Connect with us

Ongoing News

ലങ്ക തരിപ്പണം; ഇന്ത്യക്ക് 168 റണ്‍സ്‌ ജയം

Published

|

Last Updated

കൊളംബോ: ബാറ്റിംഗിലും ബൗളിംഗിലും മിന്നുന്ന പ്രകടനം ആവര്‍ത്തിച്ചപ്പോള്‍ ശ്രീലങ്കക്കെതിരായ നാലാം ഏകദിനത്തിലും ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. കൊളംബോ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 168 റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ മുന്നോട്ടുവെച്ച 376 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്ക 42.4 ഓവറില്‍ 207 റണ്‍സിന് ആള്‍ഔട്ടായി. രണ്ട് വീതം വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ് എന്നിവരുടെ ബൗൡഗ് പ്രകടനമാണ് ലങ്കന്‍ ബാറ്റിംഗ് നിരയുടെ നടുവൊടിച്ചത്.ഷാര്‍ദുല്‍ ഠാക്കൂര്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഒരു വിക്കറ്റ് വീതം വീഴ്ത്തി. 70 റണ്‍സെടുത്ത ആഞ്ചലോ മാത്യൂസ് ആണ് ടോപ് സ്‌കോറര്‍. സിരിവര്‍ധന 39 റണ്‍സെടുത്തു. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ നാലിലും ഇന്ത്യ ജയം കണ്ടു.
നേരത്തെ, ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ അന്‍പത് ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 375 റണ്‍സ് അടിച്ചുകൂട്ടി. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (131), രോഹിത് ശര്‍മ (104) എന്നിവരുടെ സെഞ്ച്വറിയാണ് ഇന്ത്യയെ വന്‍ ടോട്ടലിലേക്ക് നയിച്ചത്. 96 പന്തില്‍ 17 ബൗണ്ടറികളും രണ്ട് സിക്‌സറുകളും അടങ്ങുന്നതാണ് കോഹ്‌ലി ഇന്നിംഗ്‌സ്. രോഹിത് 88 പന്തില്‍ നിന്ന് 11 ബൗണ്ടറികളും മൂന്ന് സിക്‌സറുമടിച്ചു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 219 റണ്‍സാണ് അടിച്ചുകൂട്ടിയത്. കോഹ്‌ലിയുടെ 29ാം ഏകദിന സെഞ്ച്വറിയാണിത്.സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്ക് ശേഷം ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരമെന്ന നേട്ടവും ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്വന്തമാക്കി. സച്ചിന് 40ഉം രണ്ടാം സ്ഥാനത്തുള്ള റിക്കി പോണ്ടിംഗിന് 30 സെഞ്ച്വറികളാണുള്ളത്. 185 ഇന്നിംഗ്‌സുകളില്‍ നിന്നാണ് കോഹ്‌ലിയുടെ ഈ നേട്ടം.

മനീഷ് പാണ്ഡെ (42 പന്തില്‍ 50), എംഎസ് ധോണി (42 പന്തില്‍ 49) എന്നിവര്‍ പുറത്താകാതെ നിന്നു. ശിഖര്‍ ധവാന്‍ (നാല്), ഹാര്‍ദിക് പാണ്ഡ്യ (19), ലോകേഷ് രാഹുല്‍ (ഏഴ്) എന്നിവര്‍ എളുപ്പത്തില്‍ പുറത്തായി. ലങ്കക്ക് വേണ്ടി അഞ്ചലോ മാത്യൂസ് രണ്ട് വിക്കറ്റുകളും മലിംഗ, വിശ്വ ഫെര്‍ണാണ്ടോ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.