ത്യാഗസ്മരണകളുടെ ആഘോഷം

Posted on: September 1, 2017 12:05 am | Last updated: September 1, 2017 at 12:09 am

വിശ്വാസികള്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുകയാണ്. ഓര്‍മയുടെ പെരുന്നാളാണിത്. നൂറ്റാണ്ടുകള്‍ക്കു മുമ്പ് മക്കയില്‍ ഇബ്‌റാഹിം നബി(അ), ഇസ്മാഈല്‍ നബി(അ), ഹാജറ(റ) എന്നിവര്‍ നടത്തിയ സമാനതകളില്ലാത്ത ത്യാഗത്തിന്റെ, ഇലാഹീ ഭക്തിയുടെ, ധര്‍മബോധനത്തിന്റെ സന്ദേശമാണ് ബലിപെരുന്നാള്‍ വിശ്വാസികള്‍ക്ക് നല്‍കുന്നത്.
മാനുഷികതയുടെ മഹാചരിത്രത്തിനാണ് മക്കയുടെ മണലാരണ്യത്തില്‍ ഇബ്‌റാഹിം നബി തുടക്കം കുറിച്ചത്. പ്രകൃതിയും ആവാസ വ്യവസ്ഥിതിയും പ്രതികൂലമായിരുന്നിട്ടും കറകളഞ്ഞ ഇലാഹി വിശ്വാസത്തിന്റെ ആത്മ പ്രകാശത്തില്‍ ഒരു മഹാനാഗരികതക്കും സംസ്‌കാരത്തിനും വളവും വെള്ളവും നല്‍കി നട്ടു വളര്‍ത്താന്‍ ഇബ്‌റാഹിം നബിക്കു സാധിച്ചു. ഖുര്‍ആന്‍ മാനവലോകത്തോടു പറഞ്ഞത് ഇബ്‌റാഹിം നബിയുടെ സരണിയെ അനുധാവനം ചെയ്യാനാണ്. ലോകത്തിന്റെ കണ്ണും ഖല്‍ബുമൊക്കെ മക്കയിലേക്കാണ് തിരിയുന്നത്. ഇബ്‌റാഹിം നബി നൂറ്റാണ്ടുകള്‍ക്കു മുന്‍പ് വളര്‍ത്തിയെടുത്ത ഒരു സംസ്‌കാരത്തിന്റെ ഭാഗഭാക്കാവാന്‍, ഇലാഹീ വിശ്വാസത്തിന്റെ ദൃഷ്ടാന്തങ്ങള്‍ ചരിത്ര പൈതൃകങ്ങളായും തിരുശേഷിപ്പുകളായും പ്രസരണം ചെയ്യുന്ന വിശുദ്ധ മണ്ണിലേക്ക് തീര്‍ഥാടനം നടത്താന്‍ ഓരോ ഹൃദയവും കൊതിക്കുന്നു.

മക്കയിലെത്തുന്ന വിശ്വാസികള്‍ പ്രവാചക ശ്രേഷ്ഠര്‍ സൃഷ്ടിച്ചെടുത്ത ചരിത്ര ഗാഥകള്‍ നേരില്‍ കാണുന്നു, കണ്ടറിയുന്നു, സംശുദ്ധ വിശ്വാസത്തിന്റെ മറയില്ലാത്ത സത്യങ്ങള്‍… ഇലാഹീ സ്‌നേഹത്തിന്റെ നഗ്‌ന യാഥാര്‍ഥ്യങ്ങള്‍.
സഫയും മര്‍വയും മിനയും അറഫയും മുസ്ദലിഫയും സംസവുമെല്ലാം ഒരുപാട് ചരിത്രാനുഭവങ്ങള്‍ ഓരോ തീര്‍ഥാടകനോടും നിശബ്ദമായി പങ്കുവെക്കുന്നു. ബീവി ഹാജറയെയും പിഞ്ചിളം പൈതല്‍ ഇസ്മാഈലിനെ(അ)യും മരുഭൂമിയുടെ വിജനതയില്‍ വിട്ടുപോയതും സ്വപുത്രനെ ബലിയറുക്കാന്‍ തയാറായതും നംറൂദിന്റെ അഗ്‌നിജ്വാലയിലേക്ക് എറിയപ്പെട്ടതുമെല്ലാം ഓരേയൊരു ലക്ഷ്യത്തിനു വേണ്ടിയായിരുന്നു. അല്ലാഹുവിന്റെ പ്രീതി… അനശ്വരമായ മോക്ഷം….
