മാധ്യമ ധര്‍മവും മാധ്യമ ധര്‍മന്മാരും

Posted on: August 30, 2017 6:04 am | Last updated: August 30, 2017 at 7:39 am

മനുഷ്യര്‍ അവരവര്‍ക്കിഷ്ടമുള്ളത് മാത്രമേ വിശ്വസിക്കുകയുള്ളൂ. മാത്രമല്ല, അവരവര്‍ക്ക് വിശ്വസിക്കാന്‍ സാധിക്കുന്നത് മാത്രമേ ഇഷ്ടപ്പെടുകയും ഉള്ളൂ. കെ ആര്‍ മീരയുടെ മാധ്യമധര്‍മന്‍ എന്ന കഥ തുടങ്ങുന്നത് ഈ വാചകത്തോടെയാണ്. വിശ്വാസത്തെക്കുറിച്ച് ഇത്ര അര്‍ഥവത്തായ മറ്റൊരു നിര്‍വചനം വേറെ ആരാണ്, വേറെ എവിടെ നിന്നാണ് നമ്മള്‍ക്ക് ലഭിച്ചിട്ടുള്ളത്? ഈ ഒറ്റ വാചകം കൊണ്ട് തന്നെ കെ ആര്‍ മീര മലയാള ചെറുകഥക്ക് തിലകക്കുറി ചാര്‍ത്തിയിരിക്കുന്നു. ഇനി നമുക്ക് കഥയിലേക്കു കടക്കാം.

മലയാളിയുടെ മനസ്സ് ഇന്ന് ആകെ കൂടി മാധ്യമസൃഷ്ടിയാണ്. പണ്ടത്തെക്കാലമൊന്നുമല്ല ഇത്, രാവിലെ വായിക്കാന്‍ ഇംഗ്ലീഷ് കൂടാതെ ഒരു ഡസനിലേറെ പത്രങ്ങള്‍. മുഴുവന്‍ വായിക്കാന്‍ ഒരു ദിവസമല്ല, ഒരാഴ്ച വിനിയോഗിച്ചാലും മതിയാവില്ല. അതിനു പുറമെയാണ് 24 മണിക്കൂറും സജീവമായ ടെലി(വിഷം)വിഷ്വല്‍ ചാനലുകള്‍. അവയുടെ എണ്ണം തിട്ടപ്പെടുത്താന്‍ രണ്ടു കൈകളിലായി ദൈവം നല്‍കിയിരിക്കുന്ന പത്തു വിരലുകളൊന്നും പോര.

ഒരു സൗകര്യത്തിനു വേണ്ടി രണ്ടു കാല്‍പ്പാദങ്ങളിലെ പത്തു വിരലുകളും കൂടി പ്രയോജനപ്പെടുത്തിയാലും മലയാള ചാനലുകളുടെ എണ്ണം തിട്ടപ്പെടുത്താനാകില്ല. ചാനലുകളുടെ സൂകരപ്രസവം ഇങ്ങനെ പെരുകി വരുന്നതിനിടയിലാണ് സോഷ്യല്‍ മീഡിയ എന്നു നാമകരണം ചെയ്യപ്പെട്ടിട്ടുള്ള മൊബൈല്‍ ആപ്പുകളുടെ ആപ്പുപണിയല്‍. എസ് എം എസില്‍ തുടങ്ങി വാട്‌സ് ആപ്പില്‍ കുടുങ്ങി ഫെയ്‌സ്ബുക്കിലും സ്വന്തമായി വാടകക്കെടുത്ത വെബ്‌സൈറ്റ് തലങ്ങളിലും കയറിഇറങ്ങി വാര്‍ത്തകള്‍ ഗ്രഹിച്ചു കളയാം എന്നു ഏതെങ്കിലും ഒരു നിര്‍ഭാഗ്യവാന്‍ തീരുമാനിച്ചാല്‍ അയാളുടെ ജന്മം പാഴായത് തന്നെ. കാരണം കാലം ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കുന്നില്ല. എന്റെ പിന്നാമ്പുറത്ത് കാലത്തിന്റെ ചിറകു പിടിപ്പിച്ച രഥം സദാ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത് ഞാന്‍ അറിയുന്നു എന്ന് ആംഗല കവി ആന്‍ഡ്രു മാര്‍വലിന്റെ നിരീക്ഷണം നമുക്കെല്ലാവര്‍ക്കും ബാധകമാണ്. അതിനാല്‍ നമുക്കു പത്രവായന നിറുത്തി സാഹിത്യ വായനയിലേക്കു പ്രവേശിക്കാം. എങ്കില്‍ മാത്രമേ കെ ആര്‍ മീരയുടെ മാധ്യമധര്‍മ്മന്‍ പോലുള്ള കഥകളിലൂടെ അനാവൃതമാകുന്ന സാമൂഹ്യയാഥാര്‍ഥ്യങ്ങളിലേക്കു നമുക്കു നമ്മുടെ കണ്ണുകള്‍ തുറക്കാനാകൂ.

