Connect with us

Articles

ബലിയറുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

Published

|

Last Updated

മനുഷ്യന്റെ മുഖ്യാഹാരങ്ങളില്‍ ഒന്നാണ് മാംസം. കന്നുകാലികള്‍, പക്ഷികളില്‍ പെട്ട കോഴി, താറാവ് തുടങ്ങിയവയാണ് ഇതിനായി പ്രധാനമായും ഉപയോഗിക്കപ്പെടുന്നത്. ഉള്ഹിയ്യത്തിന് നിബന്ധനയൊത്ത കന്നുകാലികള്‍ തന്നെ വേണം. പക്ഷികള്‍ മതിയാകില്ല. നിയമവിധേയമായി അറുക്കപ്പെട്ടത് മാത്രമേ ഭക്ഷിക്കാന്‍ പാടുള്ളൂ. അറുക്കാതെ ജീവന്‍ നഷ്ടപ്പെട്ടത് ശവമാണ്. ഇത് രോഗം വന്നോ, പ്രായാധിക്യം കാരണമോ ചത്തത് മാത്രമല്ല, കഴുത്ത് കുരുങ്ങി ചത്തതും അടിയേറ്റു ജീവന്‍ നഷ്ടപ്പെട്ടതും മുകള്‍ ഭാഗത്ത് നിന്ന് താഴേക്ക് വീണു ചത്തതും മറ്റു മൃഗങ്ങള്‍ കുത്തിക്കൊന്നതുമെല്ലാം ശവങ്ങളാണ്. എന്നാല്‍, പരുക്കേറ്റ മൃഗങ്ങളെ അറുത്താല്‍ ഭക്ഷിക്കാവുന്നതാണ്. (മാഇദ-3)

ആവശ്യമില്ലാതെ ഒരു ജീവിയെ അറുത്തോ അല്ലാതെയോ കൊല്ലുന്നതും വേദനിപ്പിക്കുന്നതും നിഷിദ്ധമാണ്. മൃഗങ്ങളുടെ മുഖത്ത് പച്ചകുത്തുന്നതും ആവശ്യത്തിന് ആഹാരം കൊടുക്കാതെ അമിതഭാരം വഹിപ്പിക്കുന്നതും ജോലി ചെയ്യിപ്പിക്കുന്നതുമെല്ലാം നബി(സ) നിരോധിച്ചതായി കാണാം. അറവ് നടത്തുമ്പോള്‍ പോലും മൃഗങ്ങള്‍ക്ക് പ്രയാസം കുറക്കണം. നബി തങ്ങള്‍ പറഞ്ഞു: “നിങ്ങള്‍ അറവ് നടത്തുമ്പോള്‍ നല്ല രീതിയില്‍ അറുക്കുക. കത്തിയുടെ വായ്ത്തല നന്നായി മൂര്‍ച്ചവരുത്തുക മൃഗത്തിന് ആശ്വാസം നല്‍കുക. (മുസ്‌ലിം)

നാല് ഘടകങ്ങള്‍ ചേരുമ്പോഴാണ് അറവ് സംഭവിക്കുക. അറുക്കുന്നയാള്‍, അറുക്കപ്പെടുന്ന ജീവി, അറവിന്റെ ആയുധം, അറവ് എന്നിവയാണവ. ഇതില്‍ അറുക്കുന്നയാള്‍ മുസ്‌ലിമായിരിക്കുക എന്നത് ഒരു പ്രധാന നിബന്ധനയാണ്. ഉദ്ദേശ്യപൂര്‍വം അറുത്തതുമായിരിക്കണം. അറുക്കുന്ന സ്ഥലമായ കഴുത്തില്‍ കത്തി വീണു മുറിഞ്ഞുപോയത് അറുത്തതായി പരിഗണിക്കപ്പെടുകയില്ല. അറുക്കപ്പെടുന്ന ജീവി ഭക്ഷ്യയോഗ്യമായിരിക്കണം. നായ, പന്നി പോലെയുള്ളതും അറുക്കുന്ന സമയത്ത് സ്വയേഷ്ടപ്രകാരം ശരീരം ചലിപ്പിക്കാന്‍ കഴിയുന്ന, ജീവന്‍ ഇല്ലാത്തതുമാവരുത്. അറവ് നടത്താനുപയോഗിക്കുന്ന ആയുധം പല്ല്, നഖം, എല്ല് എന്നിവയല്ലാത്തതും മൂര്‍ച്ചയുള്ളതുമായിരിക്കണം. ആയുധത്തിന്റെ ഭാരം കൊണ്ട് ജീവന്‍ പോയാല്‍ പോരാ.
പ്രധാനമായും ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം അറവാണ്. അറുക്കപ്പെടുന്നതിന്റെ ശ്വാസനാളവും അന്നനാളവും പൂര്‍ണമായും മുറിഞ്ഞിരിക്കണം. ഇത് കത്തിയെടുക്കാതെ തുടര്‍ച്ചയായി മുറിക്കുകയും വേണം. പല കോഴിക്കടകളിലും ശ്രദ്ധിച്ചാല്‍ ശരിയായ വിധത്തിലല്ല അറവ് നടത്തുന്നത് എന്ന് ബോധ്യമാകും. പലരും കഴുത്ത് പിടിച്ച് പിരടിയില്‍ ഒന്ന് വാര്‍ന്ന് ചോരയൊലിപ്പിക്കും. ഇനി കഴുത്തില്‍ അറുക്കുന്നവവരും അന്നനാളവും ശ്വാസ നാളവും പൂര്‍ണമായും മുറിയാന്‍ മാത്രം അറുക്കാതെ ഒന്ന് ചോരയൊലിപ്പിച്ചിടുന്നതാണ് കാണാറുള്ളത്. ഇത് ശവമാണ്. ഇങ്ങനെ അറവ് നടത്തുന്നവര്‍ മറ്റുള്ളവരെ ശവം തീറ്റിച്ച കുറ്റക്കാരാകും.

