കേന്ദ്ര മന്ത്രിസഭാ പുന:സംഘടന ഞായറാഴ്ച

Posted on: August 31, 2017 10:39 pm | Last updated: September 1, 2017 at 4:28 pm

 

ന്യൂഡല്‍ഹി: മന്ത്രിസഭാ പുന:സംഘടന ഞായറാഴ്ച നടക്കും. രാവിലെ പത്ത് മണിക്ക് പുന:സംഘടന നടക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ രാഷ്ടപതിയെ അറിയിച്ചു. മന്ത്രിസഭാ പുനസംഘടനക്ക് മുന്നോടിയായി അഞ്ച് കേന്ദ്രമന്ത്രിമാര്‍ രാജിവെച്ചിരുന്നു. ജലവിഭവമന്ത്രി ഉമാഭാരതി, നൈപുണ്യ വികസന സഹമന്ത്രി രാജീവ് പ്രതാപ് റൂഡി, കൃഷിമന്ത്രി രാധാമോഹന്‍ സിംഗ്, ജലവിഭവ സഹമന്ത്രി സഞ്ജീവ് ബല്ല്യാണ്‍, ചെറുകിട സംരംഭകസഹമന്ത്രി ഗിരിരാജ് സിംഗ് എന്നിവരാണ് രാജിവെച്ചത്.
ജെഡിയു ഉള്‍പ്പെടെയുള്ള പുതിയ എന്‍ ഡി എ സഖ്യകക്ഷികളെ ഉള്‍പ്പെടുത്തി കേന്ദ്ര മന്ത്രിസഭ അടുത്ത ആഴ്ചയോടെ പുന:സംഘടിപ്പിക്കുമെന്ന് ബിജെപി വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. പുന:സംഘടനയുടെ ഭാഗമായി ഇന്നലെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഉള്‍പ്പെടെ എട്ട് മന്ത്രിമാരുമായി ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കൂടിക്കാഴ്ച നടത്തി. മുതിര്‍ന്ന മന്ത്രിമാരായ നിര്‍മല സീതാരാമന്‍, പ്രകാശ് ജാവേദ്കര്‍, ജെ പി നദ്ദ തുടങ്ങിയ മന്ത്രിമാരുമായാണ് അമിത് ഷാ ഡല്‍ഹിയിലെ വസതിയില്‍ കൂടിക്കാഴ്ച നടത്തിയത്.

സഹമന്ത്രിമാരില്‍ വകുപ്പുതലത്തില്‍ നടത്തിയ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ചില അംഗങ്ങളെ ക്യാബിനറ്റിലേക്ക് പരിഗണിച്ചേക്കുമെന്ന് സൂചനയുണ്ട്. അടുത്ത് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ് പുന:സംഘടയില്‍ പാര്‍ട്ടി പ്രധാനമായും പരിഗണിക്കുന്നത്. തെലങ്കാന, കര്‍ണാടക എന്നിവിടങ്ങളില്‍നിന്ന് അംഗങ്ങളെ പരിഗണിച്ചേക്കുമെന്നാണ് സൂചന. തെലങ്കാനയില്‍ നിന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരായ മുരളീധര്‍ റാവു, റാം മാധവ് എന്നിവര്‍ക്കാണ് സാധ്യത. കര്‍ണാടകത്തില്‍ നിന്ന് ക്യാബിനറ്റ് പദവിയിലേക്ക് ഒരാളെ പരിഗണിക്കും. കൂടാതെ പുതുതായി എന്‍ ഡി എയിലെത്തിയ ജെഡിയുവില്‍ നിന്ന് ഒരംഗത്തേയും എഐഎഡിഎംകെക്ക് രണ്ട് അംഗങ്ങളേയും നല്‍കും.
നിലവില്‍ വിവിധ കാരണങ്ങളാല്‍ ക്യാബിനറ്റ് വകുപ്പുകള്‍ മന്ത്രിസഭയിലെ മറ്റു അംഗങ്ങള്‍ അധിക ചുമതല വഹിക്കുന്നുണ്ട്. ഈ വകുപ്പുകളിലേക്ക് നിയമിക്കുകയോ അല്ലെങ്കില്‍ വകുപ്പുകളില്‍ മാറ്റം വരുത്തി പുതുതായി എത്തുന്നവര്‍ക്ക് അപ്രധാന വകുപ്പുകള്‍ നല്‍കുകയോ ചെയ്യുന്ന രീതിയിലായിരിക്കും പുന:സംഘടന നടക്കുക. മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രിയായി സ്ഥാനമേറ്റതോടെ ഒഴിവു വന്ന പ്രതിരോധ വകുപ്പ് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് വഹിക്കുന്നത്. ഇത് അരുണ്‍ജെയ്റ്റ്‌ലിയില്‍ നിന്ന് തിരിച്ചെടുക്കും. രണ്ട് വകുപ്പുകള്‍ ഒരുമിച്ച് കൊണ്ടുപോകാനാകില്ലെന്ന് കൂടിക്കാഴ്ചക്ക് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു. അരുണ്‍ ജെയ്റ്റ്‌ലിയെ പ്രതിരോധ വകുപ്പില്‍ നിന്ന് മാറ്റണമെന്ന നിര്‍ദേശം നേരത്തെ തന്നെ പാര്‍ട്ടി വൃത്തങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു വഹിച്ചിരുന്ന നഗര വികസന വകുപ്പ്, പാര്‍ലിമെന്ററി കാര്യം, എന്നിവയും അടുത്ത് മരണപ്പെട്ട അനില്‍ ദവെ കൈകാര്യം ചെയ്തിരുന്ന വനം പരിസ്ഥതി, കലാവസ്ഥ വകുപ്പ് എന്നിവ നിലവില്‍ ജെ പി നദ്ദ, സ്മൃതി ഇറാനി അടക്കമുള്ളവര്‍ അധിക ചുമതല വഹിക്കുകയാണ്. ഈ വകുപ്പുകളും തരിച്ചെടുത്ത് പുതിയ പേരെ നിയമിക്കും. നിലവില്‍ ഈ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നവരുടെ അഭിപ്രായം തേടാനാണ് അമിത്ഷാ ഇന്നലെ മന്ത്രിമാരെ വിളിച്ചുവരുത്തിയതെന്നാണ് ബി ജെ പി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
തുടര്‍ച്ചയായുണ്ടായ രണ്ട് ട്രെയിനപകടങ്ങളുടെ പശ്ചാത്തലത്തില്‍ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു രാജി സന്നദ്ധത അറിയിച്ചിരുന്നു.
ഈ വകുപ്പിലേക്കും പുതിയ ഒരാളെ നിയമിച്ചേക്കും. മന്ത്രിസഭയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിക്ക് പുന:സംഘടനയില്‍ കാര്യമായ വകുപ്പ് നല്‍കുമെന്നാണ് സൂചന.