കങ്കാരുപ്പട തോറ്റമ്പി; ബംഗ്ലാദേശിന് ചരിത്ര ജയം

Posted on: August 30, 2017 1:29 pm | Last updated: August 30, 2017 at 2:24 pm

മിര്‍പൂര്‍: ബംഗ്ലാ കടുവകളുടെ വീര്യത്തിന് മുന്നില്‍ കങ്കാരുപ്പട തോറ്റമ്പി. ആസ്‌ത്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിന് ചരിത്ര ജയം. ആവേശം നിറഞ്ഞ മത്സരത്തില്‍ 20 റണ്‍സിനാണ് ബംഗ്ലാദേശിന്റെ ജയം. ടെസ്റ്റ് ക്രിക്കറ്റില്‍ ഇതാദ്യമായാണ് ബംഗ്ലാദേശ് ഓസീസിനെ കീഴടക്കുന്നത്. ജയിക്കാന്‍ 265 റണ്‍സ് വേണ്ടിയിരുന്ന ഓസീസ് 244 റണ്‍സിന് ആള്‍ഔട്ടായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഹാകിബല്‍ ഹസന്റെ സ്പിന്‍ മാജിക്കാണ് ഓസീസ് ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്. ആദ്യ ഇന്നിംഗ്‌സിലും അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഷാകിബ് മത്സരത്തില്‍ ആകെ പത്ത് വിക്കറ്റുകള്‍ക്ക് ഉടമയായി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ തയ്ജുല്‍ ഇസ്‌ലാമും രണ്ട് വിക്കറ്റെടുത്ത മെഹദി ഹസനും വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. സ്‌കോര്‍: ബംഗ്ലാദേശ് 260, 221. ആസ്‌ത്രേലിയ 217, 244.

43 റണ്‍സിന്റെ ഒന്നാം ഒന്നിംഗ്‌സ് ലീഡ് വഴങ്ങിയ ആസ്‌ട്രേലിയ 2 വിക്കറ്റിന് 109 റണ്‍സെന്ന നിലയിലാണ് നാലാം ദിനം കളി തുടങ്ങിയത്്. രണ്ട് ദിവസവും എട്ട് വിക്കറ്റും ശേഷിക്കേ ജയിക്കാന്‍ അവര്‍ക്ക് 156 റണ്‍സ് കൂടി മതിയായിരുന്നു. എന്നാല്‍, വര്‍ധിത വീര്യത്തോടെ പന്തെറിഞ്ഞ ബംഗ്ലാ ബൗളര്‍മാര്‍ക്ക് മുന്നില്‍ അവര്‍ക്ക് മുട്ടിടിച്ചു. സെഞ്ച്വറി നേടിയ ഡേവിഡ് വാര്‍ണറിനൊഴികെ (112) മറ്റാര്‍ക്കും ഓസീസ് നിരയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് 37ഉം പാറ്റ് കുമ്മിന്‍സ് 33*ഉം റണ്‍സെടുത്തു. വാര്‍ണര്‍, ഉസ്മാന്‍ ഖവാജ, സ്റ്റീവന്‍ സ്മിത്ത്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാത്യു വെയ്ഡ് എന്നീ പ്രമുഖ ബാറ്റ്‌സ്മാന്മാരുടെ വിക്കറ്റുകളാണ് ഷാകിബ് വീഴ്ത്തിയത്.