ബിപിന്‍ വധം: 15 പേര്‍ കസ്റ്റഡിയില്‍; അറസ്റ്റ് ഉടന്‍

Posted on: August 30, 2017 8:45 am | Last updated: August 30, 2017 at 11:03 am

തിരൂര്‍: ആര്‍ എസ് എസ് നേതാവും കൊടിഞ്ഞി ഫൈസല്‍ വധക്കേസ് രണ്ടാം പ്രതിയുമായ ബിപിന്‍ (24) കൊല്ലപ്പെട്ട സംഭവത്തില്‍ യഥാര്‍ഥ പ്രതികള്‍ പിടിയിലായതായി സൂചന. സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 75 ഓളം പേരെ പോലീസ് ഇതുവരെ ചോദ്യം ചെയ്തു. ഇതില്‍ കൃത്യം നടത്തിയവരെന്ന് സംശയിക്കുന്ന 15 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ മാത്രം 20 പേരെ ചോദ്യം ചെയ്തു. പ്രതികള്‍ക്ക് ആയുധം പണിത് നല്‍കിയ കൊല്ലപ്പണിക്കാരനെയും പോലീസ് ചോദ്യം ചെയ്തു. നിലവില്‍ കസ്റ്റഡിയിലുള്ള പ്രതികള്‍ തൃപ്രങ്ങോട്, മംഗലം, ആലിങ്ങല്‍ സ്വദേശികളാണ്.

ഈ മാസം 24ന് വ്യാഴാഴ്ച രാവിലെ ഏഴരയോടെയാണ് ബിപിന്‍ കൊല്ലപ്പെട്ടത്. അന്ന് മുതല്‍ പഴുതടച്ച അന്വേഷണമായിരുന്നു പോലീസ് നടത്തിയത്. അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റു പ്രതികള്‍ക്ക് വേണ്ടി പോലീസ് വലവിരിച്ചിട്ടുണ്ട്. അന്വേഷണ പുരോഗതി വിലയിരുത്താനായി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇന്നലെ തിരൂരില്‍ എത്തിയിരുന്നു. കൃത്യമായ ആസൂത്രണം കൊലപാതകത്തിന് പിന്നിലുണ്ടായിരുന്നതായി അന്വേഷണ സംഘം പറഞ്ഞു.
ബിപിന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത് മുതല്‍ പ്രതികളുടെ നിരീക്ഷണത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. വെട്ട് നടക്കേണ്ടത് എവിടെ വെച്ചാണെന്നുള്ളതും രക്ഷപ്പെടേണ്ട സ്ഥലവും പ്രതികള്‍ മുന്‍കൂട്ടി കണ്ടിരുന്നു. ഇപ്പോള്‍ പിടിയിലായവരെല്ലാം പ്രത്യേക സംഘടനയുമായി ബന്ധപ്പെട്ടവരാണ്. അന്വേഷണം നേരായ ദിശയില്‍ പോകുന്നതായും യഥാര്‍ഥ പ്രതികളിലേക്ക് അന്വേഷണം പുരോഗമിക്കുന്നതായും തിരൂര്‍ ഡിവൈ എസ് പി. വി എ ഉല്ലാസ് പറഞ്ഞു. ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റയുടെ മേല്‍നോട്ടത്തില്‍ പെരിന്തല്‍മണ്ണ ഡി വൈ എസ് പി. എം പി മോഹനചന്ദ്രന്‍, തിരൂര്‍ സി ഐ. എം കെ ഷാജി, താനൂര്‍ സി ഐ. അലവി എന്നിവരുടെ നേതൃത്വത്തിലുള്ള 12 അംഗ സംഘമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.