേണ്ടി സൃഷ്ടിച്ചിരിക്കുന്നു (ബഖറ 29). വാസയോഗ്യമായി ഭൂമിയെ സംവിധാനിച്ച ശേഷം (ഖുർആൻ പ്രയോഗിച്ച “ഫിറാഷ്’ എന്ന പദം ബയോസ്ഫിയറിലേക്കുള്ള സൂചനയാണ്) ആദ്യ മനുഷ്യനായ ആദം നബി (അ) യെയും സഹധർമിണിയേയും ഭൂമിയിലേക്കയച്ചു.

മാത്രമല്ല ഭൂമിയിലെ അല്ലാഹുവിന്റെ പ്രാതിനിധ്യം (ഖിലാഫത്ത്) അവിടുത്തേക്ക് മനുഷ്യ വംശത്തിനായി കൈമാറി. അതിനാൽ സംവിധാനിക്കപ്പെട്ട ഏതനുഗ്രഹത്തെ ചൊല്ലിയും മനുഷ്യർ വിചാരണയേൽക്കേണ്ടിവരും. സൂറതു തകാസുർ അവസാന വരിയിൽ നമ്മെ ഓർമപ്പെടുത്തിയതും അതാണ്. “അന്നേദിവസം അനുഗ്രഹങ്ങളെ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും’. അവനവന്റെ ഇച്ഛക്കനുസരിച്ച് യഥേഷ്ടം ഉപയോഗിക്കാനുള്ളതല്ല ഭൂവിഭവങ്ങൾ. സഹജീവികൾക്കൊപ്പം വരും തലമുറകൾക്കു കൂടി കരുതിവെക്കാനുള്ളതാണ് സർവതും.

നിങ്ങൾക്കു വേണ്ടി എന്ന പദം ലോകാവസാനം വരെ നീളുന്ന അഭിസംബോധനമാണെന്നത് ഓർമയിലുണ്ടാകണം.

നാലാം ഖലീഫ അലി (റ) ഇസ്‌ലാമിന്റെ പ്രകൃതിവിഭവങ്ങളോടുള്ള സമീപനത്തെ പരിചയപ്പെടുത്തുന്നത് കാണുക. “നിങ്ങൾ ഗുണഭോക്താവായിരിക്കുന്നിടത്തോളം സന്തോഷത്തോടെ അതിൽ പങ്കാളികളാകുക. ഒരു കൊള്ളക്കാരനല്ല ഒരു കൃഷിക്കാരൻ, നശിപ്പിക്കുന്നവനാകരുത്. എല്ലാ മനുഷ്യരും മൃഗങ്ങളും വന്യജീവികളും ഭൂമിയുടെ വിഭവങ്ങൾ പങ്കിടാനുള്ള അവകാശം ആസ്വദിക്കുന്നു.’

ഈ അധ്യാപനങ്ങളോടുള്ള പുറംതിരിഞ്ഞ നിലപാടാണ് ഭൂമിയെ ചുട്ടുപൊള്ളിക്കുന്നത്. ദിനേന മലിനീകരണ പ്രവർത്തനങ്ങളിലും പ്രകൃതി നശീകരണ പ്രവർത്തനങ്ങളിലും മനുഷ്യൻ വ്യാപൃതനാണ്. ഭൂമിയുടെ സ്വാഭാവികമായ തുലനാവസ്ഥയെയും ഹരിത വ്യവസ്ഥയെയും കണക്കിലെടുക്കാതെ അശാസ്ത്രീയ രീതിയിലുള്ള നിർമാണ പ്രവർത്തനങ്ങളും ഇടിച്ചു നിരത്തലും വിഭവങ്ങളുടെ കമ്പോളവത്കരണവും നമ്മെ തന്നെ പ്രതിസന്ധിയിലാഴ്ത്തുകയാണ്. നാശകാരികളായിക്കൊണ്ട് നിങ്ങള്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കരുത് എന്ന ദൈവിക നിർദേശം കേട്ടുകൊണ്ടേയിരിക്കണം നമ്മൾ. മൂസാ നബി(അ)യുടെ ജനതയോടുള്ള നിര്‍ദേശവും സമമാണ്. “അല്ലാഹുവിന്റെ വിഭവങ്ങളില്‍ നിന്ന് നിങ്ങള്‍ തിന്നുക. കുടിക്കുക. ഭൂമിയില്‍ കുഴപ്പമുണ്ടാക്കി നാശകാരികളായിത്തീരരുത്.’ (2:60)

