ജപ്പാനുമുകളിലൂടെ മിസൈല്‍ പറത്തി ഉത്തരക്കൊറിയ

Posted on: August 29, 2017 1:15 pm | Last updated: August 29, 2017 at 1:15 pm

ടോക്കിയോ: ജപ്പാനു മുകളിലൂടെ മിസൈല്‍ പറത്തി വീണ്ടും ഉത്തര കൊറിയയുടെ പ്രകോപനം. പുലര്‍ച്ചെ ആറോടെ വിക്ഷേപിച്ച മിസൈല്‍ വടക്ക് ഹൊക്കൈഡോയ്ക്കു സമീപം പസഫിക് സമുദ്രത്തില്‍ പതിച്ചു. ‘അതീവ ഗൗരവമുള്ളതും ഉത്കണ്ഠ ഉളവാക്കുന്നതുമായ’ ഭീഷണിയാണിതെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ പ്രതികരിച്ചു.

രാജ്യസുരക്ഷയ്ക്കു വെല്ലുവിളിയാവുന്ന നീക്കത്തെ കര്‍ശനമായി നേരിടുമെന്നു ജപ്പാന്‍ അറിയിച്ചു. 2009നു ശേഷം ആദ്യമായാണു ജപ്പാനു മുകളിലൂടെ മിസൈല്‍ പറക്കുന്നത്. പോങ്‌യാങ്ങിനു സമീപത്തു സുനാന്‍ പ്രവിശ്യയില്‍നിന്നാണു മിസൈല്‍ വിക്ഷേപിച്ചതെന്നു ദക്ഷിണ കൊറിയ പറഞ്ഞു. നടപടിയെ ബ്രിട്ടന്‍ അപലപിച്ചു. 15 മിനിറ്റ് നേരം മിസൈല്‍ വായുവിലൂടെ പറന്നു. ജപ്പാനു മുകളിലൂടെ പറന്ന മിസൈല്‍ 1180 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് കടലില്‍ പതിച്ചു. മൂന്നു കഷണങ്ങളായി മിസൈല്‍ ചിന്നിച്ചിതറിയെന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തെ തുടര്‍ന്നു ജപ്പാന്‍ പ്രധാനമന്ത്രി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ഫോണില്‍ സംസാരിച്ചു. ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണം 40 മിനിറ്റ് നീണ്ടു. മേഖലയിലെ സുരക്ഷയെപ്പറ്റി ഇരുരാജ്യവും വിശദമായി ചര്‍ച്ച ചെയ്തു. ഉത്തര കൊറിയയുടെ നിരന്തര ഭീഷണിയുടെ പശ്ചാത്തലത്തില്‍ യുഎന്‍ രക്ഷാസമിതിയുടെ അടിയന്തര യോഗം ചേരാനും തീരുമാനമായി. വിഷയത്തില്‍ 100 ശതമാനവും ജപ്പാന്റെ കൂടെയുണ്ടെന്ന് ആബെയ്ക്ക് ട്രംപ് ഉറപ്പു നല്‍കി.