Connect with us

International

റോഹിംഗ്യന്‍ ഗ്രാമങ്ങള്‍ സൈന്യം ചാമ്പലാക്കി

Published

|

Last Updated

റാഖിനെയില്‍ നിന്ന് ബംഗ്ലാദേശ് അതിര്‍ത്തിയിലെത്തിയ റോഹിംഗ്യന്‍ കുടുംബം

റാഖിനെ: റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരെ ക്രൂരമായ ആക്രമണവുമായി മ്യാന്മര്‍ സൈന്യം. റാഖിനെയിലെ പത്ത് റോഹിംഗ്യന്‍ ഗ്രാമങ്ങള്‍ കത്തി നശിപ്പിച്ചതായി മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കി. സാറ്റ്‌ലൈറ്റ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അവര്‍ ഇക്കാര്യം മുന്നോട്ടുവെച്ചത്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും വിലക്കേര്‍പ്പെടുത്തിയ റാഖിനെയിലെ യഥാര്‍ഥ അവസ്ഥ അവ്യക്തമാണ്. അതേസമയം, വെള്ളിയാഴ്ച മുതല്‍ ബംഗ്ലാദേശ് അതിര്‍ത്തിയിലേക്ക് മൂവായിരത്തോളം റോഹിംഗ്യകള്‍ പലായനം ചെയ്‌തെത്തിയിട്ടുണ്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഒരാഴ്ചക്കിടെ നൂറിലധികമാളുകള്‍ റാഖിനെയില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും മ്യാന്മര്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
എന്നാല്‍ യഥാര്‍ഥ കണക്ക് ഇതിലും അധികമാണെന്ന് ആക്രമണത്തിനിരയായ ദൃക്‌സാക്ഷികള്‍ വ്യക്തമാക്കുന്നു. ന്യൂനപക്ഷ വിഭാഗങ്ങളായ റോഹിംഗ്യന്‍ വംശജരെ ഇല്ലായ്മ ചെയ്യുകയെന്ന അജന്‍ഡയുടെ ഭാഗമാണ് സൈന്യത്തിന്റെ ക്രൂരതയെന്ന് പരക്കെ ആരോപണമുണ്ട്.

കഴിഞ്ഞ വര്‍ഷം റാഖിനെയില്‍ റോഹിംഗ്യകള്‍ക്കെതിരെ നടന്ന ക്രൂരകൃത്യങ്ങളെ കുറിച്ച് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് യു എന്‍ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നാന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പുറത്തുവിട്ടതിന് പിന്നാലെയാണ് റാഖിനെയില്‍ സൈനിക ആക്രമണം അരങ്ങേറിയത്. റോഹിംഗ്യകളുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന സായുധ സംഘത്തിന്റെ നേതൃത്വത്തില്‍ പോലീസുകാര്‍ക്ക് നേരെ ആക്രമണം നടന്നുവെന്നാരോപിച്ചാണ് ആക്രമണം അരങ്ങേറിയത്. കൊല്ലപ്പെട്ടവര്‍ തീവ്രവാദികളാണെന്ന ന്യായീകരണവുമായി മ്യാന്മര്‍ ചാന്‍സലര്‍ ആംഗ് സാന്‍ സൂക്കിയുടെ ഓഫീസ് രംഗത്തെത്തിയിരുന്നു.
എന്നാല്‍, സൈന്യവും പോലീസും അക്രമികള്‍ക്ക് പകരം റാഖിനെയില്‍ ജീവിക്കുന്ന സാധാരണക്കാരായ റോഹിംഗ്യന്‍ വംശജര്‍ക്ക് നേരെ ക്രൂരമായ ആക്രമണങ്ങള്‍ നടത്തുകയാണ്. ഇതിന്റെ ഭാഗമായാണ് ഗ്രാമം ചുട്ടെരിച്ചതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിച്ചു. മനുഷ്യാവകാശലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നത് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ആവശ്യമായത് ചെയ്യണമെന്ന് ഹ്യൂമെന്‍ റൈറ്റ്‌സ് വാച്ച് ആവശ്യപ്പെട്ടു.

കഴിഞ്ഞ ഒക്ടോബറിലുണ്ടായ റോഹിംഗ്യകള്‍ക്കെതിരായ വംശഹത്യാ ആക്രമണത്തില്‍ 100 കിലോമീറ്റര്‍ പരിധിയിലുള്ള പ്രദേശങ്ങള്‍ സൈന്യം അഗ്നിക്കിരയാക്കിയിരുന്നു. രാജ്യത്തെ ബുദ്ധതീവ്രവാദികളും സൈന്യത്തിനൊപ്പമോ മൗനാനുവാദത്തോട് കൂടെയോ ഇത്തരം വംശഹത്യാ ആക്രമണങ്ങള്‍ക്ക് മുന്‍പന്തിയിലുണ്ടായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെടുകയും നൂറ് കണക്കിന് സ്ത്രീകളും പെണ്‍കുട്ടികളും ബലാത്സംഗത്തിന് ഇരയാകുകയും ചെയ്തിരുന്നു. അയല്‍രാജ്യമായ ബംഗ്ലാദേശില്‍ 87,000 ത്തോളം പേര്‍ അഭയാര്‍ഥികളായി എത്തിയിട്ടുണ്ട്.

റാഖിനെയിലെ റോഹിംഗ്യന്‍ കൂട്ടക്കൊലക്കെതിരെ യു എന്‍ മനുഷ്യവാകാശ സമിതി സ്വീകരിച്ച നിലപാടിനെ പുച്ഛിച്ച് തള്ളുകയാണ് സമാധാന നോബെല്‍ ജേതാവ് കൂടിയായ ആംഗ് സാന്‍ സൂകി ചെയ്തത്. ഈ വിഷയത്തില്‍ ദൃക്‌സാക്ഷികളുമായി നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ച യു എന്‍ റിപ്പോര്‍ട്ട് അംഗീകരിക്കാനോ സൈന്യത്തിനെതിരെ നടപടി സ്വീകരിക്കാനോ സര്‍ക്കാര്‍ സന്നദ്ധമായിട്ടില്ല.

Latest