Connect with us

Kozhikode

കുടുംബശ്രീയിലെ നിയമനം: വ്യാപക അഴിമതിയെന്ന് യൂത്ത് ലീഗ്‌

Published

|

Last Updated

കോഴിക്കോട്‌: കുടുംബശ്രീയിലെ നിയമനം സംബന്ധിച്ച് മന്ത്രി കെ ടി ജലീലും സി പി എമ്മും വ്യാപക അഴിമതി നടത്തിയതായി യൂത്ത്‌ലീഗ്. ഇത് സംബന്ധിച്ച് സി ബി ഐ അന്വേഷണം വേണമെന്നും മന്ത്രി ജലീല്‍ രാജിവെക്കണമെന്നും യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പി കെ ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

30000 രൂപ മുതല്‍ 80000രൂപ വരെ മാസ ശമ്പളമുള്ള മുന്നൂറോളം തസ്തികകളിലേക്ക് നടത്തിയ നിയമനത്തിലാണ് വ്യാപക ക്രമക്കേട് ഉണ്ടായത്. വിവിധ തസ്തികകളിലേക്ക് മാര്‍ച്ച് 12ന് നടത്തിയ പരീക്ഷ ഇതിന് ഏറ്റവും വലിയ തെളിവാണ്. ശമ്പളവും യോഗ്യതയും പദവിയും വ്യത്യസ്തമായിട്ടും ഒരേ ചോദ്യപ്പേപ്പര്‍ ഉപയോഗിച്ചാണ് എല്ലാ തസ്തികകളിലേയും പരീക്ഷ നടത്തിയത്. പരീക്ഷ കഴിഞ്ഞ ഉടനെ ഹാള്‍ടിക്കറ്റും ചോദ്യപേപ്പറും തിരിച്ച് വാങ്ങിയത് പരീക്ഷയിലെ കള്ളക്കളികള്‍ പുറത്ത് വരാതിരിക്കാനാണ്.

റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാത്ത ആളെയും റാങ്ക് ലിസ്റ്റില്‍ ഏറ്റവും താഴെയുള്ള വ്യക്തിയെയും റാങ്ക് ലിസ്റ്റ് മറികടന്നാണ് നിയമിച്ചത്. 80000 രൂപ മാസ ശമ്പളമുള്ള ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി സി എസ് പ്രവീണിനെയും 60000 രൂപ ശമ്പളമുള്ള സ്റ്റേറ്റ് പ്രോഗ്രാം ഓഫീസറായി എന്‍ കെ റിയാസ് അബ്ദുല്ലയെയും നിയമിച്ചത് റാങ്ക് ലിസ്റ്റ് മറികടന്നാണ്. മുഴുവന്‍ തസ്തികയിലും നിയമിച്ചവരുടെ പേര് വിവരം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാത്തതും അഴിമതിക്ക് മറപിടിക്കാനാണ്. അഴിമതിയില്‍ മന്ത്രിക്ക് പങ്കില്ലെങ്കില്‍ സി പി എമ്മിന്റെ ആജ്ഞക്കനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്ന് തുറന്ന് പറയണം. അഴിമതിക്ക് കൂട്ടുനിന്ന കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹരികിഷോര്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സന്തോഷ്, പ്രോഗ്രാം ഓഫീസര്‍ പ്രമോദ് എന്നിവരെ പുറത്താണമെന്നും യൂത്ത്‌ലീഗ് ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം പങ്കെടുത്തു.

Latest