പ്രകൃതി വിഭവങ്ങളെ ആവശ്യാനുസരണം ഉപയോഗപ്പെടുത്താൻ അവസരമുണ്ടായിരിക്കെ പ്രകൃതിക്കുമീതെ കൈകടത്തുന്നതും ചൂഷണാത്മകമായി സമീപിക്കുന്നതും മതം ശക്തമായി അപലപിച്ചു. ഇമാം മാലിക്(റ) മുവത്വയിൽ ഉദ്ധരിക്കുന്നു: ‘അബൂബക്കർ(റ) സൈന്യത്തെ സിറിയയിലേക്ക് നിയോഗിച്ചു. സൈന്യത്തലവനായ യസീദ് ബിൻ അബീ സുഫ് യാനോട് ചില നിർദേശങ്ങൾ കൂടി നൽകി: ഞാൻ പത്ത് കാര്യങ്ങൾ താങ്കളെ ഉപദേശിക്കുന്നു. കുട്ടികൾ, സ്ത്രീകൾ, പ്രായംചെന്നവർ തുടങ്ങിയവരെ നിങ്ങൾ വധിക്കരുത്, ഫലങ്ങൾ കായ്ക്കുന്ന മരങ്ങൾ മുറിക്കരുത്, വീടുകൾ തകർക്കരുത്, ഒട്ടകത്തെയും ആടിനെയും ഭക്ഷിക്കാനല്ലാതെ അറുക്കരുത്, ഈന്തപ്പന നശിപ്പിക്കരുത്, നിങ്ങൾ ഭിന്നിക്കരുത്, ഭീരുത്വം കാണിക്കുകയുമരുത്.’

പ്രതിസന്ധി ഘട്ടത്തിൽ, വിശ്വാസവും ഭാവിയും ഭീഷണിയുടെ മുൾമുനയിൽ നിൽക്കുമ്പോൾ പോലും പരിസ്ഥിതി സംരക്ഷണത്തിന് വിശ്വാസി നൽകേണ്ട പ്രാധാന്യമാണിവിടെ കാണുന്നത്. ജീവജാലങ്ങളെ അനാവശ്യമായി കൊല ചെയ്യാനും, ഫലങ്ങൾ കായ്ക്കുന്ന മരങ്ങളും ചെടികളും നശിപ്പിക്കാനും മനുഷ്യന് അനുവാദമില്ല. മനുഷ്യനും ഭൂവിഭവങ്ങളും അല്ലാഹുവിന്റെ സൃഷ്ടികളും രണ്ടിനും തനതായ അസ്തിത്വവും അവകാശവും ഉണ്ടെന്നും അതിനാൽ കടന്നു കയറാനുള്ള അതി സ്വാതന്ത്ര്യമില്ലെന്നും തിരിച്ചറിയണം.

സംരക്ഷണം (Conservation) നിർമാണാത്മക പുരോഗതി (Sustainable development), വിഭവ നിർവഹണം (Resource Management) തുടങ്ങി സർവ തലങ്ങളിലും മതം കാഴ്ചപ്പാടുകൾ അവതരിപ്പിക്കുന്നുണ്ട്. തരിശ് ഭൂമികളെ കൃഷിയോഗ്യമാക്കാനും തണ്ണീർത്തടങ്ങൾ സംരക്ഷിക്കാനും വനവത്കരണവും കാർഷിക വ്യാപനവും സാധ്യമാക്കാനും ജന്തുജാലങ്ങളുടെ സംരക്ഷണത്തിനും വിവിധയിടങ്ങളിൽ നിർദേശിക്കപ്പെട്ടിട്ടുണ്ട്.

