വിദ്യാര്‍ഥികളുടെ അവസരം നഷ്ടപ്പെടരുത്

Posted on: August 31, 2017 8:09 am | Last updated: August 30, 2017 at 11:17 pm

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് എം ബി ബി എസിന് പഠിക്കാനുള്ള അവസരം നഷ്ടമാക്കുന്നതാണ് സ്വാശ്രയ മെഡിക്കല്‍ വിഷയത്തില്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ നിന്നുണ്ടായ വിധി. എല്ലാ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്കും 11 ലക്ഷം രൂപ ഫീസ് വാങ്ങാമെന്നാണ് ജസ്റ്റിസ് എസ് എ ബൊബ്‌ഡെ അധ്യക്ഷനായ കോടതി ബഞ്ചിന്റെ ഉത്തരവില്‍ പറയുന്നത്. സംസ്ഥാനത്ത് രണ്ട് കോളജുകള്‍ക്ക് മാത്രമായിരുന്നു നേരത്തെ 11 ലക്ഷം രൂപ ഫീസുണ്ടായിരുന്നത്. അതിപ്പോള്‍ എല്ലാ കോളജുകള്‍ക്കും വാങ്ങാമെന്നായിരിക്കുന്നു.

11 ലക്ഷത്തില്‍ ആറ് ലക്ഷത്തിന് 15 ദിവസത്തിനകം ബേങ്ക് ഗ്യാരന്റി നല്‍കിയാല്‍ മതിയെന്ന്് കോടതി ഒരു ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിലും അത് അത്ര എളുപ്പമല്ല. ആറ് ലക്ഷത്തിലും കൂടിയ തുകക്കുള്ള സ്വത്തിന്റെ രേഖകള്‍ ബേങ്കില്‍ ഹാജരാക്കണം. വിവിധ ബേങ്കുകളുടെ നിലപാട് ഇക്കാര്യത്തില്‍ വ്യത്യസ്തമാണ്. ആറ് ലക്ഷത്തിന്റെ ഗ്യാരണ്ടിക്ക് മൂന്നിരട്ടി വരെ മൂല്യമുള്ള സ്ഥലമോ വീടോ ഈട് ആവശ്യപ്പെടുന്നുണ്ട് ചില ബേങ്കുകള്‍. നിക്ഷേപത്തുകയുടെ നാല് ശതമാനം വരെ സര്‍വീസ് ചാര്‍ജും നല്‍കണം. പുറമെ മൂന്നാം കക്ഷിയുടെ ഗ്യാരന്റിയും ആവശ്യപ്പെടുന്നു മറ്റുചിലര്‍. ഈ കടമ്പകളൊക്കെ കടന്നു ഗ്യാരണ്ടി ലഭ്യമാക്കാന്‍ സ്വാധീനങ്ങളോ പിടിപാടുകളോ ഉള്ളവര്‍ക്കല്ലാതെ പ്രയാസമാണ്. പഠനത്തിനു വേണ്ടി ലക്ഷങ്ങള്‍ ബേങ്കില്‍നിന്ന് കടമെടുത്ത് പഠനശേഷം തിരിച്ചടക്കാന്‍ സാധിക്കാത്ത ആയിരങ്ങള്‍ സംസ്ഥാനത്തുണ്ടെന്നിരിക്കെ സാധാരണക്കാര്‍ മെഡിക്കല്‍ പഠനമേ വേണ്ടെന്ന് വെക്കുന്ന സ്ഥിതിയാണ് ഇതുമൂലമുണ്ടാവുക. സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ഇത്തവണ പ്രവേശനത്തിന് അര്‍ഹത നേടിയ നിരവധി വിദ്യാര്‍ഥികളുടെ ഭാവി അപകടത്തിലാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ ചൂണ്ടിക്കാട്ടുകയുണ്ടായി.

സ്വാശ്രയ കോളജ് പ്രശ്‌നത്തില്‍ സര്‍ക്കാറിന്റെ വീഴ്ചകളാണ് ഇത്തരമൊരു കോടതി ഉത്തരവിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. സുപ്രീം കോടതിയുടെ നീറ്റ് വിധിയോടെ പ്രവേശനത്തില്‍ മെറിറ്റ് ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാറിന് പൂര്‍ണ അധികാരം ലഭിച്ചിരുന്നതാണ്. എന്നാല്‍ 2016 മാര്‍ച്ചില്‍ ഉത്തരവ് വന്നിട്ടും ഒരു കൊല്ലത്തോളം സര്‍ക്കാര്‍ വെറുതെയിരുന്നു. അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെ ഫീസ് നിര്‍ണയത്തിന് തിരക്കിട്ടെടുത്ത നടപടികളിലെ അപാകങ്ങള്‍ കോടതിയില്‍ മാനേജ്‌മെന്റിന് തുണയുമായി. ഫീസ് 11 ലക്ഷമാക്കണമെന്ന മാനേജ്‌മെന്റുകളുടെ വാദത്തെ ഫലപ്രദമായി പ്രതിരോധിക്കാനും സാധിച്ചില്ല. കഴിഞ്ഞ വര്‍ഷം ചില കോളജുകള്‍ താരതമ്യേന കുറഞ്ഞ ഫീസില്‍ പ്രവേശനം നല്‍കിയിരുന്നെങ്കിലും ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ സര്‍ക്കാറിനായില്ലെന്നും ഇതോടെയാണ് കഴിഞ്ഞ വര്‍ഷം 10 ലക്ഷമായിരുന്നു ഫീസ് എന്ന മാനേജ്‌മെന്റുകളുടെ വാദം കോടതി അംഗീകരിച്ചതെന്നും ആരോപിക്കപ്പെടുന്നുണ്ട്.

