Connect with us

Gulf

ഇനി തക്ബീറിന്റെ ദിനരാത്രങ്ങള്‍

Published

|

Last Updated

ജിദ്ദ: പാപമോചനത്തിനു വേണ്ടി പ്രാര്‍ഥിച്ചും അനുഗ്രഹങ്ങള്‍ക്ക് നന്ദി പറഞ്ഞും രണ്ട് ദശലക്ഷത്തിലധികം വരുന്ന അല്ലാഹുവിന്റെ അതിഥികള്‍ അറഫയില്‍ കണ്ണീരൊഴുക്കി. തല്‍ബിയത് മന്ത്ര ധ്വനികളുടെ മുഴക്കത്തില്‍ അറഫ പ്രകമ്പനം കൊണ്ടു. പാപ രഹിതമായ പുതിയൊരു ജീവിതം ദൃഢ നിശ്ചയം ചെയ്ത് അവര്‍ അറഫയില്‍ നിന്ന് വിടവാങ്ങി.
അറഫയിലെ പ്രാര്‍ഥനകള്‍ക്കും ഖുതുബക്കും സല്‍മാന്‍ രാജാവിന്റെ കല്‍പ്പന പ്രകാരം സൗദി ഉന്നത തല പണ്ഡിതാംഗം സഅദ് ബിന്‍ നാസിര്‍ അശത്‌രി നേതൃത്വം നല്‍കി. അല്ലാഹുവിന്റെ പ്രീതി നേടണമെന്നും അതിനായി അവനെ അനുസരിക്കണമെന്നും ഖുതുബയില്‍ ഉണര്‍ത്തിയ അദ്ദേഹം വിഭാഗീയതകള്‍ ഒഴിവാക്കി എല്ലാവരുടെയും അഭിമാനത്തെ മാനിക്കണമെന്നും ആവശ്യപ്പെട്ടു. മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരനടക്കം രാജകുടുംബാംഗങ്ങളും സഊദി ഗ്രാന്റ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലു ശൈഖ് അടക്കമുള്ള പണ്ഡിതന്മാരും ലോക നേതാക്കളും നമിറ പള്ളിയില്‍ സന്നിഹിതരായിരുന്നു.
മഗ്‌രിബ് വരെ അറഫയില്‍ തങ്ങിയ ഹാജിമാര്‍ സൂര്യാസ്തമനത്തിനു ശേഷം മുസ്ദലിഫയിലേക്ക് നീങ്ങി. മുസ്ദലിഫയില്‍ വെച്ച് മഗ്‌രിബും ഇശാഉം ഒന്നിച്ച് നിസ്‌കരിച്ച് രാത്രി അവിടെ തങ്ങിയ ഹാജിമാര്‍ ജംറകളില്‍ എറിയാനാവശ്യമായ കല്ലുകള്‍ പെറുക്കി ഇന്ന് പുലര്‍ച്ചെ മുതല്‍ മിനായിലെത്തിക്കൊണ്ടിരിക്കുകയാണ്.
മശാഇര്‍ മെട്രോ ട്രെയിനുകള്‍ വഴിയും ബസുകള്‍ വഴിയും കാല്‍ നടയായുമെല്ലാം ഹാജിമാര്‍ മിനയിലേക്കുള്ള പ്രയാണം തുടരുകയാണ്.
അറഫയില്‍ നിന്ന് മുസ്ദലിഫ വഴി മിന വരെ നീളുന്ന ലോകത്തെ ഏറ്റവും വലിയ നടപ്പാതയാണ് ഹാജിമാര്‍ ഈ വര്‍ഷം നടന്ന് പോകാന്‍ ഉപയോഗിക്കുന്നത് . 25 കിലോ മീറ്റര്‍ നീളമുള്ള നടപ്പാത ലോകത്തെ ഏറ്റവും മികച്ച സാങ്കേതിക എന്‍ജിനീയറിംഗ് മാനദണ്ഡങ്ങളോടെയാണ് നിര്‍മിച്ചത്.പാതയുടെ ഇരുവശവും തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കാനായി കസേരകളും തണല്‍ക്കുടകളും ഒരുക്കിയിട്ടുണ്ട്. തീര്‍ഥാടകര്‍ക്ക് ഏറ്റവും കൂടുതല്‍ കര്‍മങ്ങള്‍ അനുഷ്ഠിക്കാനുള്ള ദിനമാണ് ഇന്ന് .