ഈ കഥയുടെ അവസാനഭാഗത്ത് കഥയിലെ മുഖ്യകഥാപാത്രമായ ധര്‍മന്‍സാറ് തന്റെ സ്ഥാപനത്തിലേക്ക് നിയമനം പ്രതീക്ഷിച്ച് കൂടിക്കാഴ്ച പരീക്ഷക്കെത്തിയ ഒരു ഉദ്യോഗാര്‍ഥിയുടെ വിചാരങ്ങളുടെ പൂട്ടു തുറക്കുന്ന ഒരു രംഗം ഉണ്ട്. അതിപ്രകാരം ആയിരുന്നു ആദ്യത്തെ ചോദ്യം: വാര്‍ത്ത എന്നാലെന്താണ്? എന്നിട്ട് എന്നു കേള്‍വിക്കാരെകൊണ്ടു ചോദിപ്പിക്കുന്നതാണ് വാര്‍ത്ത. അടുത്ത ചോദ്യം വാര്‍ത്തകള്‍ എത്ര തരമുണ്ട്.? നാലുതരം. ഏതൊക്കെ? ഇപ്പോഴത്തേക്കുള്ളത്(For this moment)ഇന്നത്തേക്കുള്ളത് (For today) നാളത്തേക്കുള്ളത് (For tomorrow) എന്നത്തേക്കുമുള്ളത്(For ever) ചോദ്യകര്‍ത്താവിനു തൃപ്തിയായി. എങ്കിലും അയാള്‍ പിന്‍വാങ്ങിയില്ല. അന്നത്തെ പത്രം മുന്നിലേക്കിട്ടു കൊടുത്തു കൊണ്ട് ഈ നാലു വിഭാഗം വാര്‍ത്തകള്‍ക്കുമുള്ള ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ ആവശ്യപ്പെട്ടു. ഉദ്യോഗാര്‍ഥി പത്രം ഓടിച്ചു നോക്കിയിട്ട് പറഞ്ഞു. അടുക്കള ചെലവ് കുതിച്ചുയരുന്നു.

(ഇപ്പോഴത്തെക്കുള്ളത്) രാഷ്ട്രപതി ഇന്ന് കൊച്ചിയില്‍.(ഇന്നത്തേക്കു മാത്രമുള്ള വാര്‍ത്ത) നടിയെ ആക്രമിച്ച കേസില്‍ സിം കാര്‍ഡും ഫോണും കണ്ടെത്തി. (നാളത്തേക്കുള്ള വാര്‍ത്ത). ആതിരപ്പള്ളി മരം മുറിക്കാന്‍ അപേക്ഷ (എന്നത്തേക്കുമുള്ളത്.)
ചോദ്യകര്‍ത്താവിനെ വിയര്‍പ്പിച്ച ഉത്തരങ്ങള്‍ ഉദ്യോഗാര്‍ഥിയെ മുട്ടു കുത്തിച്ചേ അടങ്ങൂ എന്ന വാശിയില്‍ അടുത്ത ചോദ്യം. പുതിയ ഒരു ചാനല്‍ ആരംഭിക്കാന്‍ പറ്റിയ വാര്‍ത്ത എന്താണ്? ഉത്തരത്തിനു താമസം ഉണ്ടായില്ല. ഒന്ന് വിമാനാപകടം, രണ്ട് ലൈംഗികാപവാദം, ഉത്തരം കേട്ടു സംതൃപ്തനായ ചോദ്യകര്‍ത്താവിന്റെ അടുത്ത ചോദ്യം ഇതു രണ്ടും ഉണ്ടാക്കാന്‍ ഒരു മാധ്യമപ്രവര്‍ത്തകന് സാധിക്കുമോ? ആദ്യത്തേത് എന്നെക്കൊണ്ടു പറ്റില്ല. പക്ഷേ രണ്ടാമത്തേത് പറ്റും. ഉദ്യാഗാര്‍ഥിയുടെ മറുപടി. കൂടുതലൊന്നും ചോദിക്കണമെന്ന് ചോദ്യകര്‍ത്താവിന് തോന്നിയില്ല. ഉടന്‍ വന്നു അന്തിമ പ്രതികരണം. യു ആര്‍ അപ്പോയിന്റഡ്. അങ്ങനെ നമ്മുടെ ഈ കഥയിലെ ഉദ്യോഗാര്‍ഥി പ്രസിദ്ധമായ മാധ്യമസ്ഥാപനത്തില്‍ സ്ഥിരം ജീവനക്കാരിയായി.
