കതിരൂര്‍ മനോജ് വധം: പി.ജയരാജനെതിരെ തെളിവുകള്‍ നിരത്തി സിബിഐ കുറ്റപത്രം

പ്രതിചേര്‍ത്തത് കേന്ദ്രത്തിന്റെ രാഷ്ട്രീയ വേട്ടയുടെ ഭാഗമായെന്ന് പി ജയരാജന്‍.
Posted on: August 31, 2017 1:25 pm | Last updated: August 31, 2017 at 6:49 pm

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ ശക്തമായ തെളിവുകള്‍ നിരത്തി സിബിഐ കുറ്റപത്രം. 2014 ല്‍ നടന്ന കൊലപാതത്തിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട രണ്ടാംഘട്ട കുറ്റപത്രമാണ് ഇന്ന് സിബിഐ കോടതിയില്‍ സമര്‍പ്പിച്ചത്.

രണ്ടാം കുറ്റപത്രത്തില്‍ പി ജയരാജന്‍ ഉള്‍പ്പടെ ആറുപ്രതികളാണ് ഉള്ളത്. കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകന്‍ ജയരാജനാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

പയ്യന്നൂരിലെ മുന്‍ സിപിഎം ഏരിയാ സെക്രട്ടറി ടി.എ. മധുസൂധനന്‍, റെജിലേഷ്, ഷജിലേഷ്, മഹേഷ് ഉള്‍പ്പെടെയുള്ള പ്രതികളും ഈ കുറ്റപത്രത്തില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇവരൊക്കെ കൊലയാളി സംഘത്തിന് വേണ്ട സഹായങ്ങള്‍ ചെയ്തുനല്‍കിയവരാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കേസില്‍ ആകെ 25 പ്രതികളാണ് ഉള്ളത്. ഇതില്‍ ജയരാജന്‍ 25ാം പ്രതിയാണ്.

അതേസമയം കതിരൂര്‍ മനോജ് വധക്കേസില്‍ തന്നെ പ്രതിചേര്‍ത്തത് കേന്ദ്രത്തിന്റെ രാഷ്ട്രീയ വേട്ടയുടെ ഭാഗമായെന്ന് പി ജയരാജന്‍ പ്രതികരിച്ചു. ഇതിനെ നിയമപരമായി നേരിടും. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ഇല്ലാതെയാണ് യുഎപിഎ ചുമത്തിയതെന്നും ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.