യുഎസ് ഓപണില്‍ വന്‍ അട്ടിമറി; കെര്‍ബര്‍ പുറത്ത്

Posted on: August 30, 2017 9:15 am | Last updated: August 30, 2017 at 9:15 am

വാഷിംഗ്ടണ്‍: യുഎസ് ഓപണ്‍ ടെന്നിസില്‍ വന്‍ അട്ടിമറി. വിനിതാ വിഭാഗത്തിലെ നിലവിലെ ചാമ്പ്യനായ ആഞ്ചലിക് കെര്‍ബര്‍ ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായി. 19 കാരിയായ ജപ്പാന്റെ നഓമി ഒസാക്കയാണ് ലോക റാങ്കിംഗില്‍ ആറാം സ്ഥാനത്തുള്ള കെര്‍ബറെ വീഴ്ത്തിയത്. സ്‌കോര്‍: 6-3 6-1. റാങ്കിംഗില്‍ 45ാം സ്ഥാനത്താണ് ഒസാക്ക.
അതേസമയം, വിലക്കിനുശേഷം ടെന്നിസ് കോര്‍ട്ടിലേക്ക് മടങ്ങിയെത്തിയ റഷ്യന്‍ താരം മരിയ ഷറപ്പോവ തകര്‍പ്പന്‍ ജയത്തോടെ തുടങ്ങി. വിലക്ക് കഴിഞ്ഞ് ഷറപ്പോവ ആദ്യമായി റാക്കറ്റേന്തിയ ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റായ യുഎസ് ഓപ്പണില്‍ ആദ്യറൗണ്ടില്‍ മിന്നുന്ന വിജയമാണ് താരം നേടിയത്. ലോക റാങ്കിങില്‍ രണ്ടാം സ്ഥാനത്തുള്ള റുമാനിയയുടെ സിമോണ ഹാലെപ്പിനെയാണ് ഷറപ്പോവ ഞെട്ടിച്ചത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് താരം ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയത്.

ആദ്യറൗണ്ടില്‍ ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കായിരുന്നു ഷറപ്പോവയുടെ ഉജ്ജ്വല വിജയം. ആദ്യസെറ്റ് ഷറപ്പോവ 6-4ന് നേടിയപ്പോള്‍ രണ്ടാമത്തെ സെറ്റില്‍ ഹാലെപ് ഇതേ സ്‌കോറിനു തിരിച്ചടിച്ചു. എന്നാല്‍ അവസാന സെറ്റില്‍ 6-3ന്റെ ജയത്തോടെ ഷറപ്പോവ ഗ്രാന്റ്സ്ലാമിലേക്കുള്ള മടങ്ങിവരവ് ഗംഭീരമാക്കി. ഉത്തേജകം ഉപയോഗിച്ചതിനെ തുടര്‍ന്നാണ് ഷറപ്പോവയെ 15 മാസത്തേക്കു വിലക്കിയത്. 2006ലെ യുഎസ് ഓപ്പണ്‍ ജേതാവ് കൂടിയായ റഷ്യന്‍ താരം ഇപ്പോള്‍ ലോക റാങ്കിങില്‍ 146ാം സ്ഥാനത്താണ്.
വനിതാ സിംഗിള്‍സിലെ മറ്റു മല്‍സരങ്ങളില്‍ മൂന്നാം സീഡ് ഗബ്രീന്‍ മുഗുറുസ 6-0, 6-3ന് ലെപ്‌ചെങ്കോയെയും പെട്ര ക്വിറ്റോവ 75, 75ന് യെലേന യാങ്കോവിച്ചിനെയും വീനസ് വില്ല്യംസ് 6-3, 3-6, 6-2ന് കുസ്‌മോവയെയും കരോലിന വോസ്‌നിയാക്കി 6-1, 7-5ന് ബുസ്‌മെസ്‌കുവിനെയും സ്ലൊവെന്‍ സ്റ്റീഫന്‍സ് 7-5, 61ന് റോബര്‍ട്ടോ വിന്‍സിയെയും തോല്‍പ്പിച്ചു. പുരുഷ സിംഗിള്‍സ് ആദ്യറൗണ്ട് മല്‍സരങ്ങളില്‍ മരിന്‍ സിലിച്ച് 6-4, 6-3, 3-6, 6-3ന് സാന്‍ഡ്‌ഗ്രെനിനെയും ജോണ്‍ ഇസ്‌നര്‍ 6-1, 6-3, 46, 6-3ന് ഹെര്‍ബെര്‍ട്ടിനെയും തോല്‍പ്പിച്ചു.