എ ഐ എ ഡി എം കെ ഘടകകക്ഷി എം എല്‍ എമാര്‍ സ്റ്റാലിനെ കണ്ടു

Posted on: August 30, 2017 6:32 am | Last updated: August 30, 2017 at 10:20 am

ചെന്നൈ: തമിഴ്‌നാട് ഭരണകക്ഷിയായ എ ഐ എ ഡി എം കെയില്‍ ഉടലെടുത്ത രാഷ്ട്രീയ അനൈക്യം ഘടക കക്ഷികളിലേക്കും വ്യാപിക്കുന്നു. മൂന്ന് ഘടക കക്ഷി എം എല്‍ എമാര്‍ ഇന്നലെ ഡി എം കെ നേതാവും പ്രതിപക്ഷ നേതാവുമായ എം കെ സ്റ്റാലിനുമായി ചര്‍ച്ച നടത്തി. മുഖ്യമന്ത്രി പളനിസ്വാമിയെയും ഇവര്‍ കണ്ടതായാണ് വിവരം. സര്‍ക്കാറിന്റെയും എ ഐ എ ഡി എം കെയുടെയും താത്പര്യം സംരക്ഷിക്കപ്പെടാന്‍, വിമതപക്ഷത്ത് നില്‍ക്കുന്ന ദിനകരന്‍ വിഭാഗം എം എല്‍ എമാരുമായി മുഖ്യമന്ത്രി പളനിസ്വാമി ചര്‍ച്ച നടത്തണമെന്ന് ഘടകക്ഷി എം എല്‍ എമാര്‍ ആവശ്യപ്പെട്ടു.
എ ഐ എ ഡി എം കെയുടെ മൂന്ന് ഘടകകക്ഷികളായ തമിള്‍നാട് കൊംഗു ഇലൈഞ്ജര്‍ പേരവൈ, മുക്കുലത്തോര്‍ പുലിപ്പടൈ, മനിതനേയ ജനനായക കച്ചി എന്നിവയുടെ എം എല്‍ എമാര്‍ ഇന്നലെ രാവിലെ ചെന്നൈയില്‍ ചര്‍ച്ച നടത്തി. ഈ മൂന്ന് സംഘടനകള്‍ക്കും ഓരോ എം എല്‍ എമാരാണുള്ളത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവര്‍ മൂന്ന് പേരും രണ്ടില ചിഹ്നത്തിലാണ് മത്സരിച്ചത് എന്നതിനാല്‍ നിയമസഭാ റെക്കോഡുകളില്‍ എ ഐ എ ഡി എം കെ അംഗങ്ങള്‍ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ദിനകരന്‍ പക്ഷത്തുള്ള എം എല്‍ എമാരെ തിരികെയെത്തിച്ച് എ ഐ എ ഡി എം കെ ശക്തിപ്പെടുത്തണമെന്ന് കൊംഗു ഇലൈഞ്ജര്‍ പേരവൈ എം എല്‍ എ. യു തനിയരസു ആവശ്യപ്പെട്ടു. നിലവിലെ രാഷ്ട്രീയ സ്ഥിതി വിശദമായി ചര്‍ച്ച ചെയ്തുവെന്ന് മനിതനേയ ജനനായക കച്ചി എം എല്‍ എ തമീമും അന്‍സാരി വ്യക്തമാക്കി. ആവശ്യമാണെങ്കില്‍ വിശ്വാസവോട്ട് തേടണമെന്ന നിലപാടാണ് മൂന്ന് എം എല്‍ എമാരും മുന്നോട്ടുവെക്കുന്നത്. അതിനിടെ, ഇവര്‍ ഡി എം കെ നേതാവ് എം കെ സ്റ്റാലിനുമായും കൂടിക്കാഴ്ച നടത്തി. രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പേരറിവാളന് പരോള്‍ അനുവദിച്ചതില്‍ നന്ദിപറയാനാണ് സ്റ്റാലിനെ സന്ദര്‍ശിച്ചതെന്നാണ് അവര്‍ വിശദീകരിക്കുന്നത്.