ഇനി നമുക്കു കഥയുടെ ഏടു പിന്നോട്ട് മറിക്കാം. കഥയിലെ പ്രധാന കഥാപാത്രം മാധ്യമധര്‍മത്തിന്റെ പവിത്രതയില്‍ ആണയിട്ടു വിശ്വസിക്കുന്ന ധര്‍മന്‍ സാറാണെന്നു ആദ്യം തോന്നാം. തുടര്‍ന്നു വായിക്കുമ്പോള്‍ ധര്‍മന്‍ സാറിനെ പിന്‍ തള്ളി ഐ ജി റോമിയോ പാട്ടത്തില്‍ എന്ന പോലീസ് ഓഫീസര്‍ കഥയുടെ മുഖ്യമര്‍മത്തില്‍ പിടി മുറുക്കുന്നു. സര്‍വീസിലിരിക്കുമ്പോഴും ഈ പ്രതിഭാശാലി പൊതുജനത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നു. അതാണല്ലോ, നമ്മളിപ്പോള്‍ കാണുന്നത്.

സ്രാവുകള്‍ക്കൊപ്പം നീന്തുന്നവരും സ്രാവുകളാല്‍ വേട്ടയാടപ്പെടുന്നവരും എന്നൊക്കെയുള്ള പേരുകളില്‍ ആത്മകഥയെഴുതി പുസ്തകചന്തയിലെ നല്ല വില്‍പന ചരക്കുകള്‍ ഉത്പാദിപ്പിക്കുന്നത് സര്‍ഗാത്മക സാഹിത്യകാരന്മാരോ ജനസേവനം ജീവിതവ്രതമാക്കിയ രാഷ്ട്രീയക്കാരോ അല്ല. പിന്നെയോ, അടുത്തൂണ്‍ പറ്റി പിരിഞ്ഞ ഐ എ. എസ്സുകാരും ഐ പി എസ്സുകാരുമാണ്. ഇതാണ് നമ്മുടെ കാലം.
ഇനി കഥയുടെ മര്‍മം ക്രമസമാധാനപരിപാലന പടുവായ പാട്ടത്തില്‍ സാറെന്ന പോലീസ് ഓഫീസറിലേക്ക് മാറുകയാണ്. വീരശൂര പരാക്രമിയായ ഈ സാറിനെ മൂക്കു കൊണ്ട് ക്ഷ എഴുതിക്കുന്ന ധര്‍മന്‍ സാറിനെയാണ് നമ്മള്‍ മാധ്യമസ്ഥാപനത്തില്‍ ഉദ്യോഗാര്‍ഥിയായി എത്തിയ പെണ്‍കുട്ടിയുമായുള്ള സംഭാഷണരംഗത്ത് പരിചയപ്പെട്ടത്. പാട്ടത്തില്‍ സാര്‍ കോഴിക്കോട് റൂറല്‍ എസ് പി ആയി വിരാജിക്കുന്ന കാലത്താണ് കഥയുടെ ഇതള്‍ വിരിയുന്നത്. അദ്ദേഹത്തിന്റെ അനിയന്റെ കംപ്യൂട്ടര്‍ ഹോള്‍ സെയില്‍സ് സ്ഥാപനത്തില്‍ നിന്നും ഒരു മൗസ് മോഷണം പോയി. സ്ഥാപനത്തിലെ തൂപ്പുകാരിയായ ഷീലയാണ് മോഷ്ടാവ് എന്ന നിഗമനത്തില്‍ പാട്ടത്തില്‍ സാറ് ഷീലയെ ചോദ്യം ചെയ്തു തുടങ്ങുന്നു. മൗസ് എന്നു പറഞ്ഞത് മനസ്സിലായില്ലെന്നു ഷീല നടിച്ചതിനാല്‍ അത്തരം ഒന്ന് എടുത്ത് കാണിച്ചു കൊടുത്തു. ഇല്ല സാറെ ഞാനെടുത്തില്ല എന്ന് ഷീല നിഷേധിച്ചപ്പോള്‍ ചോദ്യം ചെയ്യല്‍ പതിവു പോലീസ് സ്റ്റൈലില്‍ പുരോഗമിച്ചു. ഇതാണ് നമ്മുടെ ലബ്ധപ്രതിഷ്ഠ നടത്തിയ കുറ്റാന്വേഷണ ശൈലി. അന്വേഷണ വിദഗ്ധന്മാര്‍ ആദ്യംതന്നെ കുറ്റവാളികളാരെന്ന ഒരു ഊഹത്തില്‍ എത്തുന്നു.

