പരാതിയില്ലെന്ന് നടി; ജീന്‍പോള്‍ ലാലിനെതിരായ കേസ് റദ്ദാക്കി

Posted on: August 31, 2017 7:03 pm | Last updated: August 31, 2017 at 7:03 pm

കൊച്ചി: സംവിധായകന്‍ ജീന്‍പോള്‍ ലാല്‍, നടന്‍ ശ്രീനാഥ് ഭാസി എന്നിവര്‍ക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. പരാതിയില്ലെന്ന നടിയുടെ സത്യവാങ്മൂലം പരിഗണിച്ചാണ് ഹൈക്കോടതി എഫ്‌ഐആര്‍ റദ്ദാക്കിയത്. സംവിധായകന്‍ ജീന്‍പോള്‍ ലാല്‍, നടന്‍ ശ്രീനാഥ് ഭാസി, സാങ്കേതിക പ്രവര്‍ത്തകരായ വേണുഗോപാല്‍, അനിരുദ്ധന്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍.

ലൈംഗിക ചുവയോടെ സംസാരിച്ചു, അനുവാദമില്ലാതെ തന്റെ ശരീരഭാഗങ്ങള്‍ ചിത്രത്തില്‍ മോശമായി ഉപയോഗിച്ചു തുടങ്ങിയവയായിരുന്നു യുവനടി പരാതി നല്‍കിയിരുന്നത്. തുടര്‍ന്ന് പോലീസ് കേസെടുക്കുകയായിരുന്നു. ലാല്‍ നിര്‍മിച്ച് ജീന്‍ പോള്‍ സംവിധാനം ചെയ്ത ഹണി ബി ടുവില്‍ അഭിനയിച്ചതുമായി ബന്ധപ്പെട്ടാണ് പരാതി. തനിക്ക് പരാതിയില്ലെന്നും പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയെന്നും യുവനടി പിന്നീട് അറിയിച്ചെങ്കിലും കേസ് പിന്‍വലിക്കാന്‍ കഴിയില്ലെന്ന നിലപാടിയിലായിരുന്നു പോലീസ്.