കനത്തമഴ: മുംബൈ വെള്ളപ്പൊക്ക ഭീതിയില്‍

Posted on: August 29, 2017 1:28 pm | Last updated: August 29, 2017 at 1:28 pm
SHARE

മുംബൈ: കനത്തമഴയെ തുടര്‍ന്ന് വെള്ളപ്പൊക്ക ഭീതിയില്‍ മുംബൈ.കഴിഞ്ഞ നാലുദിവസമായി കനത്ത മഴ തുടരുകയാണ്. ശനിയാഴ്ച തുടങ്ങിയ മഴ ചൊവ്വാഴ്ച പുലര്‍ച്ചെയും ശക്തമായി തുടര്‍ന്നതോടെ നഗരത്തിന്റെ താഴ്ന്ന പലഭാഗങ്ങളിലും വെള്ളക്കെട്ടുകള്‍ നിറഞ്ഞു.റോഡുകള്‍ പലതും വെള്ളത്തിനടിയിലായി. നഗരത്തിന്റെ പലഭാഗങ്ങളിലും അടുത്ത 48 മണിക്കൂര്‍ കനത്തമഴയ്ക്കു സാധ്യതയുണ്ടെന്നും അടിയന്തര ആവശ്യങ്ങളില്ലെങ്കില്‍ പുറത്തിറങ്ങരുതെന്നും ആളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.റെയില്‍ റോഡ് ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്. ലോക്കല്‍ ട്രെയിനുകള്‍ പശ്ചിമ റെയില്‍വേ റദ്ദാക്കിയിട്ടുണ്ട്. കനത്തമഴയും വെള്ളക്കെട്ടും ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

സിയോണ്‍, അന്ധേരി സബ്വേ, എന്നിവിടങ്ങളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടതായി രണ്ട് പരാതികള്‍ ലഭിച്ചതായി ബി എം സി അറിയിച്ചു. എന്നാല്‍ മാട്ടുംഗ, ദാദറിനു സമീപപ്രദേശങ്ങള്‍, ഹിന്ദ്മാത, വാഡല. ഘട്‌കോപര്‍, മുളുന്ദ് എന്നിവിടങ്ങളും വെള്ളക്കെട്ടുകള്‍ നിറഞ്ഞു. ഇവ ഗതാഗത തടസ്സത്തിനും കാരണമായിട്ടുണ്ട്.

മഴയുടെയും വെള്ളക്കെട്ടിന്റെയും കാര്യങ്ങള്‍ പലരും മറ്റുള്ളവരെ അറിയിക്കുന്നത് ട്വിറ്ററിലൂടെയാണ്. ട്വിറ്ററിലൂടെ മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്. ടൈഫൂണിനു സമാനമായ കാലാവസ്ഥയാണെന്ന് വ്യവസായി ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു. 2005 ന് ശേഷമുള്ള ഏറ്റവും കനത്തമഴയാണ് മുംബൈയില്‍ പെയ്യുന്നത്‌