ദിലീപിനെ കെണിയില്‍പെടുത്തിയത് സുനിയുടെ ശബ്ദ സന്ദേശം

Posted on: August 29, 2017 2:15 pm | Last updated: August 29, 2017 at 2:15 pm

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന് കുരുക്കായത് പള്‍സര്‍ സുനി അയച്ച സന്ദേശമാണ്. ”ദിലീപേട്ടാ കുടുങ്ങി” എന്ന ശബ്ദ സന്ദേശം സുനി ജയിലില്‍ വെച്ച് പോലീസുകാരന്റെ മൊബൈലില്‍ നിന്ന് ദിലീപിന് അയക്കുകയായിരുന്നു. കേസില്‍ ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ ഫോണ്‍ വഴി ബന്ധപ്പെട്ടതിന്റെ നിര്‍ണായക തെളിവായി മാറി ഇത്. പള്‍സര്‍ സുനിയുമായി പരിചയമില്ല എന്ന ദിലീപിന്റെ വാദം പൊളിക്കാന്‍ കോടതിയില്‍ പ്രോസിക്യൂഷന്‍ നിരത്തിയതും പിടിയിലായ ശേഷം പള്‍സര്‍ സുനി ദിലീപിന് അയച്ച ഈ സന്ദേശമാണ്.

കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയെ ആലുവ പോലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യാന്‍ കൊണ്ടുവന്നപ്പോഴാണ് സുനി ദിലീപിനെ വിളിക്കാന്‍ ശ്രമിച്ചത്.
അന്ന് പോലീസ് ക്ലബ്ബിലുണ്ടായിരുന്ന ഒരു പോലീസുകാരന്‍ മുഖേനെയാണ് സുനി ദിലീപിനേയും കാവ്യയേയും വിളിക്കാന്‍ ശ്രമിച്ചത്. ഈ പോലീസുകാരനെ സ്വാധീനിച്ചാണ് സുനി ഇത് ചെയ്തത്. ദിലീപേട്ടാ കുടുങ്ങി എന്ന ശബ്ദ സന്ദേശം സുനി പോലീസുകാരന്റെ മൊബൈലില്‍ നിന്ന് അയക്കുകയായിരുന്നു. അതിന് ശേഷം കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലേക്കും ഈ പോലീസുകാരന്റെ സഹായത്തോടെ വിളിക്കാന്‍ ശ്രമിച്ചിരുന്നു. അതുകഴിഞ്ഞ് പോലീസുകാരന്‍ തന്നെ സ്വന്തം നിലയ്ക്ക് ഇവരെ രണ്ടുപേരെയും വിളിക്കാന്‍ ശ്രമിച്ചതായും വിവരങ്ങള്‍ പുറത്തുവന്നു.