Connect with us

Gulf

വിശ്വകുലത്തിന്റെ പരിച്ഛേദമായി അറഫാ മണല്‍പരപ്പ്

Published

|

Last Updated

വിശുദ്ധ ഹജ്ജ് കര്‍മത്തിനായി അറഫയില്‍ സംഗമിച്ച തീര്‍ഥാടക ലക്ഷങ്ങള്‍

ജിദ്ദ: വിശുദ്ധ ഹജ്ജ് കര്‍മത്തിന്റെ ഏറ്റവും സുപ്രധാന കര്‍മമായ അറഫാ സംഗമത്തിനായി തീര്‍ഥാടക ലക്ഷങ്ങള്‍ അറഫ മണല്‍പ്പരപ്പില്‍ സംഗമിക്കുന്നു. ലോകത്തെ ഏറ്റവും വലിയ മനുഷ്യ സംഗമത്തിനാണ് ഇപ്പോള്‍ അറഫ സാക്ഷ്യം വഹിക്കുന്നത്. ളുഹര്‍ ബാങ്ക് വിളിച്ചതോടെ അറഫയിലെ ആരാധനാ കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ചു. നമിറ പള്ളിയില്‍ ളുഹറും അസറും ഒന്നിച്ച് നമസ്‌ക്കരിക്കുകയാണിപ്പോള്‍ ഹാജിമാര്‍. ശേഷം നടക്കുന്ന ഖുതുബക്ക് സഅദ് ബിന്‍ നാസിര്‍ അശത്രി നേതൃത്വം നല്‍കും. സല്‍മാന്‍ രാജാവിന്റെ ഉപദേശക സമിതിയിലും സൗദി പണ്ഡിത സഭയിലും അംഗമാണു സഅദ് ശത്‌രി. മക്ക ഗവര്‍ണ്ണര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ ഈ വര്‍ഷവും ഹജ്ക് കര്‍മ്മം നിര്‍വഹിക്കുന്നുണ്ട്.

അല്ലാഹുവിനോടു പാപ മോചനം തേടിയും അനുഗ്രഹങ്ങള്‍ക്ക് നന്ദി പറഞ്ഞും ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും വന്നെത്തിയ വിവിധ ഭാഷകള്‍ സംസാരിക്കുന്ന വ്യത്യസ്ത നിറങ്ങളും വിഭിന്ന സംസ്‌ക്കാരങ്ങളുമുള്ള 20 ലക്ഷത്തില്‍ പരം തീര്‍ത്ഥാടകര്‍ “ലബ്ബൈക്ക്” മന്ത്ര ധ്വനി മുഴക്കി അറഫയെ ശുഭ്രസാഗരമാക്കി. 40 ഡിഗ്രിക്ക് മുകളില്‍ ചൂടില്‍ ദൈവീക പ്രീതി മാത്രം കാംക്ഷിച്ചാണ് തീര്‍ഥാടകര്‍ സംഗമിക്കുന്നത്. പ്രവാചകന്‍ വിട വാങ്ങല്‍ പ്രസംഗം നടത്തിയ ജബലുറഹ്മക്ക് മുകളിലും തീര്‍ത്ഥാടകര്‍ നിലയുറപ്പിക്കുന്നുണ്ട്. ബുധനാഴ്ച മിനയില്‍ ആരാധനകളുമായി കഴിഞ്ഞ ഹാജിമാര്‍ വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് അറഫയിലേക്ക് ഒഴുകാന്‍ തുടങ്ങിയത്.

വിശുദ്ധ ഹജ്ജ് കര്‍മത്തിനായി അറഫയില്‍ സംഗമിച്ച തീര്‍ഥാടകര്‍. പ്രവാചകന്‍ വിട വാങ്ങല്‍ പ്രസംഗം നടത്തിയ ജബലുറഹ്മക്ക് മുകളില്‍ തീര്‍ഥാടകര്‍ നിലയുറപ്പിച്ചതും കാണാം

കൊടും ചൂടില്‍ ഹാജിമാര്‍ക്ക് സൂര്യതാപമേല്‍ക്കാതിരിക്കാന്‍ അറഫയിലും ഹാജിമാര്‍ സഞ്ചരിക്കുന്ന വഴികളില്‍ വാട്ടര്‍ സ്‌പ്രേയറുകള്‍ ഒരുക്കിയിട്ടുണ്ട്.ഏത് സാഹചര്യവും നേരിടാന്‍ വൈദ്യ സംഘങ്ങളും സജ്ജമാണ്.

സൂര്യാസ്തമയമാകുന്നതോടെ അറഫയില്‍ നിന്നും തീര്‍ത്ഥാടകര്‍ അറഫയുടെയും മിനയുടെയും ഇടയിലുള്ള മുസ്ദലിഫയിലേക്ക് നീങ്ങും. അറഫയില്‍ നിന്നും 9 കിലോമീറ്റര്‍ അകലെയാണു മുസ്ദലിഫ സ്ഥിതി ചെയ്യുന്നത്. കാല്‍ നടയായും ട്രെയിന്‍ മാര്‍ഗവും ബസ് മാര്‍ഗവും തീര്‍ഥാടകര്‍ മുസ്ദലിഫയിലേക്ക് ഒഴുകും.