പിന്നെ അവര്‍ക്കു വേണ്ടത് തങ്ങള്‍ ഊഹിച്ചവര്‍ തന്നെയാണ് പ്രതി എന്നു തെളിയിക്കുകയാണ്. ഈ മാനസികാവസ്ഥയുടെ വിശ്വസാഹിത്യത്തിലെ മികച്ച ഉദാഹരണമാണല്ലോ സ്വന്തം സഹോദരിയുടെ ശിശുവിന്റെ വിശപ്പകറ്റാന്‍ ബേക്കറിയില്‍ നിന്നും ഏതാനും റൊട്ടിക്കഷ്ണങ്ങള്‍ മോഷ്ടിച്ചതിന്റെ പേരില്‍ നാട്ടിലെ സര്‍വമോഷണത്തിന്റെയും പാപഭാരം പേറേണ്ടി വന്ന ജീന്‍വാല്‍ജീന്‍ എന്ന വിക്ടര്‍ ഹ്യൂഗോയുടെ നോവലിലെ കഥാപാത്രം. അദ്ദേഹത്തെ വേട്ടയാടിയ ഫ്രഞ്ചു പോലീസിന്റെ കേരളീയ രൂപമാണ് മീരയുടെ കഥയിലെ കുറ്റാന്വേഷകനായ പാട്ടത്തില്‍ സാര്‍ എന്ന പോലീസ് സൂപ്രണ്ട്.
പീഡനം സഹിക്കാവുന്നതിനപ്പുറം എത്തിയപ്പോള്‍ ഷീല എന്ന തൂപ്പുകാരിക്ക് പറയേണ്ടി വന്നു. മോഷ്ടാവ് താന്‍ തന്നെയെന്ന്. എങ്കില്‍ തൊണ്ടി വസ്തു എവിടെ? പോലീസ് സുപ്രണ്ടിന്റെ മണ്ടന്‍ ചോദ്യത്തിന് ഓരോരോ ഉത്തരങ്ങള്‍ പറഞ്ഞു. ഷീല അയാളെ കബളിപ്പിക്കുന്നത് കാണുമ്പോള്‍ ആരും തലയില്‍ കൈ വെച്ചു പറഞ്ഞു പോകും ഈ ഐ പി എസ്സുകാരനേക്കാള്‍ എത്രയേറെ ബുദ്ധി ദൈവം നമ്മുടെ പാവപ്പെട്ട തൂപ്പുകാരിക്ക് നല്‍കിയിരിക്കുന്നു. ആ തൂപ്പുകാരിയെക്കുറിച്ചു കഥാകൃത്തിനു പറയാനുള്ളതെന്താണെന്നു കേള്‍ക്കുക. അവര്‍ ഒരു തെറിച്ച സ്ത്രീയായിരുന്നു. കറുത്ത് മെലിഞ്ഞ് ഊതിയാല്‍ പറന്നു പോകുമെന്ന് തോന്നുവെങ്കിലും ആരെയും വകവെക്കാത്തവളും ഒന്നിനെയും കൂസാത്തവളും. അച്ഛനും അമ്മയും പണ്ടെ മരിച്ചതിനാല്‍ പുവര്‍ഹോമില്‍ വളരേണ്ടി വരികയും അവിടെ നിന്നും 17 -ാം വയസ്സില്‍ ഒരു ലോറിക്കാരന്റെ കൂടെ ഒളിച്ചോടിയവളും. അയാള്‍ക്ക് വേറെയും ഭാര്യമാരുണ്ട് എന്നറിഞ്ഞ് അയാളുടെ കരണക്കുറ്റിക്ക് ഒന്ന് കൊടുത്ത് ഇറങ്ങിപ്പോന്നവളും ആയ ഒരുത്തി. പിന്നീട് ഒരു വൃദ്ധസദനത്തില്‍ ജോലിക്കു കയറുകയും വീടും കൂടും ഇല്ലാത്തതുകൊണ്ട് അമ്മയെ അവിടെക്കൊണ്ടാക്കിയ രമേശന്‍ എന്നൊരുവനെ പരിചയപ്പെടുകയും ചെയ്തു. എല്ലാ ഞായറാഴ്ചയും മുടങ്ങാതെ അമ്മയെ സന്ദര്‍ശിക്കുകയും അവര്‍ക്കു കാശും മരുന്നും പലഹാരങ്ങളും സമ്മാനിക്കുകയും ചെയ്ത രമേശന്‍ അമ്മ മരിച്ചപ്പോള്‍ എനിക്കിനി ആരുമില്ല എന്നു നെഞ്ചത്തടിച്ചു നിലവിളിച്ചെന്നും അപ്പോള്‍ ഷീല ഇറങ്ങി ചെന്ന് നാണമില്ലാതെ കിടന്നു കാറാതെ മനുഷ്യാ തല്‍ക്കാലം ഞാന്‍ പോരെന്നു ചോദിച്ചെന്നും, രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ഒരു താലിയും, സാരിയുമായി വന്ന് വിളിച്ചിറക്കിയെന്നുമാണ് കേള്‍വി. കല്യാണം കഴിക്കുന്ന കാലത്ത് രമേശന്റെ പേരില്‍ ഒരു കൊലക്കേസും രണ്ടു തല്ലു കേസും മാത്രമേയുണ്ടായിരുന്നുള്ളൂ.

പിന്നെ മകള്‍ ജനിച്ച് അവളെ സ്‌കൂളില്‍ ചേര്‍ത്തപ്പോഴേക്കും തല്ല് കേസ് ഏഴ്. അതില്‍ നാലെണ്ണത്തില്‍ ശിക്ഷിക്കപ്പെട്ടു. പിന്നീടാണ് ഷീലക്കു പാട്ടത്തില്‍ സാറിന്റെ അനുജന്റെ സ്ഥാപനത്തില്‍ സ്ഥിരമായി ഒരു ജോലി ആവശ്യമായി വന്നത്. അന്നാളില്‍ ഒരു ദിനം ആണ് മൗസ് മോഷണം എന്ന കുറ്റാരോപണവും ആയി പാട്ടത്തില്‍ ഷീലയുടെ ജീവിതത്തിലേക്ക് കടന്നു വന്നു ആ ജീവിതം എന്നതു പോലെ സ്വന്തം ജീവിതവും കുളമാക്കുന്നത്.
സ്വന്തം അനുജന്റെ കടയിലെ മോഷണത്തിനു തുമ്പുണ്ടാക്കാന്‍ പാട്ടത്തില്‍ സാര്‍, ഷീലയുമായി കൊല്ലത്തേക്കു കുതിക്കുന്നതിനിടയിലാണ് മാധ്യമ മന്നന്‍ ധര്‍മന്‍ സാറുമായി സന്ധിക്കുന്നത്. ഇദ്ദേഹം കേരളത്തിലെ മറ്റ് ഏതൊരു ബുദ്ധിജീവിയെയും പോലെ പേരെടുത്ത ഒരു മദ്യപാനിയാണ്. അതേക്കുറിച്ച് കഥാകൃത്ത് ഇങ്ങനെ പറയുന്നു. മൂന്നാമത്തെ പെഗിനു തലമുടിയും നാലാമത്തെ പെഗിനു താടിമീശയും, അഞ്ചാമത്തെ പെഗിന് ഉടുതുണിയും ഫിറ്റാകുകയും വൈകാതെ ഫ്‌ളാറ്റാകുകയുമാണ് നമ്മളില്‍ പലരുടെയും രീതിയെങ്കില്‍ മദ്യപിക്കുന്തോറും യൗവനവും , ഗാംഭീര്യവും, വര്‍ധിക്കുന്ന പ്രകൃതക്കാരനായിരുന്നു ഈ ധര്‍മന്‍ സാര്‍. മനുഷ്യരെ സംബന്ധിച്ചിടത്തോളം മദ്യവും, പണവും