മുംബൈയില്‍ മഴക്ക് നേരിയ ശമനം; ട്രെയിന്‍ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു

Posted on: August 30, 2017 9:42 am | Last updated: August 30, 2017 at 12:34 pm

മുംബൈ: ശക്തമായ മഴക്ക് നേരിയ ശമനം ഉണ്ടായതോടെ മുംബൈയില്‍ ലോക്കല്‍ ട്രെയിന്‍ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. ഇന്നലെ രാത്രിയോടെ താനെ കല്യാണ്‍ ലൈനിലാണ് ട്രെയിന്‍ ഓടി തുടങ്ങിയത്. അതേസമയം, മുംബൈയില്‍ നിന്ന് പുറപ്പെടുന്ന ദീര്‍ഘദൂര ട്രെയിനുകളുടെ സമയക്രമത്തില്‍ സെന്‍ട്രല്‍ റെയില്‍വേ മാറ്റം വരുത്തി. വെള്ളക്കെട്ട് പൂര്‍ണമായും മാറാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

2005നു ശേഷമുള്ള ഏറ്റവും വലിയ മഴയാണ് കഴിഞ്ഞദിവസം മുംബൈയില്‍ രേഖപ്പെടുത്തിയത്. പേമാരിയില്‍ തുടര്‍ന്ന് മുംബൈയില്‍ അഞ്ച് പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ശക്തമായ വീട് തകര്‍ന്നതിനെ തുടര്‍ന്ന് രണ്ട് കുട്ടികളടക്കം മൂന്ന് പേരാണ് മരിച്ചത്. താനെയില്‍ മഴക്കെടുതില്‍ രണ്ട് പേര്‍ മരിച്ചു. താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. അടുത്ത 24മണിക്കൂര്‍ കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. അതിനാല്‍, ബോംബെ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ പരിധിയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇന്നും അവധിയായിരിക്കും. വെള്ളക്കെട്ട് രൂക്ഷമായ ഭാഗങ്ങളിലെ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇന്നും അവധി പ്രഖ്യാപിച്ചു.