നോട്ട് നിരോധനം: ഇന്ത്യ കണ്ട ഏറ്റവും വലിയ പരാജയം; ചെന്നിത്തല

Posted on: August 31, 2017 2:28 pm | Last updated: August 31, 2017 at 7:40 pm

തിരുവനന്തപുരം: നരേന്ദ്രമോദിയുടെ നോട്ട് നിരോധനം സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ പരാജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നോട്ട് നിരോധനത്തിലൂടെ രാജ്യത്തിന് നഷ്ടമായ തുക ബിജെപിയില്‍ നിന്ന് ഈടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിന് രാജ്യത്ത് വിനിമയത്തിലുണ്ടായിരുന്ന 15.44 ലക്ഷം കോടി രൂപയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാകാര്യം ചെയ്യുന്ന ഭാവത്തില്‍ ഏകപക്ഷീയമായ നടപടിയിലൂടെ നിര്‍ത്തലാക്കിയത്. നോട്ടു നിരോധനത്തിലൂടെ മൂന്ന് ലക്ഷം കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തുമെന്നും അത് പാവപ്പെട്ട ജനങ്ങളുടെ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുമെന്നാണ് ബിജെപി പറഞ്ഞിരുന്നത്. എന്നാല്‍ നോട്ട് നിരോധനത്തെ തുടര്‍ന്ന് ഇന്ത്യന്‍ സന്പദ് വ്യവസ്ഥ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയെന്നും അദ്ദേഹം പറഞ്ഞു.

നോട്ടുമാറാനുള്ള ക്യൂവില്‍നിന്ന 150 പേര്‍ മരണമടഞ്ഞു. തൊഴിലില്ലായ്മ രൂക്ഷമായിരിക്കുന്ന ഈ കാലഘട്ടത്തില്‍ നോട്ട് നിരോധനം കാരണം രണ്ട് ലക്ഷം പേര്‍ക്ക് ജോലി നഷ്ടപ്പെട്ടതായി കണക്കുകള്‍ സൂചിപ്പിക്കുന്നുവെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.