Connect with us

Kerala

സ്‌പോര്‍ട്‌സ് താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി: സമയബന്ധിതമായി നടപടി പൂര്‍ത്തിയാക്കും: മന്ത്രി എ സി മൊയ്തീന്‍

Published

|

Last Updated

തിരുവനന്തപുരം: സ്‌പോര്‍ട്‌സ് താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിനുള്ള നടപടി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി എ സി മൊയ്തീന്‍. ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് മെഡല്‍ ജേതാക്കള്‍ക്കുള്ള ക്യാഷ് അവാര്‍ഡിന്റേയും പി യു ചിത്ര്ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പിന്റേയും വിതരണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

2010 മുതല്‍ 2014 വരെയുള്ള കായിക താരങ്ങള്‍ക്ക് നിയമനം നല്‍കേണ്ടതുണ്ട്. ഇക്കാര്യം പ്രത്യേക ടീം പരിശോധിക്കുകയാണ്. ഇവര്‍ക്ക് നിയമനം നല്‍കുന്നതിനൊപ്പം ഇതിനു ശേഷമുള്ളവരുടെ അപേക്ഷകള്‍ ക്ഷണിക്കും. പി എസ് സി മുഖേന പ്രതിവര്‍ഷം 150 കായികതാരങ്ങള്‍ക്ക് നിയമനം നല്‍കാനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗം തീരുമാനിച്ചിട്ടുള്ളത്. സ്‌പോര്‍ട്‌സ് മികവിനു വേണ്ടി ജോലി എന്നതാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാട്.
കായികപ്രതിഭകള്‍ക്ക് യോഗ്യതക്കനുസരിച്ച് പരിശീലനം നല്‍കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ലോകമത്സരങ്ങളില്‍ മാറ്റുരക്കുന്ന കായിക താരങ്ങള്‍ക്ക് മാനദണ്ഡം നല്ലതാണ്. പക്ഷേ, അത് സുതാര്യമാകണം. പി. യു. ചിത്രക്ക് സംഭവിച്ചത് ആവര്‍ത്തിക്കാതിരിക്കാന്‍ കേരളത്തിന്റെയും മലയാളികളുടെയും പ്രതിഷേധം സഹായിക്കുമെന്നാണ് വിശ്വാസം.
അന്തര്‍ദ്ദേശീയ തലത്തില്‍ മെഡല്‍ നേടുന്ന കായിക താരങ്ങള്‍ക്കുള്ള അവാര്‍ഡ് തുക കാലാനുസൃതമായി സര്‍ക്കാര്‍ പരിഷ്‌കരിക്കും. മുന്‍പ് നല്‍കിയിരുന്നതിന്റെ പതിന്മടങ്ങാണ് അവാര്‍ഡ് തുകയായി ഈ സര്‍ക്കാര്‍ നല്‍കുന്നത്.
ഇതോടൊപ്പം കായികമേഖലയെ സുതാര്യമായി വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം. വിവിധ കായിക സംഘടനകളുടെയും കായിക താരങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ദേശീയ അന്തര്‍ദ്ദേശീയ തലങ്ങളില്‍ മെഡല്‍ നേടുന്നതിനുള്ള സാഹചര്യം ഒരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം നേടിയവര്‍ക്ക് പത്ത് ലക്ഷം രൂപയും ടീം ഇനത്തില്‍ സ്വര്‍ണം നേടിയവര്‍ക്ക് അഞ്ച് ലക്ഷം രൂപയും സമ്മാനിച്ചു. വെള്ളി നേടിയവര്‍ക്ക് യഥാക്രമം ഏഴ് ലക്ഷം രൂപയും 3.5 ലക്ഷം രൂപയും വെങ്കലം നേടിയവര്‍ക്ക് അഞ്ച് ലക്ഷവും 2.5 ലക്ഷവും നല്‍കി. ഡോ. എ. പി. ജെ അബ്ദുള്‍ കലാം സ്‌കോളര്‍ഷിപ്പായി പ്രതിമാസം പതിനായിരം രൂപയാണ് നല്‍കുന്നത്.
ഇതിനു പുറമെ സ്‌പോര്‍ട്‌സ് കിറ്റും നല്‍കും. പി യു ചിത്രക്ക് സംസ്ഥാന സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പായി പ്രതിമാസം 25,000 രൂപ നല്‍കും. കേരളമില്ലാതെ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ഇല്ലെന്ന് ദേശീയ കായിക മേധാവികള്‍ തിരിച്ചറിയണമെന്ന് അദ്ധ്യക്ഷത വഹിച്ച ദേവസ്വം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഡോ. എ പി ജെ അബ്ദുള്‍ കലാം സ്‌കോളര്‍ഷിപ്പ് അദ്ദേഹം വിതരണം ചെയ്തു. കായികതാരങ്ങളെ ദേശീയ അന്തര്‍ദ്ദേശീയ തലത്തിലേക്ക് ഉയര്‍ത്താന്‍ സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി പി ദാസന്‍, കായിക യുവജന വകുപ്പ് സെക്രട്ടറി ഡോ. ബി അശോക്, അഡ്മിനിസ്‌ട്രേറ്റീവ് ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

 

---- facebook comment plugin here -----

Latest