പ്രേമവും ഒരു പോലെയാണ്. ഉള്ളില്‍ ഒളിച്ചു വെക്കുന്ന യഥാര്‍ഥമനുഷ്യനെ അവ പുകച്ചു പുറത്തു ചാടിക്കും. സത്യം ഇതായിരിക്കെ ധര്‍മന്‍ സാറിന്റെ ഒരു പതിവ് മാതൃക മദ്യപാനം കഴിഞ്ഞ് വണ്ടി ഇഴഞ്ഞിഴഞ്ഞ് രാത്രി പത്തുമണിക്ക് നീണ്ടകര പാലത്തിലെത്തിയപ്പോഴാണ് എതിരെ പാട്ടത്തില്‍ സാര്‍ തൊണ്ടി മുതല്‍ വീണ്ടെടുക്കാനുള്ള ആവേശത്തില്‍ സ്വയം പ്രതിസ്ഥാനത്ത് നിലയുറപ്പിച്ച ഷീലയുമായി സഞ്ചരിച്ച വണ്ടിയുമായി സന്ധിച്ചത്. സ്വാഭാവികമായും രണ്ടു വണ്ടികളും പരസ്പരം ഏറ്റുമുട്ടി. അന്നു മുതല്‍ ഈ ഏറ്റുമുട്ടല്‍ ഇരുവരും തമ്മില്‍ ഉള്ള ഒരു തരം പരോക്ഷ സൗഹാര്‍ദമായി വളര്‍ന്നു. പോലീസ് ഓഫീസര്‍, മാധ്യമപ്രഭുവിന്റെ ആശ്രിതനായി മാറി. കായികശക്തിയെ ബുദ്ധിശക്തി കീഴ്‌പ്പെടുത്തിയതിന്റെ വിവരണമാണ് തുടര്‍ന്നുള്ള കഥയുടെ പരിണാമഗുപ്തി.

ഇതിനെല്ലാം മൂകസാക്ഷിയായി വളര്‍ന്നു വന്നു ഷീലയുടെ ഒപ്പം ഉണ്ടായിരുന്ന അവരുടെ മകളാണ് കഥയിലെ പത്രപ്രവര്‍ത്തകയായി ധര്‍മന്‍ സാറിന്റെ സ്ഥാപനത്തില്‍ ചേര്‍ന്നതും ആദ്യം പറഞ്ഞ കൂടിക്കാഴ്ചയില്‍ ചോദ്യകര്‍ത്താവിനെ മുട്ടുകുത്തിക്കുന്നതും എന്നിടത്താണ് കഥയുടെ സസ്‌പെന്‍സ്.
സ്വയം കൃതാനനര്‍ഥങ്ങളുടെ ചെളിക്കുഴിയില്‍ മൂക്കറ്റം മുങ്ങിയ പാട്ടത്തില്‍ സാറിനെ ആത്മഹത്യ ചെയ്ത അവസ്ഥയില്‍ കണ്ടെത്തിയതും ആത്മഹത്യാക്കുറിപ്പില്‍ ധര്‍മന്‍ സാറിന്റെ പേരെടുത്തു പറഞ്ഞതും അതിന്റെ പേരില്‍ ധര്‍മന്‍ സാര്‍ ആത്മഹത്യ ചെയ്തതും പത്രമാധ്യമലോകത്തെ ആകെ മാനം ഇളക്കി മറിച്ചു. ആ ഇളകി മറിയലിന്റെ മധ്യത്തില്‍ നിന്നു കൊണ്ട് ജനങ്ങളെ അഭിസംബോധന ചെയ്യുന്ന ഷീലയുടെ മകള്‍ പത്രപ്രവര്‍ത്തന രംഗത്തെ ഒരു പുതുതലമുറയുടെ അരങ്ങേറ്റമാണ് കുറിക്കുന്നത്. അവള്‍ക്കു സര്‍വവിധ ഭാവുകങ്ങളും ആശംസിക്കാന്‍ നമ്മള്‍ നിര്‍ബന്ധിതരായി തീരുന്നു. അതിന് വഴിയൊരുക്കിയ കെആര്‍ മീരയെ നമ്മള്‍ക്ക് അഭിവാദ്യം ചെയ്യാം.