ഹജ്ജ് കര്‍മത്തിലൂടെ, ബലിപെരുന്നാള്‍ ആഘോഷത്തിലൂടെ സത്യവിശ്വാസികള്‍ ആ ധന്യ ജീവിതത്തെ സ്മരിക്കുന്നു. സര്‍വവും അല്ലാഹുവില്‍ സമര്‍പ്പിക്കാനുള്ള പ്രതിജ്ഞയെടുക്കുന്നു. ഭൗതികതയോടുള്ള അടങ്ങാത്ത അഭിനിവേശവും വിചാര വികാരങ്ങളുമാണ് മനുഷ്യരെ ഗ്രസിച്ചിരിക്കുന്നത്. സ്വാര്‍ഥതയുടെ തടവുകാരായിരിക്കുന്നു ആളുകള്‍. സ്‌നേഹവും സഹാനുഭൂതിയും നഷ്ടപ്പെടുത്തി മാനവിക ബന്ധങ്ങള്‍ക്ക് വിലയും നിലയും കല്‍പ്പിക്കാത്ത യാന്ത്രിക ജീവിതം നയിക്കുന്നവരായി ലോകം പരിണമിച്ചിരിക്കുന്നു. ഇതില്‍ നിന്നും വിമുക്തമായി മനുഷ്യത്വത്തിലേക്കു വഴി നടത്താനുള്ള സന്ദേശമാണ് ഹജ്ജ് കര്‍മവും ബലിപെരുന്നാള്‍ ആഘോഷവും നല്‍കുന്നത്.
ഭൗതിക ജീവിതം ലളിതവും നിസാരവുമാണെന്ന തിരിച്ചറിവാണ് ഹജ്ജ് കര്‍മത്തിലൂടെ ഓരോ വിശ്വാസിയും നേടിയെടുക്കുന്നത്. അവര്‍ ഹൃദയം തുറന്ന് തേടുന്നതോ, മനുഷ്യത്വത്തിന്റെ സര്‍വ ഗുണങ്ങളും സമ്മേളിക്കുന്ന ഹൃദയത്തിനു വേണ്ടിയും.
ഹജ്ജ് കര്‍മത്തിനെത്തുന്ന ലക്ഷകണക്കിന് വിശ്വാസികളില്‍ കൊട്ടാരങ്ങളില്‍ വസിക്കുന്നവരുണ്ട്, ചെറിയ കുടിലുകളില്‍ അല്ലലോടെ ദിനങ്ങള്‍ ചെലവഴിക്കുന്നവരുണ്ട്. പക്ഷേ എല്ലാവര്‍ക്കും ലാളിത്യത്തിന്റെ വസ്ത്രമാണ്. എല്ലാവരുടെയും ലക്ഷ്യം സമാനമാണ്. ഇബ്റാഹിം നബിയുടെയും കുടുംബത്തിന്റെയും ഓരോ ത്യാഗത്തിന്റെയും കഥകള്‍ വിശ്വാസികള്‍ ഓര്‍മിക്കുകയാണ്. സ്വജീവിതത്തിലേക്ക് ആ ഇലാഹീ ഭക്തിയെ സന്നിവേഷിപ്പിക്കാന്‍ പ്രചോദനമാകുന്നു ഇവയോരോന്നും.
വര്‍ഗ-വര്‍ണ-ദേശ-ഭാഷ വൈജാത്യങ്ങള്‍ മറികടന്നും വിസ്മരിച്ചും സാഹോദര്യത്തിന്റെയും മാനവികതയുടെയും മഹത്തായ കൂട്ടായ്മ അറഫയില്‍ തീര്‍ക്കുന്നു. അറഫ നല്‍കുന്നത് പരസ്പര തിരിച്ചറിവാണ്. മനുഷ്യനാരാണെന്നും മനുഷ്യ ധര്‍മമെന്താണെന്നുമുള്ള അവബോധം. ഇത്തരം ഒരു തിരിച്ചറിവാണ് ആധുനിക ലോകത്തിനു വേണ്ടത്.
ചിലപ്പോള്‍ ഒരു വാക്കു മതി വിഷമസന്ധിയിലകപ്പെട്ട സഹോദരന് ജീവിതം കരകയറാന്‍. തിരുറസൂല്‍ മൊഴിഞ്ഞു. പക്ഷേ, സഹോദരന്റെ മുഖത്തു നോക്കി നല്ലൊരു വാക്കുപോലും പറയാന്‍ നേരമില്ലാതായിരിക്കുന്നു. ഭാര്യയുടെ മുഖത്ത് നോക്കി പുഞ്ചിരിക്കാന്‍, മക്കളോടു ചങ്ങാത്തം കൂടാന്‍, അയല്‍വാസികള്‍ക്കു സാന്ത്വനം പകരാന്‍, മാതാപിതാക്കള്‍ക്കു തണലേകാന്‍ കഴിഞ്ഞെങ്കില്‍ ജീവിതം അര്‍ഥവത്താകും.
മതം നല്‍കുന്ന സന്ദേശം മാനവികതയുടേതാണ്. പെരുമാറ്റവും സമ്പര്‍ക്കവും സ്‌നേഹാര്‍ദ്രമാകുമ്പോള്‍ മനുഷ്യത്വം താനേ ഉയിരെടുക്കും.
