കുഞ്ഞുങ്ങളുടെ മരണം: മാതാപിതാക്കളെ പരിഹസിച്ച് യോഗി ആദിത്യനാഥ്

Posted on: August 31, 2017 9:59 am | Last updated: August 31, 2017 at 9:57 am

ലക്‌നോ: ഗൊരഖ്പൂര്‍ ആശുപത്രിയില്‍ കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ മരിച്ച സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരിഹാസം. കുഞ്ഞുങ്ങള്‍ക്ക് രണ്ടു വയസ്സാകുന്ന നിമിഷം മുതല്‍ എനിക്ക് തോന്നുന്നു, രക്ഷിതാക്കള്‍ അവരുടെ ഉത്തരവാദിത്തമെല്ലാം സര്‍ക്കാറിന്റെ തലയിലാക്കാന്‍ ശ്രമം തുടങ്ങുമെന്നായിരുന്നു യോഗിയുടെ പരാമര്‍ശം. കുട്ടികള്‍ മരിക്കാന്‍ ഇടയായ സംഭവത്തില്‍ സര്‍ക്കാറിന് ഉത്തരവാദിത്വമുണ്ട്. എന്നാല്‍ മാതാപിതാക്കള്‍ അവരുടെ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറുന്നുവെന്നും യോഗി ആരോപിച്ചു. കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നുവെന്നും യോഗി കുറ്റപ്പെടുത്തി.

ആഗസ്റ്റ് മാസം മാത്രം മരിച്ചത് 290 കുട്ടികളാണെന്ന പ്രിന്‍സിപ്പലിന്റെ റിപ്പോര്‍ട്ട് പുറത്തുവരുന്നതിന്റെ തൊട്ടുമുമ്പായിരുന്നു യോഗിയുടെ പരിഹാസ പ്രസ്താവന. മാധ്യമങ്ങളെയും യോഗി ആദിത്യനാഥ് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. കഴിഞ്ഞ 48 മണിക്കൂറിനിടെ ഗോരഖ്പുര്‍ ബി ആര്‍ ഡി ആശുപത്രിയില്‍ 42 കുട്ടികളാണ് മരിച്ചത്. ഇതില്‍ ഏഴ് പേര്‍ മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്നാണ് മരിച്ചത്. ആഗസ്റ്റ് ഒന്ന് മുതല്‍ 28 വരെ 290 കുട്ടികള്‍ ഇവിടെ മരിച്ചു. ഇതില്‍ ഏകദേശം 77 കുട്ടികള്‍ മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്നാണ് മരിച്ചത്. ഇതിനെ തുടര്‍ന്ന് സംസ്ഥാനത്തും യോഗി സര്‍ക്കാറിനുമെതിരെ വന്‍ പ്രക്ഷോഭമാണ് ഉയര്‍ന്നിരുന്നത്.