ബംഗ്ലാദേശില്‍ റോഹിംഗ്യന്‍ അഭയാര്‍ഥികളുടെ മൃതദേഹം അടിഞ്ഞു

Posted on: August 31, 2017 10:17 pm | Last updated: August 31, 2017 at 10:17 pm
SHARE

കോക്‌സ്‌സ് ബസാര്‍ (ബംഗ്ലാദേശ്): മ്യാന്മര്‍ സൈന്യത്തിന്റെ ആക്രമണത്തെ തുടര്‍ന്ന് ബംഗ്ലാദേശ് തീരം ലക്ഷ്യമാക്കി പലായനം ചെയ്ത 20 റോഹിംഗ്യന്‍ അഭയാര്‍ഥികളുടെ മൃതദേഹം കരക്കടിഞ്ഞു. സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹമാണ് ലഭിച്ചതെന്നും കൂടുതല്‍ പേര്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടാകുമെന്നും ബംഗ്ലാദേശ് അതിര്‍ത്തി സേന വ്യക്തമാക്കി. ബോട്ട് തകര്‍ന്നതാണ് അപകടത്തിന് കാരണമായതെന്ന് അധികൃതര്‍ സംശയിക്കുന്നു.

കഴിഞ്ഞ ഒക്ടോബറിലുണ്ടായതിന് സമാനമായ സംഭവവികാസങ്ങളാണ് ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നടന്നുകൊണ്ടിരിക്കുന്നത്. മ്യാന്മര്‍ സൈന്യത്തിന്റെ ആക്രമണം ഭയന്ന് പതിനായിരക്കണക്കിന് റോഹിംഗ്യകള്‍ ബംഗ്ലാദേശ് അതിര്‍ത്തിയിലെത്തിയിട്ടുണ്ട്. അതിര്‍ത്തിയിലെത്തിയവരില്‍ നല്ലൊരു ശതമാനവും സൈന്യത്തിന്റെ ആക്രമണത്തിനും പീഡനത്തിനും വിധേയരായവരാണ്. ഇവര്‍ക്ക് ചികിത്സാ സഹായം നല്‍കാന്‍ വിവിധ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.