മിനായിലെത്തുന്ന ഹാജിമാര്‍ പിശാചിന്റെ പ്രതീകമായ ജംറത്തുല്‍ അഖബയില്‍ കല്ലെറിഞ്ഞ ശേഷം തല മുണ്ഡനം ചെയ്യുകയും ബലിയര്‍പ്പിക്കുകയും ഇഫാളതിന്റെ ത്വവാഫ് നിര്‍വഹിക്കുകയും ഇഹ് റാം വസ്ത്രം ഒഴിവാക്കി സാധാരണ വസ്ത്രങ്ങള്‍ അണിയുകയും ചെയ്യും. ഇന്ന് മുതല്‍ തല്‍ബിയതിനു പകരം തക്ബീര്‍ മുഴക്കും. ദുല്‍ഹിജ്ജ 11 നും 12 നും 13 നും ഹാജിമാര്‍ മിനായില്‍ തന്നെ തങ്ങും. ബാക്കിയുള്ള കല്ലേറുകള്‍ ഈ ദിവസങ്ങളില്‍ നടത്തും. മിനായിലെ കല്ലേറിനിടയില്‍ അപകടങ്ങള്‍ സംഭവിക്കാതിരിക്കാന്‍ കനത്ത സുരക്ഷാ സന്നാഹങ്ങളാണ് അധികൃതര്‍ ഒരുക്കിയിട്ടുള്ളത്. ഓരോ ഹജ്ജ് സര്‍വീസ് കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കല്ലെറിയുന്നതിനായി പ്രത്യേക സമയം അനുവദിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹറമിലെ തിരക്കൊഴിവാക്കാന്‍ ആഭ്യന്തര ഹാജിമാര്‍ ദുല്‍ഹിജ്ജ 12 നു തന്നെ മിന വിടുന്നത് വിലക്കിക്കൊണ്ട് മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ ഉത്തരവിറക്കിയിരുന്നു. ആഭ്യന്തര ഹാജിമാരെ ചില പ്രത്യേക സമയങ്ങളില്‍ കല്ലെറിയുന്നത് വിലക്കിക്കൊണ്ടുള്ള അറിയിപ്പും അധികൃതര്‍ നല്‍കിയിട്ടുണ്ട്. ജംറകളില്‍ കല്ലേറിന് വരുന്നവര്‍ക്ക് ചൂട് ഒഴിവാക്കുന്നതിനായി ഈ വര്‍ഷം പ്രത്യേക എയര്‍ കൂളിംഗ് സിസ്റ്റമാണു അധികൃതര്‍ നടപ്പാക്കിയിട്ടുള്ളത്. ജംറകളിലേക്ക് വരുന്ന പാതകളിലും ജംറ പാലത്തിന് സമീപവും കൂളിംഗ് സിസ്റ്റം ഉപയോഗിക്കുന്നതിനാല്‍ ഹാജിമാര്‍ക്ക് ടെന്റുകളില്‍ നിന്നും ജംറകളിലേക്ക് സൂര്യ താപമേല്‍ക്കാതെ പോയി വരാന്‍ സാധിക്കും. മക്ക ഗവര്‍ണറുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ് ഇത് നടപ്പാക്കിയത്. ഒരു മണിക്കൂറിനുള്ളില്‍ മൂന്ന് ലക്ഷം പേര്‍ക്ക് ജംറകളില്‍ കല്ലെറിയാന്‍ സാധിക്കും. 5 നിലകളുള്ള ജംറ പാലത്തിനു 950 മീറ്ററോളം നീളമുണ്ട്.. ഓരോ നിലകളും 12 മീറ്ററാണ് ഉയരം. നാല് ഭാഗങ്ങളിലേക്കുമായി 12 പ്രവേശന നിര്‍ഗമന കവാടങ്ങളുണ്ട്. നിരീക്ഷണ ക്യാമറകളും മെഡിക്കല്‍ സൗകര്യങ്ങളും 2 ഹെലിപാഡുകളും ജംറകളില്‍ സജ്ജമാണ് ഹാജിമാര്‍ക്ക് മശാഇര്‍ മെട്രോ വഴിയും ടെന്റുകളില്‍ നിന്ന് ജംറകളിലേക്ക് പോകാന്‍ സാധിക്കും.

 

Latest