പീഡനശ്രമം: ബി ജെ പി സംസ്ഥാന അധ്യക്ഷന്റെ മകന് ജാമ്യമില്ല

Posted on: August 29, 2017 11:23 pm | Last updated: August 29, 2017 at 11:27 pm

ചണ്ഡീഗഢ്: യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ ഹരിയാന ബി ജെ പി അധ്യക്ഷന്‍ സുഭാഷ് ബരലയുടെ മകനും സുഹൃത്തുക്കള്‍ക്കും ജാമ്യം ലഭിച്ചില്ല. വികാസ് ബരലയും സുഹൃത്ത് ആശിഷ് കുമാറും സമര്‍പ്പിച്ച ജാമ്യ ഹരജി സിവില്‍ കോടതി ജഡ്ജി ബര്‍ജീന്ദര്‍ പാല്‍ സിംഗ് തള്ളി. ഇരുവരും ഈ മാസം ഒമ്പതിനാണ് അറസ്റ്റിലായത്. മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥന്റെ മകളെയാണ് വികാസും സുഹൃത്തും തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

സംഭവം നടന്ന ദിവസം തന്നെ, യുവതിയുടെ പരാതിയില്‍ ഇരുവരെയും അറസ്റ്റ് ചെയ്തിരുന്നെങ്കിലും ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. ഐ പി സി, മോട്ടോര്‍ വെഹിക്കിള്‍ ആക്ട് എന്നിവയിലെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് അന്ന് ഇവര്‍ക്കെതിരെ ചുമത്തിയത്.

പിന്നീട് നടന്ന അന്വേഷണത്തെ തുടര്‍ന്ന് വികാസിനെയും സുഹൃത്തിനെയും തട്ടിക്കൊണ്ടുപോകല്‍ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ മാസം 25ന് കോടതിയില്‍ ഹാജരാക്കിയ ഇവരെ സെപ്തംബര്‍ ഏഴ് വരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.