നബി(സ) പറഞ്ഞു: ഒരു സത്യവിശ്വാസി മറ്റൊരു വിശ്വാസിയുടെ സഹോദരനാണ്. സഹോദരനെ പീഡിപ്പിക്കുകയോ അവകാശങ്ങള്‍ ഹനിക്കുകയോ ചെയ്യരുത്. തന്റെ സഹോദരനെ ഒരാള്‍ തുണച്ചാല്‍ അല്ലാഹു അവനെ സംരക്ഷിക്കും. സ്വസഹോദരന്റെ പ്രയാസത്തിനു പരിഹാരം കണ്ടാല്‍ അല്ലാഹു അന്ത്യനാളില്‍ സഹായിച്ചവന് പ്രത്യേക പരിഗണന നല്‍കും. സഹോദരന്റെ ദോഷം മറച്ചുവെച്ചാല്‍ പുനരുത്ഥാന നാളില്‍ അവന്റെ ദോഷവും അല്ലാഹു ഗോപ്യമാക്കും (ബുഖാരി, മുസ്‌ലിം) പരസ്പര ബാധ്യതയെക്കുറിച്ചാണ് ഈ ഹദീസ് വിശദീകരിക്കുന്നത്. ബലിപെരുന്നാളാഘോഷം വിഭവ സമൃദ്ധിയോടെ നാം കൊണ്ടാടുമ്പോള്‍ തന്റെ സഹോദരനായ അയല്‍വാസിയുടെ അവസ്ഥയെക്കുറിച്ചും ആലോചിക്കേണ്ടത് നന്മയുടെ ഭാഗമാണ്. ബലിമാംസം വിതരണം ചെയ്യുമ്പോള്‍ അവകാശികളെ പ്രത്യേകം പരിഗണിക്കണം. അവശതയനുഭവിക്കുന്ന അനേകങ്ങള്‍ സമൂഹത്തിലുണ്ടെന്ന ബോധ്യം നമുക്കുണ്ടാവണം. സമൃദ്ധിയുടെ ആനന്ദവും സന്തോഷവും കുടികൊള്ളുന്നത് അപരനെ കൂടി പരിഗണിക്കുമ്പോഴാണ്.
മിത്രങ്ങളോടും സ്വകുടുബത്തോടും മാത്രം പുലര്‍ത്തുന്ന സ്‌നേഹം കരുണയല്ല, കടപ്പാടാണ്. സര്‍വരോടും തോന്നുന്ന നന്മയാണ് കരുണ. പെരുന്നാള്‍ ആഘോഷിക്കുന്ന ഈ സന്ദര്‍ഭത്തിലും പലയിടങ്ങളിലും സംഘര്‍ഷഭരിതമാണ് മുസ്‌ലിംകളുടെ ജീവിതങ്ങള്‍. റോഹിംഗ്യാ മുസ്‌ലിംകളുടെ രോദനം ഇപ്പോഴും നിലച്ചിട്ടില്ല. രാജ്യത്തിനകത്തും പുറത്തും മുസ്ലിം സ്വതം പേറുന്നതിന്റെ പേരില്‍ കഷ്ടപ്പെടുന്നവര്‍ അനേകമാണ്. നമ്മുടെ പ്രാര്‍ഥനകളില്‍ അവരുണ്ടാകണം. അകമഴിഞ്ഞ സഹായങ്ങളുമായി കൂടെ നില്‍ക്കണം. ബീഹാറിലും ബംഗാളിലും ഒക്കെ ശക്തമായ മഴമൂലമുണ്ടായ പ്രളയക്കെടുതിയില്‍ അകപ്പെട്ട ആയിരങ്ങള്‍ക്ക് ഭക്ഷണവും വസ്ത്രവും ഒക്കെ നല്‍കാനുള്ള അധ്വാനത്തിലാണ് അവിടെയുള്ള മര്‍ക്കസിന്റെയും സുന്നി സംഘടനകളുടെയും സന്നദ്ധ പ്രവര്‍ത്തകര്‍. പെരുന്നാള്‍ അവര്‍ ആഘോഷിക്കുന്നത് ഒന്നുമില്ലാത്തവര്‍ക്കു തണല്‍ നല്‍കിക്കൊണ്ടാണ്. ദരിദ്രരോടും കഷ്ടപ്പെടുന്നവരോടും കൂടെനില്‍ക്കാനുള്ള റസൂല്‍ (സ)യുടെ ആഹ്വാനം ഹൃദയത്തില്‍ ഏറ്റെടുത്താണവര്‍ അത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മുന്നില്‍ നില്‍ക്കുന്നത്. നമ്മുടെ മഹല്ലുകളില്‍ കഷ്ടപ്പെടുന്നവര്‍ ഇല്ലെന്നു ഉറപ്പുവരുത്തണം. പെരുന്നാള്‍ എല്ലാവര്‍ക്കും ആഘോഷിക്കാന്‍ പറ്റണം. എല്ലാ വിശ്വാസികള്‍ക്കും ഹൃദ്യമായ പെരുന്നാള്‍ നന്മകള്‍.