കനത്ത മഴ: മഹാരാഷ്ട്രയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു

  • സംസ്ഥാനത്തിനാവശ്യമായ സഹായങ്ങളെല്ലാം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
  • 2005 ജൂലൈയില്‍ ഉണ്ടായ പേമാരിക്കുശേഷം മുംബൈ നഗരത്തിലുണ്ടായ വലിയ മഴദുരിതമാണിത്
Posted on: August 29, 2017 10:01 pm | Last updated: August 30, 2017 at 12:02 am

മുംബൈ: കനത്തമഴയെ തുടര്‍ന്ന് ജനജീവിതവും ഗതാഗതവും സ്തംഭിച്ചതിനെത്തുടര്‍ന്ന് മഹാരാഷ്ട്രയില്‍ നാളെ(ബുധനാഴ്ച)സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.
കഴിഞ്ഞ നാലുദിവസമായി കനത്ത മഴ തുടരുകയാണ്. ശനിയാഴ്ച തുടങ്ങിയ മഴ ചൊവ്വാഴ്ച പുലര്‍ച്ചെയും ശക്തമായി തുടര്‍ന്നതോടെ നഗരത്തിന്റെ താഴ്ന്ന പലഭാഗങ്ങളിലും വെള്ളക്കെട്ടുകള്‍ നിറഞ്ഞു. റോഡുകള്‍ പലതും വെള്ളത്തിനടിയിലായി. റെയില്‍ റോഡ് ഗതാഗതം തടസ്സപ്പെട്ടു. പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി സംസാരിച്ച് സ്ഥിഗതികള്‍ വിലയിരുത്തി. സംസ്ഥാനത്തിനാവശ്യമായ സഹായങ്ങളെല്ലാം നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

അടുത്ത 24 മുതല്‍ 48 മണിക്കൂര്‍ വരെ സംസ്ഥാനത്ത് കനത്ത മഴയായിരിക്കുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. ഗുജറാത്തിലേക്കും ഗോവയിലേക്കും മഴ കടക്കുകയാണെന്നും ഈ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കിയതായും കാലാവസ്ഥാ വിദഗ്ധര്‍ പറഞ്ഞു.

2005 ജൂലൈയില്‍ ഉണ്ടായ പേമാരിക്കുശേഷം മുംബൈ നഗരത്തിലുണ്ടായ വലിയ മഴദുരിതമാണിത്. നാട്ടുകാരോട് അത്യാവശ്യമില്ലെങ്കില്‍ പുറത്തിറങ്ങരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.