ഇന്ത്യന്‍ ഹജ്ജ് മിഷനു കീഴിലുള്ള തീര്‍ത്ഥാടകരില്‍ 65,000 തീര്‍ഥാടകര്‍ക്ക് മശാഇര്‍ മെട്രോ ട്രെയിന്‍ സൗകര്യം ഉപയോഗിച്ച് മുസ്ദലിഫയിലേക്ക് പോകാന്‍ സാധിക്കും. ബാക്കിയുള്ളവര്‍ ബസ് മാര്‍ഗ്ഗമാണു മുസ്ദലിഫയിലെത്തുക. മുസ്ദലിഫയിലെത്തുന്ന തീര്‍ഥാടകര്‍ മഗ്‌രിബും ഇശാഉം ഒരുമിച്ച് നമസ്‌ക്കരിക്കും.
മുസ്ദലിഫയില്‍ രാപാര്‍ക്കല്‍ ഹജ്ജിന്റെ കര്‍മ്മങ്ങളില്‍ ഒഴിച്ച് കൂട്ടാനാകാത്തതാണ്. അറഫയിലെയും മിനയിലെയും പോലെ തംബുകള്‍ മുസ്ദലിഫയില്‍ ലഭ്യമാകില്ല. തുറന്ന സ്ഥലങ്ങളില്‍ തീര്‍ത്ഥാടകര്‍ രാത്രി കഴിയും.

വരും ദിനങ്ങളില്‍ ജംറകളില്‍ പിശാചിന്റെ പ്രതീകമായ സ്തൂപങ്ങളെ എറിയാനുള്ള കല്ലുകള്‍ മുസ്ദലിഫയില്‍ നിന്നാണ് ഹാജിമാര്‍ ശേഖരിക്കുക. മൂന്ന് ദിവസം എറിയാന്‍ ഉദ്ദേശിക്കുന്നവര്‍ 70 കല്ലുകളും രണ്ടു ദിവസം എറിഞ്ഞ് നേരത്തെ പോകാന്‍ ഉദ്ദേശിക്കുന്നവര്‍ 49 കല്ലുകളും ശേഖരിക്കും.

ദുല്‍ ഹിജ്ജ 10-വെള്ളിയാഴ്ച സുബ്ഹി നമസ്‌കാരാനന്തരം ഏറ്റവും വലിയ ജമ്രയായ ജംറത്തുല്‍ അഖ്ബയിലെത്തി കല്ലേര്‍ കര്‍മ്മം നിര്‍വഹിക്കുന്നതോടെ തല്‍ബിയത്തിനു പകരം ഹാജിമാര്‍ തക്ബീര്‍ മുഴക്കും.

ഏറ്റവും കൂടുതല്‍ കര്‍മ്മങ്ങള്‍ നിര്‍വഹിക്കാനുള്ള ദുല്‍ ഹിജ്ജ 10 നു ബലികര്‍മ്മം നടത്തിയും തല മുണ്ഡനം ചെയ്തും ത്വവാഫ് ചെയ്തും ഹജ്ജിന്റെ പ്രധാന ചടങ്ങുകള്‍ പൂര്‍ത്തിയാക്കും. ശേഷം ഇഹ്‌റാമിന്റെ വസ്ത്രം അഴിച്ചുമാറ്റി സാധാരണ വസ്ത്രങ്ങളണിഞ്ഞ് പെരുന്നാള്‍ ആഘോഷിക്കും.ശേഷമുള്ള ദിനങ്ങളില്‍ ബാക്കിയുള്ള കല്ലേര്‍ കര്‍മ്മം നിര്‍വഹിക്കാന്‍ ഹാജിമാര്‍ മിനയില്‍ തങ്ങും. നിര്‍ബന്ധ ത്വവാഫ് നിര്‍വഹിക്കാത്തവര്‍ മിനയിലെ താമസത്തിനിടയില്‍ അവ നിര്‍വഹിക്കും.

ജംറകളില്‍ തിരക്കുണ്ടായി അപകടങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ഓരോ ഹജ്ജ് സര്‍വീസ് സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും പ്രത്യേകം സമയം അനുവദിച്ചിട്ടുണ്ട്. ദുല്‍ ഹിജ്ജ 10,11,12, തീയതികളില്‍ വിവിധ സമയങ്ങളിലായി ആകെ 11 മണിക്കൂര്‍ ആഭ്യന്തര തീര്‍ത്ഥാടകരും കല്ലെറിയുന്നത് വിലക്കിയിട്ടുമുണ്ട്.
അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത സര്‍വീസ് കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ ശക്തമായ നടപടികളെടുക്കുമെന്ന് മക്ക ഗവര്‍ണ്‌നര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

 

Latest