Connect with us

Gulf

വിമാനക്കമ്പനികളുടെ പേരില്‍ വാട്‌സ്ആപ് വഴി തട്ടിപ്പ്

Published

|

Last Updated

ഷാര്‍ജ: എമിറേറ്റ്‌സ് എയര്‍വേയ്‌സ് 32 ാം വാര്‍ഷികത്തോടനുബന്ധിച്ച് ആദ്യ 500 ഭാഗ്യവാന്‍മാര്‍ക്ക് രണ്ട് വിമാന ടിക്കറ്റുകള്‍ സൗജന്യമായി ലഭിക്കുന്നുവെന്ന സന്ദേശം വാട്‌സ്ആപ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നു. ഇത്തിഹാദ്, ഖത്വര്‍ എയ ര്‍വേഴ്‌സ് തുടങ്ങിയ വിമാന കമ്പനികളുടെ പേരിലും ഇതേ ഓഫര്‍ മെസേജുകള്‍ പലര്‍ക്കും കിട്ടി. മറ്റ് ചിലര്‍ക്ക് ചില വിമാനങ്ങളുടെ വാര്‍ഷിക ഭാഗ്യക്കുറിയാണ് വാട്‌സ്ആപ് വഴി ലഭിച്ചത്.

ലിങ്കില്‍ ക്ലിക്ക് ചെയ്ത് മൂന്ന് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയവര്‍ സമ്മാനം ലഭിക്കാനായി മറ്റു എട്ട് സുഹൃത്തുക്കള്‍ക്കോ ഗ്രൂപ്പുകളിലേക്കോ ഷെയര്‍ ചെയ്യുകയോ ചെയ്തു.
ഇങ്ങനെയാണ് ഈ സന്ദേശം വ്യാപകമായി പ്രചരിച്ചത്. ടിക്കറ്റ് സ്വീകരിക്കാനായി അടുത്ത ഓപ്ഷനുകളിലേക്ക് പോയവര്‍ക്കാണ് അമളി മനസ്സിലായത്. സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തി തട്ടിപ്പുനടത്തുന്ന സൈബര്‍ കുറ്റവാളികളുടെ മറ്റൊരു വേലയായിരുന്നു ഇത്. സൗജന്യ സമ്മാനം എന്നു കണ്ടപ്പോഴേക്കും ലിങ്കില്‍ ക്ലിക്ക് ചെയ്ത് മറ്റു ഗ്രൂപ്പുകളിലേക്ക് ഷെയര്‍ ചെയ്തവാരാണ് ഏറെയും.

സമ്മാനങ്ങളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്ത് നടത്തുന്ന സൈബര്‍ തട്ടിപ്പുകളുടെ പുതിയ രൂപങ്ങളിലൊന്നായാണ് വിമാന കമ്പനികളുടെ വാര്‍ഷിക സമ്മാനസന്ദേശം കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിക്കപ്പെട്ടത്. സമാന സ്വഭാവത്തില്‍ രണ്ടും മൂന്നും മെസേജുകള്‍കൂടി ലഭിച്ചപ്പോഴാണ് ചിലര്‍ക്ക് സംശയം തോന്നിയത്. ഫെയ്‌സ്ബുക്, ഗൂഗിള്‍ വഴി ലോഗിന്‍ ചെയ്യാനുള്ള നിര്‍ദേശത്തിലൂടെയും മറ്റു സ്വകാര്യ വിവരങ്ങള്‍ ആരാഞ്ഞുകൊണ്ടുള്ള രജിസ്‌ട്രേഷനിലൂടെയും മോഹിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ നല്‍കി വെബ്‌ലിങ്കില്‍ ക്ലിക്ക് ചെയ്യിപ്പിച്ച് ഹിറ്റ് ഉയര്‍ത്തുന്നതിനും മറ്റു തട്ടിപ്പുകള്‍ക്കും മാല്‍വെയര്‍ പ്രാക്ടീസുകള്‍ക്കുമായി പ്രവര്‍ത്തിക്കുന്നവരാണ് ഇത്തരം മെസേജുകള്‍ക്കു പിന്നിലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

ഇത്തരം മെസേജുകള്‍ വരുമ്പോള്‍ വെബ് വിലാസമോ അതിലെ അക്ഷരങ്ങളോ ഒന്നും ശ്രദ്ധിക്കാതെ തട്ടിപ്പുകള്‍ക്കും വൈറസ് ആക്രമണങ്ങള്‍ക്കും ഇരകളാകുന്നവര്‍ നിരവധിയാണ്. വാട്‌സ് ആപിന്റെ പേരില്‍ വരെ വിവിധ സേവനങ്ങളും ആനുകൂല്യങ്ങളും അറിയിച്ച് സന്ദേശങ്ങള്‍ വരുന്നുണ്ട്.
ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ ആഭ്യന്തര മന്ത്രാലയവും പോലീസിനു കീഴിലെ സൈബര്‍ സുരക്ഷാ വിഭാഗവും നിരന്തരമായി ആവശ്യപ്പെടാറുണ്ട്.

Latest