വ്യക്തിഗത സുരക്ഷാ നിര്‍ദേശങ്ങളുമായി ദുബൈ പോലീസ്‌

Posted on: August 30, 2017 9:16 pm | Last updated: August 30, 2017 at 9:16 pm

ദുബൈ: സാമൂഹിക മാധ്യമങ്ങളിലൂടെ സ്വകാര്യ വിവരങ്ങളും തൊഴില്‍ വിവരങ്ങളും പങ്കുവെക്കുന്നതിനെതിരെ ദുബൈ പോലീസ് ബോധവല്‍കരണവുമായി രംഗത്ത്. ഹാക്കര്‍മാരും മറ്റ് ക്രിമിനലുകളും മാല്‍വെയര്‍ സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ച് ജനങ്ങളുടെ സ്വകാര്യതയില്‍ കയറിക്കൂടി വ്യാപകമായി തട്ടിപ്പുകള്‍ നടത്തുന്ന പശ്ചാത്തലത്തിലാണ് അധികൃതര്‍ മുന്നറിയിപ്പുമായി രംഗത്തുവന്നത്.

ദുബൈ പോലീസ് ഇതിന്റെ ഭാഗമായി ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ മുന്നറിയിപ്പുകള്‍ നല്‍കുന്ന പോസ്റ്ററുകളും മറ്റും പ്രചരിപ്പിച്ചിട്ടുണ്ട്. ആളുകള്‍ക്ക് വന്‍ സമ്മാനങ്ങളും മറ്റും ഓഫര്‍ ചെയ്താണ് ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
റോഡുകള്‍ മുറിച്ചുകടക്കുമ്പോള്‍ ചുറ്റുപാടുകള്‍ ശ്രദ്ധിക്കാതെ മൊബൈല്‍ ഫോണില്‍ വ്യാപൃതരാവുന്നതിനെ കുറിച്ചും പോലീസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇതിലൂടെ അപകടം ക്ഷണിച്ചുവരുത്തുകയാണെന്നാണ് പോലീസ് മുന്നറിയിപ്പ്. കുട്ടികളുടെ കാര്യങ്ങള്‍ അവഗണിക്കുന്നതും അവരുടെ കാര്യങ്ങളില്‍ മതിയായ ശ്രദ്ധചെലുത്താതിരിക്കുന്നതും അവര്‍ ലഹരിക്കടിമയാകുന്നതുള്‍പെടെയുള്ളവക്ക് കാരണമാകുമെന്നും മുന്നറിയിപ്പിലുണ്ട്. ചികിത്സാര്‍ഥം വാങ്ങുന്ന മരുന്നുകളുടെ ഉറവിടങ്ങള്‍ അറിയണം. അല്ലാത്തപക്ഷം മയക്കുമരുന്നുകളുടെ സമ്മിശ്രം മരുന്നുകളില്‍ ഉള്‍പെടാമെന്ന് മുതിര്‍ന്നവര്‍ക്കായുള്ള മറ്റൊരു മുന്നറിയിപ്പിലുണ്ട്.
ബീച്ചുകളില്‍ കുളിക്കാന്‍ ഇറങ്ങുന്നവര്‍ ആളുകള്‍ കൂടുതലുള്ള ഇടങ്ങളില്‍ ഇറങ്ങണം. വിജനമായിടങ്ങളില്‍ ബീച്ചിലെ വിനോദങ്ങളില്‍ തനിച്ചേര്‍പെട്ടാല്‍ അപകടങ്ങള്‍ സംഭവിക്കാമെന്നും മുന്നറിയിപ്പ് നല്‍കുന്നു.
രാജ്യത്തെ ഗതാഗത നിയമങ്ങളും മറ്റ് നിയമങ്ങളും കൃത്യമായി പാലിക്കുന്നത് രാജ്യത്തെ സ്‌നേഹിക്കുന്നതിന്റെ ലക്ഷണമാണെന്നും മറ്റൊരു മുന്നറിയിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.