എല്ലാം അല്ലാഹുവിന്റെ സൃഷ്ടികളാണെന്ന ഖുർആനിക നിലപാട് എല്ലാത്തിലും ദിവ്യസ്പർശം ഉളവാക്കുകയും നിലനിൽപ്പിന് കൂടുതൽ അവകാശപ്പെടുത്തുകയും ചെയ്യുന്നു. മണ്ണിനെ സംരക്ഷിക്കുന്നതും വിത്ത് നടുന്നതും അതിന് വെള്ളമൊഴിക്കുന്നതും ഇതരജീവികളുടെ വിശപ്പും ദാഹവും തീർക്കുന്നതും ഭൂമിയിൽ തണൽ വിരിക്കുന്നതും ജീവത്തുടിപ്പുള്ള സുകൃതങ്ങളാണ്. ചെയ്ത കർമങ്ങളുടെ അനന്തരഫമായുണ്ടാകുന്ന പ്രയോജനങ്ങളുടെ പ്രതിഫലം നീണ്ടുനീണ്ടങ്ങനെ പോകും. അനസ് ബിൻ മാലിക് (റ) പറയുന്നു: പ്രവാചക തിരുദൂതർ (സ) പ്രസ്താവിച്ചിരിക്കുന്നു: “വിശ്വാസികളിൽ ആരെങ്കിലും ഒരു വൃക്ഷം നട്ടുപിടിപ്പിക്കുകയോ വിത്ത് വിതയ്ക്കുകയോ ചെയ്തു അതിന്റെ ഫലത്തിൽ നിന്ന് ഒരു പക്ഷിയോ, മനുഷ്യനോ മൃഗമോ ഭക്ഷിച്ചാൽ അതു അവനു ദാനധർമമായി കണക്കാക്കപ്പെടുന്നു.’ (ബുഖാരി).

നിശ്ചയിക്കപ്പെട്ട നാൾവരെ ഭൗമസംരക്ഷണം നടത്തേണ്ട ബാധ്യത നമുക്കോരോരുത്തർക്കുമുണ്ട് . അതിന്റെ നിർവഹണത്തിൽ വീഴ്ച വരുത്തരുത്. മണ്ണും വായുവും ജലവും മറ്റ് ദാതുക്കളും പ്രകൃതിവിഭവങ്ങളും നാശത്തിന് വിട്ടുകൊടുക്കാൻ ശ്രമിക്കരുത്. വൃത്തിഹീനമായ തണ്ണീർത്തടങ്ങൾ ശുദ്ധീകരിക്കണം.

പ്ലാസ്റ്റിക് പോലുള്ള മണ്ണിന്റെ ഫലഭൂയിഷ്ഠയെ സാരമായി ബാധിക്കുന്ന വസ്തുക്കളുടെ ഉപയോഗം ക്രമാനുഗതമായി കുറക്കണം. കൃഷി നമ്മുടെ നിത്യശീലമാക്കണം. വിഭവങ്ങൾ ദുർവ്യയം ചെയ്യരുത്, കരുതി ഉപയോഗിക്കുക. ജനങ്ങൾ കാണുന്നില്ലെന്ന് കരുതി മലിനീകരണങ്ങളിൽ ഏർപ്പെടരുത്, അല്ലാഹു എല്ലാം അറിയുകയും കാണുകയും ചെയ്തു കൊണ്ടിരിക്കുന്നുണ്ട്. പരമാവധി പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുക. സൂക്ഷിച്ചാൽ നമുക്കും തലമുറകൾക്കും ഭൂമിയിൽ ആസ്വദിച്ച് കഴിയാം.

Latest