ഇനി പറയുന്ന മര്യാദകള്‍ പാലിച്ചുകൊണ്ടായിരിക്കണം അറവ് നടത്തേണ്ടത്. ബുദ്ധിയുള്ള മുസ്‌ലിമായ പുരുഷന്‍ അറുക്കുക, അറുക്കപ്പെടുന്നതിന്റെ മുന്നില്‍ വെച്ച് കത്തി മൂര്‍ച്ച കൂട്ടുന്നതും മറ്റൊരു മൃഗത്തെ അറുക്കുന്നതും ഒഴിവാക്കുക, അറുക്കുന്നതിന് മുമ്പ് വെള്ളം കൊടുക്കുക, ഒട്ടകത്തെ നിര്‍ത്തിയും ആടും മാടുമാണെങ്കില്‍ ഇടതു ഭാഗത്തിന്റെ മേല്‍ ഖിബ്‌ലക്ക് അഭിമുഖമായി ചെരിച്ചു കിടത്തിയും അറുക്കുക, അറുക്കുന്നയാള്‍ ബിസ്മിയും സ്വലാത്തും ചൊല്ലുക, ഉള്ഹിയ്യത്താണെങ്കില്‍ ബിസ്മിക്ക് മുമ്പും ശേഷവും മൂന്ന് വീതം തക്ബീര്‍ ചൊല്ലുകയും ശേഷം “അല്ലാഹുമ്മ ഹാദാ മിന്‍ക, വ ഇലൈക, ഫതഖബ്ബല്‍ മിന്നീ എന്ന് പ്രാര്‍ഥിക്കുകയും ചെയ്യുക.

അന്നനാളവും ശ്വാസനാളവും മുറിക്കുന്നതിനു പുറമെ കണ്ഡനാഡികളും മുറിക്കുക. എന്നാല്‍ തല വേര്‍പെട്ടുപോകാതിരിക്കാന്‍ ശ്രദ്ധിക്കണം. വഴിയില്‍ വെച്ചും പൊതുസ്ഥലത്ത് വെച്ചും അറുക്കുന്നതും രാത്രിയില്‍ അറുക്കുന്നതും ഒഴിവാക്കണം. പിടയാന്‍ അനുവദിക്കുന്നതിന് വേണ്ടി കൈകാലുകള്‍ കെട്ടിയിടുന്നുണ്ടെങ്കില്‍ അത് അഴിച്ചിടണം. ജീവ് പോകുന്നതിന് മുമ്പ് അതിനെ നീക്കിയിടുന്നതും തോല് പൊളിക്കുന്നതും പാടില്ലാത്തതാണ്. പിരടിയില്‍ നിന്നും കഴുത്തിന്റെ ഇരു പാര്‍ശ്വങ്ങളില്‍ നിന്നും അറവ് തുടങ്ങല്‍ ഹറാമാണ്. കുട്ടികള്‍ ജനിച്ചതില്‍ സന്തോഷിച്ച് നടത്തുന്ന അറവാണ് അഖീഖ. ഉളുഹിയ്യത്ത് പോലെത്തന്നെയാണ് ഇതിന്റെ മൃഗവും മാംസവിതരണവുമെല്ലാം. മറ്റു ദാനധര്‍മങ്ങള്‍ ഏത് മതക്കാര്‍ക്കും കൊടുക്കാമെങ്കിലും സകാത്തും ഉള്ഹിയ്യത്ത്, അഖീഖ എന്നിവയുടെ മാംസവും മുസ്‌ലിംകള്‍ക്ക് മാത്രമേ നല്‍കാന്‍ പാടുള്ളൂ.

 

---- facebook comment plugin here -----

Latest