ബാബരി മസ്ജിദ്: നിരീക്ഷകരെ നിയമിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം

Posted on: September 12, 2017 12:11 am | Last updated: September 12, 2017 at 12:11 am

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസുമായി ബന്ധപ്പെട്ട് പുതിയ നിരീക്ഷകരെ നിയമിക്കാന്‍ അലഹബാദ് ഹൈക്കോടതിക്ക് സുപ്രീം കോടതി നിര്‍ദേശം. പത്ത് ദിവസത്തിനുള്ളില്‍ രണ്ട് ജുഡീഷ്യല്‍ നിരീക്ഷകരെ അധികമായി നിയമിക്കാനാണ് സുപ്രീം കോടതി നിര്‍ദേശം നല്‍കിയത്. ബാബരി മസ്ജിദ് നിലനില്‍ക്കുന്ന സ്ഥലത്തെ ചൊല്ലിയുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട് അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച പതിമൂന്ന് ഹരജികളില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് ഡിസംബര്‍ അഞ്ചിന് വാദം കേള്‍ക്കുന്നതിനായി മാറ്റിവെച്ചിരുന്നു. കേസില്‍ ആവശ്യമായ രേഖകള്‍ മൊഴിമാറ്റം ചെയ്യുന്നതിന് കക്ഷികള്‍ക്ക് സമയം അനുവദിക്കുകയും ചെയ്തിരുന്നു.

സ്വത്തില്‍ അവകാശവാദം ഉന്നയിച്ചിരിക്കുന്ന മൂന്ന് വിഭാഗങ്ങള്‍ക്ക് തുല്യമായി വീതിച്ചു നല്‍കാനായിരുന്നു അലഹബാദ് ഹൈക്കോടതി വിധിച്ചിരുന്നത്. ഇതിനെതിരെയാണ് സുന്നി വഖ്ഫ് ബോര്‍ഡ് ഉള്‍പ്പെടെയുള്ളവര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ബാബരി മസ്ജിദ് നിന്നിരുന്ന സ്ഥലത്തു നിന്ന് നിശ്ചിത അകലത്തില്‍ മുസ്‌ലിം മേഖലയില്‍ മസ്ജിദ് പണിയാമെന്ന് ഉത്തര്‍പ്രദേശ് ശിയ വഖ്ഫ് ബോര്‍ഡ് സുപ്രീം കോടതിയെ അറിയിച്ചിരുന്നു.