പാചകവാതക വില വര്‍ധനവ് കേന്ദ്രത്തിന്റെ ഓണ സമ്മാനം: കോടിയേരി

Posted on: September 2, 2017 7:16 pm | Last updated: September 2, 2017 at 9:28 pm

തിരുവനന്തപുരം: പാചകവാതക വില വര്‍ധനവ് കേന്ദ്ര സര്‍ക്കാറിന്റെ ഓണ സമ്മാനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സാധാരണക്കാരനോടുള്ള വെല്ലുവിളിയാണ് കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനമെന്നും
പാവപ്പെട്ടവന്റെ അടുപ്പില്‍ തീ പുകഞ്ഞില്ലെങ്കിലും കുത്തകകള്‍ക്ക് കൊള്ളലാഭമുണ്ടാക്കിക്കൊടുക്കണമെന്ന താത്പര്യമാണ് വിലവര്‍ധനക്ക് പിന്നിലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.

കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

രാജ്യത്തെ സബ്‌സിഡിയുള്ള പാചകവാതകത്തിന്റെ വില വീണ്ടും കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. സബ്‌സിഡിയുള്ള സിലിണ്ടറിന് ഏഴുരൂപയും സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 73 രൂപ 50 പൈസയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതാണ് കേരളത്തിലെ ജനങ്ങള്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഓണസമ്മാനം.2018 മാര്‍ച്ചോടെ പാചകവാതകത്തിന്റെ സബ്‌സിഡി പൂര്‍ണമായും ഇല്ലാതാക്കുന്നതിന്റെ മുന്നോടിയാണ് ഈ നീക്കം. എല്ലാമാസവും സിലിണ്ടര്‍ വില വര്‍ധിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. കേരളത്തില്‍ ഓണാഘോഷം ആരംഭിച്ചതിനുശേഷമുണ്ടായ ഈ വില വര്‍ധന കനത്ത ആഘാതമാണ്. സാധാരണക്കാരനോടുള്ള വെല്ലുവിളിയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനം.
പാവപ്പെട്ടവന്റെ അടുപ്പില്‍ തീ പുകഞ്ഞില്ലെങ്കിലും കുത്തകകള്‍ക്ക് കൊള്ളലാഭമുണ്ടാക്കിക്കൊടുക്കണമെന്ന താല്‍പര്യമാണ് ഈ വിലവര്‍ധനയ്ക്ക് പിന്നിലുള്ളത്.
രാജ്യത്താകെ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് അനിയന്ത്രിതമായി വില വര്‍ധിക്കുകയാണ്. റിലയന്‍സ് ഉള്‍പ്പെടെയുള്ള വന്‍കിട എണ്ണക്കമ്പനികളെ സഹായിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കം. 73 രൂപ 23 പൈസയാണ് ശനിയാഴ്ചയിലെ പെട്രോള്‍ വില. ഡീസലിന് 62 രൂപ 24 പൈസയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന തുകയാണിത്. നേരത്തെ 2012ല്‍ ക്രൂഡോയിലിന്റെ വില അന്താരാഷ്ട്ര കമ്പോളത്തില്‍ ബാരലിന് 150 ഡോളറിനടുത്തെത്തിയപ്പോഴാണ് രാജ്യത്ത് ഏറ്റവും ഉയര്‍ന്ന എണ്ണവില ഉണ്ടായിരുന്നത്. ലിറ്ററിന് 77രൂപ. ഇപ്പോള്‍ ക്രൂഡോയില്‍ വില ബാരലിന് 50 ഡോളറില്‍ താഴെയാണ്. എന്നാല്‍, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലയില്‍ കാര്യമായ കുറവില്ല. ഇപ്പോള്‍ ദിവസേന വില വര്‍ധിക്കുകയാണ്. ഒരു ദിവസം നാലുപൈസ മുതല്‍ 12 പൈസ വരെ വര്‍ധിപ്പിക്കുന്നു. ഉപഭോക്താവ് അറിയാത്തവിധം ദിവസേന ചെറിയതോതില്‍ വില ഉയര്‍ത്തിക്കൊണ്ടു വന്ന് വന്‍ വിലക്കയറ്റമാണ് കേന്ദ്ര സര്‍ക്കാര്‍ സൃഷ്ടിക്കുന്നത്.
പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റത്തില്‍ എല്ലാ പാര്‍ട്ടി ഘടകങ്ങളും സഖാക്കളും പാര്‍ടി ബന്ധുക്കളും പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.