Connect with us

Ongoing News

രക്ഷാദൗത്യം 14 മണിക്കൂര്‍ പിന്നിട്ടു; ചതുപ്പില്‍പെട്ട ആനയെ കരക്കെത്തിക്കാനായില്ല

Published

|

Last Updated

ആലപ്പുഴ: തുറവൂരില്‍ ഇടഞ്ഞോടുന്നതിനിടയില്‍ ചതുപ്പില്‍ വീണ ആനയെ 14 മണിക്കൂര്‍ നീണ്ട ദൗത്യത്തിന് ഒടുവിലും കരക്ക് കയറ്റാനായില്ല. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ആനയുടെ മുന്‍കാലുകള്‍ ചതുപ്പിന് പുറത്ത് എത്തിക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും പിന്‍കാലുകള്‍ ചതുപ്പില്‍ തന്നെയാണ്. ആന പൂര്‍ണമായും അവശനായ നിലയിലാണ്. ദേശീയപാതയില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ അകലെ അനന്തന്‍കരി പാടത്താണ് ആന ചതുപ്പില്‍ കുടുങ്ങിയത്.

റോഡ് സൗകര്യമില്ലാത്തതിനാല്‍ മണ്ണുമാന്തിയന്ത്രം അടക്കമുള്ള സാമഗ്രികള്‍ സ്ഥലത്ത് എത്തിക്കാന്‍ സാധിക്കാത്തത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. പുലര്‍ച്ചെ മൂന്നു മണിയോടെ ലോറിയില്‍ കൊണ്ടു പോവുകയായിരുന്ന ആനയാണ് ഇടഞ്ഞോടിയത്. ഉത്സവത്തിന് ശേഷം തൃക്കാക്കരയില്‍ നിന്നും ആലപ്പുഴ മുല്ലക്കലിലേക്ക് കൊണ്ടു വരികയായിരുന്നു. ഇടഞ്ഞോടിയ ആന ഒരു വീടിന്റെ മതിലും ഓട്ടോറിക്ഷയും ആന തകര്‍ത്തു.

യാത്രക്കിടെ ലോറിക്ക് കുലുക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡ്രൈവര്‍ വേഗത കുറച്ച സമയത്ത് ആന എടുത്തു ചാടി. ദേശീയപാതയില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ ദൂരേക്ക് ആന ഓടിപ്പോവുകയായിരുന്നു. സ്ഥലത്തേക്ക് ജനപ്രവാഹം ഉള്ളതിനാല്‍ ശക്തമായ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Latest