Connect with us

Gulf

നിറഞ്ഞൊഴുകി മിനാ താഴ്‌വാരം; വിശുദ്ധ ഹജ്ജിന് ഇന്ന് തുടക്കം

Published

|

Last Updated

മക്ക: ഇബ്‌റാഹീം നബിയുടെയും മകന്‍ ഇസ്മാഈല്‍ നബിയുടെയും ത്യാഗ സ്മരണകള്‍ പുതുക്കി,നാഥന്റെ വിളിക്കുത്തരംനല്‍കി കൊണ്ട് ഹാജിമാര്‍ മിനയിലേക്ക് എത്തിതുടങ്ങി. മക്കയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള മിനായിലേക്കുള്ള വിശ്വാസികളുടെ ഒഴുക്ക് തുടങ്ങി.

ശുഭ്രവസ്ത്രധാരികളായ ഹാജിമാര്‍ മിനാ താഴ്‌വരയില്‍ എത്തിതുടങ്ങിയതോടെ മിനാ താഴ്വര ലബ്ബൈക്കയുടെ മന്ത്രധ്വനികളാല്‍ മുഖരിതമായി. ജീവിതയുസ്സു മുഴുവന്‍ മനസ്സില്‍ കൊണ്ട് നടന്ന ഹജ്ജു എന്ന സ്വപ്നം സാക്ഷാല്‍കരിക്കാനുള്ള അവസരം ലഭിച്ച സന്തോഷത്തിലാണ് തീര്‍ഥാടകര്‍.

ഹജ്ജ് കൺട്രോൾ റൂം

ഇന്ത്യന്‍ ഹജ്ജ് മിഷന് കീഴില്‍ വന്ന ഹാജിമാര്‍ മിനയിലേക്കുള്ള യാത്ര ആരംഭിച്ചു കഴിഞ്ഞു.കിങ് അബ്ദുല്ല റോഡിനു സമീപമാണ് ഇന്ത്യയില്‍നിന്നു വന്ന ഹാജിമാരുടെ തമ്പുകള്‍. ഇവര്‍ രണ്ടു നാള്‍ മിനായില്‍ താമസിച്ച ശേഷം വ്യാഴാഴ്ച സുബഹി നമസ്‌കാര ശേഷം അറഫയിലേക്കുള്ള യാത്ര ആരംഭിക്കും.

ഈ വര്‍ഷം ഹജ്ജ് കമ്മിറ്റി വഴി 1,25,025 തീര്‍ഥാടകരാണുള്ളത്. കൂടാതെ 45,000 തീര്‍ഥാടകര്‍ സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് മുഖേനയാണ് ഹജ്ജ് കര്‍മ്മത്തിനെത്തിയിട്ടുള്ളത്. ഹാജിമാരില്‍ ഇതുവരെ 61 പേര്‍ മരണപെട്ടു.

ഹജ്ജ് സേവനങ്ങൾക്കായി മിനായിലെ ടെന്റുകൾക്ക് മുമ്പിൽ തയ്യാറായി നിൽക്കുന്ന സൗദി സിവിൽ ഡിഫെൻസ് ടീം

ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍, ഡപ്യൂട്ടി കോണ്‍സല്‍ ജനറലും ഹജ്ജ് കോണ്‍സലുമായ മുഹമ്മദ് ഷാഹിദ് ആലം എന്നിവര്‍ ഹജ്ജ് മിഷന്‍ മുഖേന വന്നവര്‍ക്ക് സുഗമമായി ഹജ് നിര്‍വഹിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി അറിയിച്ചു.

തീര്‍ത്ഥാടകര്‍ക്കായി 911 എന്ന പുതിയ ഹെല്‍പ്പ് നമ്പര്‍ നിലവില്‍ വന്നു. ഹാജിമാര്‍ക്ക് അപകടങ്ങളോ മറ്റോ സംഭവിച്ചാല്‍ ഹെല്‍പ്പ് നമ്പറിലേക്ക് വിളിച്ചാലുടന്‍ സഹയാവുമായി സുരക്ഷാ സേന പ്രത്യേക വിഭാഗം സഹായവുമായി രംഗത്തുണ്ടാകും. അറബി, ഉറുദു, ഫ്രഞ്ച്, ഇന്തൊനീഷ്യ, ഇംഗ്ലീഷ് എന്നീഭാഷകളില്‍ ഹാജിമാര്‍ക്ക് സേവനം ലഭ്യമാണ്.

ആശുപത്രിയിൽ കിടക്കുന്ന ഹാജിമാരെ സന്ദർശിക്കുന്ന ഹജ്ജ് മന്ത്രാലയം ഉദ്യോഗസ്ഥർ.

മിനായിലെ അറഫയിലും 45 ഡിഗ്രിയിലേറെ താപനില അനുഭവപ്പെടുമെന്ന് സഊദി കാലാവസ്ഥാ വിഭാഗം അറിയിച്ചു. ഹജ്ജിനിടെ സൂര്യാഘാതമേല്‍ക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം തീര്‍ത്ഥാടകരോട് അറിയിച്ചു.

അടിയന്തിര സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ തയ്യാറായി നിൽക്കുന്ന എ എയർ ആംബുലൻസ്

മിനാ തമ്പുകളില്‍ അഞ്ചുനാള്‍ തങ്ങുന്ന ഹാജിമാര്‍ ഹജ്ജ് കര്‍മ്മങ്ങള്‍ പൂര്‍ത്തീകരിച്ച് മടക്കയാത്ര ആരംഭിക്കും തിരക്കിനിടയില്‍ അപകടമുണ്ടാവുന്നത് ഒഴിവാക്കാന്‍ വിപുലമായ സജ്ജീകരണങ്ങളാണ് സൗദിഭരണകൂടം ഒരുക്കിയത്.