Connect with us

International

കൊടും ക്രൂരതയുമായി മ്യാന്മര്‍ സൈന്യം: റോഹിംഗ്യകളുടെ കൂട്ടപലായനം

Published

|

Last Updated

ധാക്ക: മ്യാന്മര്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന വംശഹത്യാ ആക്രമണത്തെ തുടര്‍ന്ന് റാഖിനെയില്‍ നിന്ന് ബംഗ്ലാദേശിലേക്ക് കൂട്ടപലായനം. സായുധ സേനയും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിന്റെ പേരില്‍ കഴിഞ്ഞയാഴ്ച മുതല്‍ ആരംഭിച്ച റോഹിംഗ്യന്‍ വേട്ട കടുത്ത മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. 20,000ത്തോളം റോഹിംഗ്യകള്‍ ആറ് ദിവസത്തിനിടെ ബംഗ്ലാദേശ് അതിര്‍ത്തിയിലെത്തിയിട്ടുണ്ടെന്നും ഇവരില്‍ പലരുടെയും നില അതീവ ഗുരുതരമാണെന്നും മനുഷ്യാവകാശ സംഘടനാ വക്താക്കള്‍ അറിയിച്ചു.
അഭയാര്‍ഥികളില്‍ സൈനികരുടെ ആക്രമണത്തിന് വിധേയരായ നിരവധി പേര്‍ എത്തിയിട്ടുണ്ട്. പലരുടെയും ശരീരത്തില്‍ വെടിയുണ്ട തറച്ചിട്ടുണ്ടെന്നും ക്രൂരമായ മനുഷ്യാവകാശലംഘനങ്ങള്‍ക്ക് റാഖിനെ വേദിയായിട്ടുണ്ടെന്നും അന്താരാഷ്ട്ര കുടിയേറ്റക്കാരുടെ സംഘടനയായ ഐ ഒ എം വൃത്തങ്ങള്‍ അറിയിച്ചു. സഊദി അറേബ്യയിലെ റോഹിംഗ്യന്‍ വംശജരുടെ സംഘടനയായ ആറാകന്‍ റോഹിംഗ്യ സാല്‍വേഷന്‍ ആര്‍മിയിലെ അക്രമികളും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സാധാരണക്കാരായ റോഹിംഗ്യന്‍ വംശജര്‍ക്ക് നേരെ സൈന്യം ആക്രമണം അഴിച്ചുവിട്ടത്.

ബംഗ്ലാദേശ് അതിര്‍ത്തിയിലെത്തുന്ന റോഹിംഗ്യകള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കാന്‍ ബുദ്ധിമുട്ടുകയാണ് സന്നദ്ധ സംഘടനകള്‍. ആവശ്യമായ ആഹാരവും ശുദ്ധജലവും ചികിത്സാ സൗകര്യങ്ങളും എത്തിക്കാന്‍ സാധിക്കുന്നില്ലെന്ന് അവര്‍ വ്യക്തമാക്കി.
റോഹിംഗ്യകള്‍ തിങ്ങിപ്പാര്‍ക്കുന്ന റാഖിനെയിലെ ഗ്രാമങ്ങള്‍ വ്യാപകമായി ചുട്ടുചാമ്പലാക്കിയതായും സ്ത്രീകളെയും കുട്ടികളെയുമടക്കം കൊന്നൊടുക്കിയതായും റിപ്പോര്‍ട്ടുണ്ട്. 500 ഓളം പേര്‍ മരണപ്പെട്ടിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. മാധ്യമ പ്രവര്‍ത്തകര്‍ക്കോ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കോ വിദേശികള്‍ക്കോ യാത്രാനുമതിയില്ലാത്ത സാഹചര്യത്തില്‍ റാഖിനെയില്‍ നിന്നുള്ള യഥാര്‍ഥ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ബംഗ്ലാദേശ് അതിര്‍ത്തിയിലെത്തിയ അഭയാര്‍ഥികളില്‍ നിന്നാണ് ആക്രമണത്തെ കുറിച്ചുള്ള വിവരങ്ങള്‍ സന്നദ്ധ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും അറിയുന്നത്.

കഴിഞ്ഞ വര്‍ഷം റോഹിംഗ്യന്‍ വംശജര്‍ക്കെതിരെയുണ്ടായ സൈനിക ആക്രമണങ്ങളെയും ബുദ്ധതീവ്രവാദി സംഘടനകളുമായി ചേര്‍ന്നുള്ള സര്‍ക്കാറിന്റെ റോഹിംഗ്യന്‍ വിരുദ്ധ നിലപാടുകള്‍ക്കുമെതിരെ രൂക്ഷമായ ആക്ഷേപം ഉന്നയിച്ച് യു എന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് സായുധ ആക്രമണവും പിന്നാലെയുള്ള വംശഹത്യാ ആക്രമണങ്ങളുമെന്നത് ശ്രദ്ധേയമാണ്.
ഐക്യരാഷ്ട്ര സഭയുടെ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നാന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശമുള്ളത്. റോഹിംഗ്യകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. മ്യാന്മര്‍ സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണത്തില്‍ തന്നെ ഗുരുതരമായ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ വിഷയം ലോക മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് സായുധ സംഘവുമായുള്ള ഏറ്റുമുട്ടലും ഇതിന് പിന്നാലെയുള്ള സൈനിക നടപടിയും.
സര്‍ക്കാര്‍ പൗരന്മാരായി പോലും അംഗീകരിക്കാത്ത റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരെ പതിറ്റാണ്ടുകളായി മ്യാന്മറില്‍ ആക്രമണം നടക്കുകയാണ്. പത്ത് വര്‍ഷത്തിനിടെ പതിനായിരത്തോളം പേര്‍ കൊല്ലപ്പെടുകയും ലക്ഷക്കണക്കിനാളുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ മാത്രം ഒരുലക്ഷത്തോളം പേര്‍ ബംഗ്ലാദേശിലേക്ക് അഭയാര്‍ഥികളായി എത്തിയിട്ടുണ്ട്. റോഹിംഗ്യകളെ കൂട്ടക്കൊല ചെയ്തും വ്യാപകമായി ബലാത്സംഗത്തിനിരയാക്കിയും സൈന്യം വംശഹത്യ നടത്തിയതായി യു എന്‍ മനുഷ്യാവകാശ സമിതി വ്യക്തമാക്കിയിരുന്നു.

 

Latest