കോടതി വിധിയിലുണ്ടായ തിരിച്ചടിയെ നേരിടാന്‍ നിയമ നിര്‍മാണമാണ് ഇനി മാര്‍ഗം. ലാഭകരമായ ഒരു കച്ചവടം എന്ന നിലക്കാണ് ബഹുഭൂരിഭാഗം മാനേജ്‌മെന്റുകളും സ്വാശ്രയ കോളജ് രംഗത്തക്ക് പ്രവേശിച്ചത്. ഉന്നത വിദ്യാഭ്യാസ രംഗത്തെ സാമുദായിക അസന്തുലിതത്വം ഇല്ലായ്മ ചെയ്യാനെന്ന പേരിലും സേവന പ്രവര്‍ത്തനത്തിന്റെ ഭാഗമായും സ്വാശ്രയ വിദ്യാഭ്യാസ മേഖലയില്‍ കൈവച്ചവരുടെയെല്ലാം ആത്യന്തിക ലക്ഷ്യം സാമ്പത്തികം തന്നെയാണെന്ന് പ്രവേശന ഫീസ് കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനത്തോട് അവര്‍ കാണിക്കുന്ന നിസ്സഹകരണം വ്യക്തമാക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഏറ്റവും ആകര്‍ഷണീയമായ കോഴ്‌സെന്ന നിലയില്‍ മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയിലാണ് കച്ചവടം പൊടിപൊടിക്കുന്നത്. അധികാര സ്ഥാപനങ്ങളെപ്പോലും ദുര്‍ബലപ്പെടുത്തുന്ന തരത്തിലേക്ക് സ്വാശ്രയ സ്ഥാപനങ്ങളുടെ അധികാരവും സമീപനങ്ങളും വളര്‍ന്നു കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സ്വാശ്രയ മാനേജ്‌മെന്റുകളെ നിയന്ത്രിച്ച് ഉയര്‍ന്ന മാര്‍ക്ക് നേടുന്ന പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സഹായകരമായ വിധത്തില്‍ നിയമനിര്‍മാണം കൊണ്ടുവരുന്നതിനെക്കുറിച്ചു ഗൗരവമായി ചിന്തിക്കണം. സാമൂഹികനീതി ഉറപ്പുവരുത്തുന്ന നിയമങ്ങളാണ് ആവശ്യം. വാര്‍ഷിക ഫീസ് രാജേന്ദ്രബാബു കമ്മീഷന്‍ നിശ്ചയിച്ച അഞ്ച് ലക്ഷം മതിയെന്നും ഭാവിയില്‍ ഫീസ് അടക്കുമെന്ന ഉറപ്പിന് ബാങ്ക് ഗ്യാരന്റിയോ ബോണ്ടോ ആവശ്യമില്ലെന്നും ചില കോളജുകള്‍ സര്‍ക്കാറിനെ അറിയിച്ചതില്‍ നിന്ന് കോടതിയില്‍ മാനേജ്‌മെന്റുകള്‍ ആവശ്യപ്പെട്ടത് പ്രകാരമുള്ള ഉയര്‍ന്ന ഫീസില്ലാതെ തന്നെ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടു പോകാനാകുമെന്ന് വ്യക്തമാണ്.
ബേങ്ക് ഗ്യാരണ്ടി കൊടുക്കാന്‍ കഴിയാത്തതുകൊണ്ട് മാത്രം സ്വാശ്രയ കോളജില്‍ മെഡിക്കല്‍ പ്രവേശനത്തിന് യോഗ്യത നേടിയ പാവപ്പെട്ട ഒരൊറ്റ വിദ്യാര്‍ഥിക്കും പഠനാവസരം നഷ്ടപ്പെടില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി പറയുകയുണ്ടായി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പുകളും പലിശ രഹിത വായ്പകളും ലഭ്യമാക്കാനുള്ള നടപടികളും സര്‍ക്കാറിന് സ്വീകരിക്കാവുന്നതാണ്. ഓരോ വര്‍ഷവും എന്‍ട്രന്‍സ് പരീക്ഷാ നടത്തിപ്പിലൂടെ കോടികള്‍ പൊതുഖജനാവിലേക്കെത്തുന്നുണ്ട്. ഇത് പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കായി വിനിയോഗിക്കാവുന്നതല്ലേ? കോടതി വിധി പ്രകാരം അന്തിമമായി ഫീസ് നിശ്ചയിക്കാനുള്ള അധികാരം സര്‍ക്കാര്‍ രൂപീകരിച്ച ഫീസ് റഗുലേറ്ററി കമ്മിറ്റിക്കാണെന്നിരിക്കെ ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ കമ്മിറ്റിയുടെ പ്രവര്‍ത്തനം കാര്യക്ഷമവും വേഗവുമാക്കാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണ്.