ഭാഗവത് പതാക ഉയര്‍ത്തിയത് വിലക്കിയ സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി

Posted on: August 29, 2017 9:38 am | Last updated: August 29, 2017 at 7:17 pm

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തില്‍ എയ്ഡഡ് സ്‌കൂളില്‍ ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് ദേശീയപതാക ഉയര്‍ത്തിയത് വിലക്കിയ സംഭവത്തെ കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി. ബി.ജെ.പി പാലക്കാട് ജില്ലാ പ്രസിഡന്റ് നല്‍കിയ പരാതിയിലാണ് ചീഫ് സെക്രട്ടറിയോട് കേന്ദ്രം വിശദീകരണം ആവശ്യപ്പെട്ടത്. ഇതു സംബന്ധിച്ചുള്ള പരാതിയില്‍ വ്യക്തമായ മറുപടി പരാതിക്കാരന് നല്‍കാനും പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിച്ചു.

വടക്കന്തറ കര്‍ണകിയമ്മന്‍ സ്‌കൂളില്‍ മോഹന്‍ ഭഗവത് ദേശീയ പതാക ഉയര്‍ത്തിയതാണ് വിവാദത്തിലായത്. മോഹന്‍ ഭഗവതിനെ കൊണ്ട് പതാക ഉയര്‍ത്തരുതെന്ന് ജില്ലാ കളക്ടര്‍ സ്‌കൂളധികൃതരോട് നിര്‍ദ്ദേശിച്ചിരുന്നു.
എയ്ഡഡ് സ്‌കൂളില്‍ പതാക ഉയര്‍ത്താന്‍ പ്രധാനാദ്ധ്യാപകനോ ജനപ്രതിനിധികള്‍ക്കോ മാത്രമാണ് അധികാരമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നാല്‍, ജില്ലാ കളക്ടറുടെ ഉത്തരവ് മറികടന്ന് മോഹന്‍ ഭഗവത് പതാക ഉയര്‍ത്തുകയായിരുന്നു. മോഹന്‍ ഭഗവത് പതാക ഉയര്‍ത്തിയതിന് ശേഷം സ്‌കൂളില്‍ വന്ദേമാതരം ചൊല്ലിയതും വിവാദമായി. വേദിയില്‍ നിന്ന് ഓര്‍മ്മപ്പെടുത്തിയപ്പോള്‍ മാത്രമാണ് ദേശീയ ഗാനം ആലപിച്ചത്.

മോഹന്‍ ഭഗവത് മടങ്ങിയ ശേഷം, ചട്ടലംഘനം ഉണ്ടാവാതിരിക്കുന്നതിന് പ്രധാനാദ്ധ്യാപകന്‍ വീണ്ടും ദേശീയ പതാക ഉയര്‍ത്തിയിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് കളക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു