അമിത് ഷാക്കെതിരെ ഗുരുതര ആരോപണവുമായി ഗുര്‍മീതിന്റെ ദത്തുപുത്രി

Posted on: August 30, 2017 12:35 am | Last updated: August 29, 2017 at 11:18 pm

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം സി ബി ഐ പ്രത്യേക കോടതി 20 വര്‍ഷം കഠിന തടവിന് ശിക്ഷിച്ച ആള്‍ ദൈവം ഗുര്‍മീത് റാം സിംഗിനെ കേസുകളില്‍ നിന്ന് രക്ഷിക്കാമെന്ന് അമിത് ഷാ വാഗ്ദാനം നല്‍കിയിരുന്നതായി വെളിപ്പെടുത്തല്‍. ഗുര്‍മീത് റാമിന്റെ ദത്തു പുത്രി ഹണിപ്രീത് സിംഗാണ് ബി ജെ പി അധ്യക്ഷന്‍ അമിത് ഷാക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് പിന്തുണ നല്‍കുകയാണെങ്കില്‍ പ്രതിഫലമായി ബലാത്സംഗ കേസുകള്‍ ഒഴിവാക്കി തരാമെന്ന് ബി ജെ പി വാഗ്ദാനം ചെയതെന്നാണ് ഹണി പ്രീത് ആരോപിച്ചിരിക്കുന്നത്. അഞ്ച് കോടിയിലധികം അനുയായികളുള്ള ഗുര്‍മീത് സിംഗിന്റെ പിന്തുണ ഉറപ്പാക്കുന്നതിനാണ് പീഡനക്കേസുകളില്‍ നിന്ന് രക്ഷപ്പെടുത്താമെന്ന് ഹരിയാന തിരഞ്ഞെടുപ്പിന് മുമ്പ് അമിത് ഷാ വാഗ്ദാനം നല്‍കിയതെന്ന് ഹണി പ്രീത് വെളിപ്പെടുത്തി. ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ആള്‍ദൈവം ഗുര്‍മീത് സിംഗും നേരിട്ട് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത്തരത്തിലൊരു ധാരണയിലെത്തിയതെന്നും ഹണി വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഭക്തരുടെ വോട്ട് ഗുര്‍മീത് ഉറപ്പ് നല്‍കിയിരുന്നതായും ഹണി പ്രീത് വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേരാ സച്ച സൗദ ബി ജെ പിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചത്.

ബി ജെ പിയുടെ ദേശീയ നേതാക്കളില്‍ ഒരാളായ അനില്‍ ജെയിന്‍ വഴിയാണ് അമിത് ഷായെ കാണുന്നത്. 28 അസംബ്ലി സീറ്റുകളില്‍ തന്റെ അനുയായികളുടെ മുഴുവന്‍ വോട്ടുകളും ഗുര്‍മീത് അമിത് ഷാക്ക് ഉറപ്പ് നല്‍കി. ബി ജെ പിയുടെ ദേശീയ സെക്രട്ടറി കൈലാഷുമായും ഗുര്‍മീത് കൂടിക്കാഴ്ച നടത്തിയിരുന്നതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗുര്‍മീതിനെ സി ബി ഐ പ്രത്യേക കോടതി 20 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചതോടെയാണ് ബി ജെ പി വാഗ്ദാനം പാലിച്ചില്ലെന്ന് കാണിച്ച് ദത്തു പുത്രിയുടെ രംഗ പ്രവേശം.
ബി ജെ പി നേതാക്കള്‍ക്ക് ആള്‍ദൈവവുമായി അടുത്ത ബന്ധമുണ്ടെന്ന പ്രചാരണം വ്യാപകമാണ്. ഇതിനിടെയാണ് വിഷയത്തില്‍ ബി ജെപിയെ കൂടുതല്‍ പ്രതിരോധത്തിലാക്കി പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്.