യൂനിഫോം ധരിക്കാതെ സ്‌കൂളിലെത്തി; പതിനൊന്നുകാരിയെ അധ്യാപകര്‍ ആണ്‍കുട്ടികളുടെ ശൗചാലയത്തിലേക്ക് അയച്ചു

Posted on: September 11, 2017 12:30 pm | Last updated: September 11, 2017 at 12:30 pm

ഹൈദരാബാദ്: യൂനിഫോം ധരിക്കാതെ സ്‌കൂളില്‍ എത്തിയതിന് 11കാരിയായ വിദ്യാര്‍ഥിനിയെ ആണ്‍കുട്ടികളുടെ ശൗചാലയത്തില്‍ അയച്ചതായി പരാതി. ഹൈദരാബാദിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം. അധ്യാപകരുടെ ക്രൂരത വിവരിക്കുന്ന കുട്ടിയുടെ വീഡിയോ പുറത്ത് വന്നതോടെ അധ്യാപകര്‍ക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

വസ്ത്രം ഉണങ്ങിയിട്ടില്ലാത്തതിനാലാണ് സാധാരണ വസ്ത്രം ധരിച്ച് സ്‌കൂളില്‍ പോയതെന്നും കുട്ടി പറയുന്നു. ഇക്കാര്യം വ്യക്തമാക്കുന്ന ഡയറി അധ്യാപകരെ കാണിച്ചെങ്കിലും അവര്‍ അത് നോക്കാന്‍ തയ്യാറായില്ല. യൂനിഫോം ധരിക്കാത്തതിന്റെ പേരില്‍ അധ്യാപകര്‍ വഴക്കുപറയുകയും ആണ്‍കുട്ടികളുടെ ശൗചാലയത്തിലേക്ക് നിര്‍ബന്ധിച്ച് പറഞ്ഞയക്കുകയുമായിരുന്നുവെന്ന് വിദ്യാര്‍ഥിനി പറയുന്നു.

സംഭവത്തിനു ശേഷം ഭയം മൂലം വിദ്യാര്‍ഥിനി സ്‌കൂളിലേക്ക് പോകാന്‍ തയ്യാറാകുന്നില്ല. സംഭവത്തില്‍ സ്‌കൂളിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തി. പോക്‌സോ നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കുമെന്ന് ബാലാവകാശ പ്രവര്‍ത്തകന്‍ അച്യുത റാവു പറഞ്ഞു.